മീഡിയവൺ ചാനലിനെതിരായ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി മുൻ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. അനിഷ്ടം തോന്നുന്നവരെ പുറത്താക്കാനുള്ള ഉപാധിയായിക്കൂടാ രാജ്യസുരക്ഷ ആശങ്കയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ജനാധിപത്യത്തിെൻറ ശക്തി സർവതല സ്പർശിയായ സുതാര്യതയാണെന്നും സുതാര്യത ഇല്ലാത്ത ഒന്നും ജനാധിപത്യത്തിൽ സ്വീകാര്യമല്ലെന്നും അദ്ദേഹം എഴുതി.
'മീഡിയ വൺ ചാനൽ രാജ്യസുരക്ഷയെ ഭീഷണിപ്പെടുത്തുന്ന എന്തോ ചെയ്തിരിക്കുന്നു എന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. രാജ്യദ്രോഹവും രാജ്യസ്നേഹവും അളക്കേണ്ടത് എങ്ങനെയാണെന്നും ആരാണെന്നും വല്ലാത്ത അവ്യക്തതയുള്ള ഒരു കാലത്താണ് നമ്മൾ. അവ്യക്തവും അമൂർത്തവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ആർക്കും ഇങ്ങനെയും എന്തിനെയും വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. ആ രാജ്യദ്രോഹത്തിന് സ്വഭാവം എന്താണെന്നോ അത് സുരക്ഷയെ ബാധിക്കുന്നത് എങ്ങനെയാണെന്നോ നമ്മൾ ആരും അറിയണ്ടേ?' - ശ്രീരാമകൃഷ്ണൻ കുറിച്ചു.