എസ്.എസ്.കെ തസ്തികകളിൽ നിയമന യോഗ്യത വെട്ടിക്കുറച്ചു; ലീഗ് സംഘടനാ നേതാക്കൾക്കുവേണ്ടിയെന്ന് ആരോപണം
text_fieldsതിരുവനന്തപുരം: നിയമന വിജഞാപനം പിൻവലിച്ചതിന് പിന്നാലെ സമഗ്രശിക്ഷ കേരളം (എസ്.എസ്.കെ) പദ്ധതിയിലെ തസ്തികകളിലേക്കുള്ള നിയമന യോഗ്യത വെട്ടിക്കുറച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ജില്ല പ്രൊജക്ട് കോ ഓഡിനേറ്റർ, ജില്ല പ്രോഗ്രാം ഓഫിസർ, േബ്ലാക്ക് പ്രൊജക്ട് കോഓഡിനേറ്റർ ഉൾപ്പെടെ തസ്തികകളിലെ യോഗ്യതയാണ് വെട്ടിക്കുറച്ചത്.
മുസ്ലിം ലീഗ് അനുകൂല അധ്യാപക സംഘടന നേതാക്കൾക്ക് നിയമനത്തിന് വഴിയൊരുക്കാനാണ് യോഗ്യതയിൽ വെള്ളം ചേർത്തതെന്നാണ് ആരോപണം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി.ഇ) കേഡറിലുള്ള ജില്ല പ്രൊജക്ട് കോഓഡിനേറ്റർ തസ്തികയിലേക്ക് നിലവിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ/ ഡയറ്റ് പ്രിൻസിപ്പൽ/ സെലക്ഷൻഗ്രേഡ് ഹയർസെക്കൻഡറി അധ്യാപകർക്കാണ് നിയമന യോഗ്യത.
ഇതിലേക്ക് നിലവിലുള്ള യോഗ്യതക്ക് പുറമെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, ഹയർസെക്കൻഡറി -വി.എച്ച്.എസ്.ഇ ജൂനിയർ ഗ്രേഡ് അധ്യാപകർ എന്നിവർക്കും യോഗ്യത നൽകി. ജില്ല പ്രോഗ്രാം ഓഫിസർ തസ്തിക വിദ്യാഭ്യാസ ജില്ല ഓഫിസർ തസ്തികയുടെ കേഡറിലുള്ളതാണ്. ഇതിലേക്ക് നിലവിൽ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ, ഡയറ്റ് ലക്ചറർ, പി.ജി യോഗ്യതയുള്ള ഹെഡ്മാസ്റ്റർ, സ്പെഷൽ എജുക്കേഷനിൽ ഡിഗ്രി, ഡിേപ്ലാമ അഭികാമ്യ യോഗ്യതകളാണുള്ളത്. ഇതിലേക്ക് ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ ജൂനിയർ അധ്യാപകർ, ഹൈസ്കൂൾ ഹയർഗ്രേഡ് അധ്യാപകർ, പി.ജി യോഗ്യതയുള്ള ഹയർഗ്രേഡ് പ്രൈമറി അധ്യാപകർ എന്നീ തസ്തികകളിലുള്ളവർക്കും യോഗ്യത നൽകി.
ബി.ആർ.സികളിൽ േബ്ലാക്ക് പ്രൊജക്ട് കോഓഡിനേറ്റർ തസ്തികയിലേക്ക് നിലവിൽ പി.ജിയുള്ള ഹെഡ്മാസ്റ്റർ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ അധ്യാപകർ, ഹൈസ്കൂൾ സീനിയർ ഗ്രേഡ് അധ്യാപകർ എന്നിവർക്കാണ് നിയമന യോഗ്യത. ഇതിലേക്ക് ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ ജൂനിയർ, പി.ജിയുള്ള ഹയർഗ്രേഡ് പ്രൈമറി സ്കൂൾ അധ്യാപകർ എന്നിവർക്കും യോഗ്യത നൽകി.
എസ്.എസ്.കെയിലെ നിയമനങ്ങൾക്കായി നിലവിലുള്ള യോഗ്യതകളുടെ അടിസ്ഥാനത്തിൽ നേരത്തെ വിജ്ഞാപനം ഇറക്കിയത് ലീഗ് അധ്യാപക സംഘടനയുടെ സമ്മർദം കാരണമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. എസ്.എസ്.കെ ഗവേണിങ് കൗൺസിൽ യോഗം ചേർന്ന ശേഷം നിയമനത്തിന് അപേക്ഷ ക്ഷണിച്ചാൽ മതിയെന്ന കാരണം നിരത്തിയാണ് ആദ്യ വിജ്ഞപാനം പിൻവലിച്ചത്. എന്നാൽ, യോഗമൊന്നും ചേരാതെ പ്രൊജക്ട് ഡയറക്ടറിൽനിന്ന് കത്ത് ലഭ്യമാക്കിയാണ് യോഗ്യതകളിൽ വെള്ളം ചേർത്ത് ഉത്തരവിറക്കിയത്. പുതുക്കിയ യോഗ്യതകളുടെ അടിസ്ഥാനത്തിൽ നിയമന വിജ്ഞാപനം വൈകാതെ പുറത്തിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

