ശ്രീകല വധം: പ്രതികളെ മൂന്നിടത്തേക്ക് മാറ്റി; ഒറ്റക്ക് ചോദ്യം ചെയ്യും
text_fieldsചെങ്ങന്നൂർ: ശ്രീകലവധത്തിൽ കൃത്യത ഉറപ്പാക്കാൻ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെ മൂന്നിടത്തേക്ക് മാറ്റി ചോദ്യം ചെയ്യൽ തുടരുന്നു. ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ ഫലപ്രദമാകില്ലെന്ന് കണ്ടാണ് പുതിയ നീക്കം. മാന്നാറിനുസമീപത്തെ വലിയ പെരുമ്പുഴ പാലത്തിൽ വെച്ചാണ് കലയെ കൊന്നതെന്ന് പ്രതികൾ പറയുന്നുണ്ടെങ്കിലും മറ്റു കാര്യങ്ങളിലെ മൊഴികളിൽ വൈരുധ്യമുണ്ട്. ഇത് അനിലിനെ സഹായിക്കാനുള്ള നീക്കമാണോയെന്നും സംശയമുണ്ട്.
ഈ സാഹചര്യത്തിൽ ഒറ്റക്കിരുത്തി ചോദ്യം ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. കുറ്റകൃത്യത്തെക്കുറിച്ച് അറിയാവുന്ന അനിലിനെ ഇസ്രായേലിൽനിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ അനിൽ അറിയുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
വെള്ളിയാഴ്ച കലയുടെ മൂത്തസഹോദരൻ ഓട്ടോഡ്രൈവർ എ.സി. അനിൽകുമാർ (കവി), ഭിന്നശേഷിക്കാരനായ എ.സി. കലാധരൻ (കൊച്ചുമോൻ) കലയുടെ നാത്തൂൻ സ്വകാര്യ സ്കൂൾ ജീവനക്കാരി ശോഭനകുമാരി എന്നിവരുടെ മൊഴിയെടുത്തു. ഇതിനൊപ്പം അനിലിന്റെ അടുത്ത സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽവാസികൾ തുടങ്ങിയവരിൽനിന്ന് വിവരങ്ങൾ തേടി. ഇതിന് പിന്നാലെ ചോദ്യം ചെയ്യേണ്ട ആളുകളുടെ പട്ടികയും പ്രത്യേക അന്വേഷണസംഘം തയാറാക്കി.
മൊഴിനൽകുന്നതിനടക്കം കൂടുതലാളുകൾ മാന്നാർ സ്റ്റേഷനിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് പ്രതികളെ മറ്റിടങ്ങളിലേക്ക് മാറ്റിയതെന്നും പറയപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസിന് കൈമാറിയ വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്ന് കർശനനിർദേശമുണ്ട്.
ഇരമത്തൂർ കണ്ണമ്പള്ളിൽ ആർ. സോമരാജൻ (56), കണ്ണമ്പള്ളിൽ കെ.സി. പ്രമോദ് (40), ജിനുഭവനത്തിൽ ജിനു ഗോപി (48) എന്നിവരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

