ടി. സിദ്ദീഖിനൊപ്പം വാർത്തസമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ; മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിനൊടുവിൽ ഇറങ്ങിപ്പോയി
text_fieldsതിരുവനന്തപുരം: കൃഷി മന്ത്രി ടി. സിദ്ദീഖിനൊപ്പം വാർത്തസമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഇറങ്ങിപ്പോയി. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം, നിയമസഭ മീഡിയ റൂമിൽ മന്ത്രി വാർത്തസമ്മേളനം തുടങ്ങി കുറച്ചുകഴിഞ്ഞശേഷമാണ് ഒപ്പം ഇരുന്നത്. ഇതോടെ വാർത്തസമ്മേളനത്തിൽ ഇരിക്കില്ലെന്ന് മാധ്യമപ്രവർത്തകർ നിലപാടെടുത്തു. എന്നാൽ, സബ്ജക്ട് പൂർത്തീകരിച്ചോട്ടെയെന്നായിരുന്നു മന്ത്രിയുടെ മറുപടി. മാധ്യമപ്രവർത്തകർ പ്രതിഷേധം തുടർന്നതോടെ, മന്ത്രിയുടെ അനുമതിയോടെ ശ്രീറാം തന്നെ സ്വയം ഇറങ്ങിപ്പോയി. മന്ത്രി വാർത്തസമ്മേളനം പുനരാരംഭിക്കുകയും ചെയ്തു.
കേസിൽ തിരുവനന്തപുരം ഒന്നാം അഡീ. സെഷൻസ് കോടതിയിൽ ആഗസ്റ്റ് ഒന്നിന് വിചാരണ തുടങ്ങാനിരിക്കെയാണ് ശ്രീറാമിനെതിരായ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുക്കുന്ന വാര്‍ത്തസമ്മേളനങ്ങളില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ നിലപാട് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഏതെങ്കിലും വകുപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ വാര്‍ത്തസമ്മേളനങ്ങളിലോ മറ്റോ ശ്രീറാം പങ്കെടുത്തിരുന്നില്ല.
2019 ആഗസ്റ്റ് മൂന്നിന് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ ബൈക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. തെറിച്ചുവീണ ബഷീറിനെ ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചു. ശ്രീറാം അടക്കം കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി മൊഴിയുണ്ടായിരുന്നു.
സംഭവം നടന്നിട്ട് ഏഴ് വർഷം തികയാറാവുമ്പോഴാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. കേസിൽ ശ്രീറാം വെങ്കിട്ടരാമൻ മാത്രമാണ് പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

