ബ്രീത്ത് അനലൈസർ പോലും ഉപേയാഗിച്ചില്ല; പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടി കോടതിയും
text_fieldsതിരുവനന്തപുരം: മാധ്യമപ്രവര്ത്തകൻ മരിക്കാനിടയായ വാഹനാപകട കേസിലെ പ്രതി ഐ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചത് പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ്. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചെന്ന് തെളിയിക്കുന്ന ഒരു തെളിവും അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചില്ലെന്ന് േകാടതി ഉത്തരവിൽ പറയുന്നു. അപകടശേഷം ശ്രീറാമിെൻറ രക്തപരിശോധന പോയിട്ട് ബ്രീത്ത് അനലൈസർ കൊണ്ടുള്ള പരിശോധനപോലും നടത്തിയില്ല. എന്നിട്ടും പത്ത് വര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന 304ാം വകുപ്പ് ചുമത്തിയത് എങ്ങനെയെന്ന് കോടതി ചോദിച്ചു. മദ്യപിച്ച് വാഹനമോടിച്ചെന്ന് പ്രോസിക്യൂഷന് സ്ഥാപിച്ചെടുക്കുന്നത് സാക്ഷിമൊഴികള്‍ മാത്രം ഹാജരാക്കിയാണെന്നും കോടതി വിമർശിച്ചു.
അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവില്ലെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകന് വാദത്തിനിടെ ചൂണ്ടിക്കാട്ടി. വാഹനാപകടത്തെക്കുറിച്ച് മ്യൂസിയം പൊലീസ് തയാറാക്കിയ കേസ് ഡയറിയും അപകടമുണ്ടാക്കിയ വാഹനത്തിെൻറ ഭാഗങ്ങളും പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി നേരത്തേ റിമാന്‍ഡ് ചെയ്ത ശ്രീറാം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ട്രോമാ കെയര്‍ സെല്ലിലാണ് കഴിയുന്നത്. ജാമ്യം കിട്ടിയതോടെ അദ്ദേഹത്തിന് ആശുപത്രി വിടാൻ സാധിക്കും. കേസില്‍ റിമാന്‍ഡിലായതോടെ ശ്രീറാമിനെ സർവിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
ശ്രീറാമിനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് സിറാജ് മാനേജ്മെൻറിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. അപകടസമയത്ത് ശ്രീറാം ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം എസ്.ഐയുമായി ചേര്‍ന്ന് ശ്രീറാം നടത്തിയതെന്ന് വാദിഭാഗം ആരോപിച്ചു. കേസില്‍ നിര്‍ണായക തെളിവായി മാറേണ്ട രക്തപരിശോധന പൊലീസിെൻറ ഒത്താശയോടെ ഒമ്പത് മണിക്കൂറിന് ശേഷമാണ് ചെയ്തത്. ഇത് പ്രതിയുടെ ക്രിമിനല്‍ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്.
വിഷയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ പ്രതി സാക്ഷിമൊഴിയടക്കം തെളിവുകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുത്. തെളിവുകള്‍ നശിപ്പിച്ച പൊലീസിനെതിരെയും ഇതിൽ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം വേണമെന്നും അഡ്വ. എസ്. ചന്ദ്രശേഖരന് നായര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
