എസ്.എസ്.എൽ.സി ബുക്കിലും ഭിന്നലിംഗക്കാർക്ക് ഇടം നൽകി സർക്കാർ ഉത്തരവ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ രേഖകളിലും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/ ബുക്കിലും ഭിന്നലിംഗക്കാർക്ക് (ട്രാൻസ്ജെൻഡേഴ്സ്) ഇടംനൽകി സർക്കാർ ഉത്തരവ്. സർട്ടിഫിക്കറ്റ് ഉടമ ആൺ/പെൺ എന്നതിന് പുറമെ മൂന്നാമത്തെ ഒാപ്ഷനായി ട്രാൻസ്ജെൻഡർ എന്നുകൂടി രേഖപ്പെടുത്താൻ പ്രത്യേക അനുമതി നൽകി പൊതുവിദ്യാഭ്യാസവകുപ്പാണ് ഉത്തരവിറക്കിയത്. ഉത്തരവിന് അനുസൃതമായി കേരള വിദ്യാഭ്യാസചട്ടത്തിൽ (കെ.ഇ.ആർ) ഭേദഗതി വരുത്താനും തീരുമാനിച്ചിട്ടുണ്ട്.
എസ്.എസ്.എൽ.സി ബുക്കിൽ വിദ്യാർഥിയുടെ പേര് സ്കൂൾ രേഖകളിൽനിന്ന് വ്യത്യസ്തമായി തിരുത്തി നൽകാൻ 1984 മാർച്ച് 14ലെ ഉത്തരവ് പ്രകാരം സാധ്യമല്ല. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ട്രാൻസ്ജെൻഡർ ആയവർ ഇതുകാരണം ബുദ്ധിമുട്ടനുഭവിക്കുന്നതായും അവർക്ക് എസ്.എസ്.എൽ.സി ബുക്കിൽ പേര്, ലിംഗം എന്നിവ തിരുത്തുന്നതിന് അവസരം നൽകണമെന്നും സർക്കാറിന് അപേക്ഷകൾ ലഭിച്ചിരുന്നു. മൂന്നാമത്തെ ഒാപ്ഷൻ ആയി ട്രാൻസ്ജെൻഡർ എന്നുകൂടി ചേർക്കണമെന്നായിരുന്നു ആവശ്യം. ഇത് പരിഗണിച്ചാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവർക്ക് എസ്.എസ്.എൽ.സി ബുക്കിൽ മൂന്നാമത്തെ ഒാപ്ഷൻ ആയി ട്രാൻസ്ജെൻഡർ എന്നുകൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
