ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു; കലക്ടറേറ്റിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
text_fieldsആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ല കലക്ടറായി ചുമതലയേറ്റു. വ്യാപക പ്രതിഷേധങ്ങൾക്കിടെയാണ് ചുമതലയേൽക്കൽ. നിലവിലെ കലക്ടറും ശ്രീറാമിന്‍റെ ഭാര്യയുമായ രേണു രാജ് ചുമതല കൈമാറി. ശ്രീറാമിനെതിരെ ആലപ്പുഴ കലക്ടറേറ്റിൽ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
ആലപ്പുഴയെ കുറിച്ച് പഠിച്ചു വരികയാണെന്ന് ശ്രീറാം പറഞ്ഞു. ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യ മേഖലയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയിരുന്നു. തനിക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഐ.എ.എസ് തലത്ത് നടന്ന അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത്. ഇതിനെതിരെ വൻ വിമർശനമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്നത്. നിയമനത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിയമനത്തിനെതിരെ ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ല കലക്ടറേറ്റുകൾക്ക് മുന്നിലും സമരം നടത്തുമെന്ന് കേരള മുസ്‍ലിം ജമാ അത്ത് പ്രഖ്യാപിച്ചു. നിയമനത്തിനെതിരെ കോൺഗ്രസും സമര രംഗത്തുണ്ട്. നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡി.സി.സി കലക്ടറേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചിരുന്നു.
കൈയേറ്റക്കാർക്കെതിരായ നടപടികളിലൂടെ ശ്രദ്ധ നേടിയ ശ്രീറാം വെങ്കിട്ടരാമൻ 2019ൽ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയതോടെയാണ് വിവാദപുരുഷനായത്. വാഹനാപകടക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതോടെ സസ്പെൻഷനിലായി. ദീർഘനാളത്തെ സസ്പെൻഷന് ശേഷം സർവിസിൽ തിരികെയെത്തി ആരോഗ്യവകുപ്പിലാണ് പ്രവർത്തിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

