ഗൾഫിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ റദ്ദാക്കൽ; ഗ്രേസ് മാർക്ക് ഉൾപ്പെടെ ചേർത്ത് ഫലം പ്രസിദ്ധീകരിക്കും
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഗൾഫിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ റദ്ദാക്കാനുള്ള നിർദേശത്തിന് സർക്കാർ അംഗീകാരം. എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് മോഡൽ പരീക്ഷയുടെ മാർക്ക് മാനദണ്ഡമാക്കി നിശ്ചിത ശതമാനം ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തി ഫലം പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
മോഡൽ പരീക്ഷ എഴുതാത്തവർക്ക് ഒന്നും രണ്ടും പാദവാർഷിക പരീക്ഷകൾ, പ്രീ മോഡൽ പരീക്ഷകൾ എന്നിവയുടെ മാർക്ക് പരിഗണിച്ചും നിശ്ചിത ശതമാനം ഗ്രേസ് മാർക്ക് ഉൾപ്പെടുത്തിയും ഫലം പ്രസിദ്ധീകരിക്കും. ഇതിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് സാഹചര്യം അനുകൂലമാണെങ്കിൽ മേയ് അവസാനം നടക്കുന്ന എസ്.എസ്.എൽ.സി സേ പരീക്ഷ എഴുതാൻ അവസരം നൽകും.
യു.എ.ഇയിലെ ഏഴ് പരീക്ഷ കേന്ദ്രങ്ങളിൽ 633 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ടിയിരുന്നത്. ഗ്രേസ് മാർക്ക് എത്ര ശതമാനം നൽകണമെന്നത് സംബന്ധിച്ച നിർദേശങ്ങൾ മോഡൽ പരീക്ഷയിലെ മാർക്ക് ഉൾപ്പെടെ താരതമ്യം ചെയ്ത് പരീക്ഷഭവൻ തയാറാക്കി സർക്കാറിന് സമർപ്പിക്കും.
രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷ റദ്ദാക്കുന്ന സാഹചര്യത്തിൽ ഇവരുടെ ഒന്നാം വർഷ തിയറി പരീക്ഷയുടെ മാർക്ക് രണ്ടാം വർഷ തിയറി മാർക്കായി പരിഗണിച്ചും രണ്ടാം വർഷം ലഭ്യമായ സി.ഇ, പ്രാക്ടിക്കൽ മാർക്കുകളും ചേർത്ത് ഫലം പ്രസിദ്ധീകരിക്കും. പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് ഒന്നാം വർഷ തിയറി പരീക്ഷയുടെ മാർക്ക് രണ്ടാം വർഷ തിയറി പരീക്ഷയുടെ മാർക്കായും അതോടൊപ്പം സി.ഇ മാർക്കും ചേർത്ത് ഫലം നൽകും. ഇതിൽ തൃപ്തരല്ലാത്തവർക്ക് ജൂണിലെ രണ്ടാം വർഷ സേ / ഇംപ്രൂവ്മെന്റ് പരീക്ഷ ഒന്നാം ചാൻസായി പരിഗണിച്ച് എഴുതാൻ അവസരം നൽകും.
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ 2026 ജൂണിൽ നടക്കുന്ന സേ / ഇംപ്രൂവ്മെന്റ് പരീക്ഷക്കൊപ്പം ഗൾഫിലെ കുട്ടികൾക്ക് മാത്രമായി നടത്താനും തീരുമാനിച്ചു. രണ്ടാം വർഷ വിദ്യാർഥികൾക്ക് ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താം.
കേരളത്തിൽനിന്ന് ഗൾഫിൽ പോയി പരീക്ഷക്ക് മുമ്പ് തിരികെ വരാൻ കഴിയാത്ത രണ്ടാം വർഷ വിദ്യാർഥികളിൽ ഒറിജിനൽ ഹാൾ ടിക്കറ്റ്, വിസ, പാസ്പോർട്ട് എന്നിവയുടെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഗൾഫിൽ നിന്ന കാലയളവിൽ ഏതൊക്കെ പരീക്ഷയാണ് എഴുതാതിരുന്നത് എന്ന പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവും ഹാജരാക്കുന്നവർക്ക്, ഗൾഫ് വിദ്യാർഥികൾക്ക് നൽകുന്ന രീതിയിൽ മാർക്ക് നൽകി ഫലം തയാറാക്കാനും തീരുമാനിച്ചു. 592 പേരാണ് ഗൾഫ് കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടിയിരുന്നത്. അവരുടെ ഒന്നാം വർഷ ഫലം വിലയിരുത്തിയപ്പോൾ, 470 പേർ ഒന്നാം വർഷ പരീക്ഷയുടെ മാർക്ക് രണ്ടാം വർഷത്തിലേക്ക് നൽകുമ്പോൾ ജയിക്കും. 122 വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ ജയിക്കാൻ ആവശ്യമായ 30 ശതമാനം മാർക്ക് ലഭിക്കില്ല. ഇത് വിശദമായി പരിശോധിച്ച് ഉചിത തീരുമാനമെടുക്കാൻ പരീക്ഷ ബോർഡിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

