എസ്.എസ്.കെ ഫണ്ട് ലഭിച്ചു; അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കാൻ കേരളം ഏതറ്റം വരെയും പോകുമെന്നും മന്ത്രി വി. ശിവൻകുട്ടി
text_fieldsമന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: രണ്ടു വർഷത്തിനുശേഷം സമഗ്ര ശിക്ഷ കേരളത്തിനും സംസ്ഥാന സർക്കാറിനും കേരളത്തിലെ വിദ്യാർഥികൾക്കും അർഹമായ വിഹിതത്തിലെ ആദ്യ ഗഡു കേന്ദ്ര ഫണ്ട് ലഭിച്ചെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അനുമതി നൽകിയ 109 കോടിയിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 92.41 കോടി രൂപയാണ് ഇന്നലെ അനുവദിച്ചത്. ഇത് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുഞ്ഞുങ്ങൾക്ക് അർഹതപ്പെട്ട റിക്കറിങ് ഫണ്ടാണ്. നിർമാണ ആവശ്യങ്ങൾക്കായുള്ള നോൺ റിക്കറിങ്ഫണ്ട് 17 കോടി രൂപ ഇനിയും ലഭിക്കാനുണ്ട്.
2023-24 മുതലുള്ള 1158 കോടി രൂപ കേന്ദ്രം കേരളത്തിന് നൽകാനുണ്ട്. 2023-24 ൽ 188.58, 2024-25 ൽ 513.14, 2025-26 ൽ 456.1കോടി രൂപ എന്നിങ്ങനെ ആണ് കുടിശ്ശിക. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്പെഷൽ എജുക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിനുള്ള സമഗ്ര ശിക്ഷാ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകി എന്നാണ് മനസ്സിലാക്കുന്നത്. ഈ ഉറപ്പ് കേന്ദ്രസർക്കാർ ഉടൻ പാലിക്കും എന്നാണ് കരുതുന്നത്.
ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ പത്ത് കുട്ടികൾക്ക് ഒരു സ്പെഷൽ എജുക്കേറ്റർ, അഞ്ചു മുതൽ ഉള്ള എല്ലാ ക്ലാസുകളിലും 15 കുട്ടികൾക്ക് ഒരു സ്പെഷൽ എജുക്കേറ്റർ എന്നതാണ് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ. കേരളത്തിൽ ഒരു സ്കൂളിൽ ഇത്രയും എണ്ണം കുട്ടികൾ ഇല്ല എന്നതിനാൽ ഒരു കൂട്ടം സ്കൂളുകളെ ഒരു യൂനിറ്റായി പരിഗണിച്ചാണ് ഇക്കാര്യം നടപ്പാക്കുക എന്നതാണ് ശുപാർശ. അങ്ങനെയെങ്കിൽ 4000 പരം സ്പെഷൽ എജുക്കേറ്റർമാരുടെ സേവനം വേണ്ടി വരും.
പൊതു വിദ്യാലയങ്ങളിലെ 45 ലക്ഷം കുട്ടികളെ നേരിട്ട് ബാധിക്കുന്ന വിഷയം കേരളത്തിൽ അത്രകണ്ട് പ്രതിഫലിക്കാത്തത് കേന്ദ്രവിഹിതത്തിന്റെ ഭാരം പോലും സംസ്ഥാനം പേറുന്നത് കൊണ്ടാണ്. അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കാൻ കേരളം ഏതറ്റം വരെയും പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അനുവദിച്ചത് 2025-26 സാമ്പത്തിക വർഷത്തെ ആദ്യ ഗഡു
പി.എം ശ്രീ കരാറിൽ ഒപ്പിട്ടതിന് പിന്നാലെ സമഗ്രശിക്ഷ പദ്ധതിയിൽ കേരളത്തിന്‍റെ തടഞ്ഞുവെച്ച ഫണ്ടിലെ ആദ്യഗഡു അനുവദിച്ച് കേന്ദ്രസർക്കാർ. 92.41 കോടിയാണ് വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചത്. 2025-26 സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവാണിത്. കേരളത്തിനുള്ള ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രസർക്കാർ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു.
ഈ സാമ്പത്തിക വർഷം 456 കോടിയാണ് സമഗ്രശിക്ഷ കേരളത്തിന് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. റെക്കറിങ് ഫണ്ട് എന്ന നിലയിലാണ് 92.4 കോടി ലഭിച്ചത്. അക്കാദമിക് ആവശ്യങ്ങൾ, യൂനിഫോം, വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ഫണ്ടുകൾ, ഭിന്നശേഷി കുട്ടികൾക്കായുള്ള ഫണ്ട്, ശമ്പളം എന്നിവക്കുള്ളതാണ് റെക്കറിങ് ഫണ്ട്. 109 കോടിയാണ് ആദ്യഗഡു ലഭിക്കേണ്ടിയിരുന്നത്. ശേഷിക്കുന്ന 17.6 കോടി ഈയാഴ്‌ച തന്നെ നൽകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇപ്പോൾ ലഭിച്ച തുകയിൽനിന്ന് പുസ്തകത്തിനും യൂനിഫോമിനും സംസ്ഥാനം ചെലവാക്കിയ ഒരു വിഹിതം നൽകും. ഒപ്പം ഭിന്നശേഷി കുട്ടികളുടെ ആവശ്യങ്ങൾക്കും ഒരു മാസത്തെ ശമ്പളത്തിനും വിനിയോഗിക്കുമെന്ന് എസ്.എസ്.കെ അറിയിച്ചു.
പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് വൻ വിവാദമായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കാമെന്ന വ്യവസ്ഥ അടങ്ങിയ കരാറാണ് പി.എം ശ്രീ പദ്ധതിക്കായി സംസ്ഥാന സർക്കാർ ഒപ്പിട്ടത്. ഇതിനെതിരെ സി.പി.ഐ ഉയർത്തിയ പ്രതിഷേധം സർക്കാറിലും മുന്നണിയിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കടുത്ത സമ്മർദത്തെ തുടർന്ന് കരാർ സംബന്ധിച്ച് പഠിക്കാൻ ഏഴംഗ മന്ത്രിസഭ ഉപസമിതിയെ നിയോഗിക്കാനും അതുവരെ പദ്ധതി നടപ്പാക്കുന്നില്ലെന്ന് കേന്ദ്രത്തെ കത്ത് വഴി അറിയിക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. കത്ത് ഇതുവരെ കേന്ദ്രത്തിന് കൈമാറിയിട്ടില്ല. കത്തയക്കുന്നത് ഉറപ്പാക്കണമെന്ന് ചൊവ്വാഴ്ച ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ ആവശ്യമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

