എസ്.എൻ.ഡി.പി അണികളിൽ സ്വാധീനം ഉറപ്പിക്കാൻ പുതിയ തന്ത്രവുമായി ശ്രീനാരായണ ധർമവേദി
text_fieldsആലപ്പുഴ: എസ്.എൻ.ഡി.പിയിലും എസ്.എൻ ട്രസ്റ്റിലും വെള്ളാപ്പാള്ളി നടേശെൻറ ഏകാധിപത്യ പ്രവണതകൾക്കെതിരായി രൂപംകൊണ്ട ശ്രീനാരായണ ധർമവേദി അണികളിൽ സ്വാധീനമുറപ്പിക്കാൻ പുതിയ തന്ത്രങ്ങൾ മെനയുന്നു. വെള്ളാപ്പള്ളിയുടെ പ്രവർത്തനങ്ങൾ ഗുരുനിന്ദയാണെന്ന് ശ്രീനാരായണീയരിൽ അവബോധം സൃഷ്ടിക്കുന്നതോടൊപ്പം പൊതുസമൂഹത്തിൽ ക്രിയാത്മക ഇടപെടലുകൾ നടത്തുകയാണ് വ്യവസായപ്രമുഖരായ ഗോകുലം ഗോപാലനും ഡോ. ബിജു രമേശും നേതൃത്വം നൽകുന്ന വേദിയുടെ ലക്ഷ്യം.
വെള്ളാപ്പള്ളിക്കെതിരെ നിലകൊള്ളുന്നവരെ വിവാഹപത്രികയുെടയും മരണാനന്തര ചടങ്ങുകളുെടയും പേരിൽ ചൊൽപടിക്ക് നിർത്തിയിരുന്നത് അവസാനിപ്പിക്കുംവിധമുള്ള നീക്കമാണ് ധർമവേദി ആവിഷ്കരിച്ചിരിക്കുന്നത്. നേരേത്ത എസ്.എൻ.ഡി.പി വിവാഹപത്രിക നിഷേധിക്കുന്ന സാഹചര്യം വന്നാൽ വേദി ഇടപെട്ട് ശിവഗിരിമഠത്തിെൻറ പത്രിക സംഘടിപ്പിക്കുകയും അവിടുത്തെ ശാന്തിമാരെ കർമങ്ങൾക്ക് ഏർപ്പാടാക്കുകയുമായിരുന്നു. ഇനിമുതൽ ധർമവേദിതന്നെ തയാറാക്കിയ പുതിയ പത്രിക 18 വയസ്സ് പൂർത്തിയാക്കിയ ഏതൊരാൾക്കും നൽകും. ഇൗഴവർക്ക് മാത്രമായി നൽകിയിരുന്ന പത്രികക്കുപകരം എല്ലാ ജാതിമതസ്ഥരെയും അംഗീകരിക്കുന്ന പത്രികയിലൂടെ വേദിക്ക് പുരോഗമനപ്രസ്ഥാനമെന്ന ഖ്യാതികൂടി നേടിയെടുക്കുകയാണ് ലക്ഷ്യം.
ഇടുക്കി നെടുങ്കണ്ടത്തെ സ്ഥിരം ശ്മശാനത്തിന് പുറമെ മൊബൈൽ ഗ്യാസ് ക്രിമറ്റോറിയവും ശ്രീനാരായണ ധർമവേദിക്കുണ്ട്. എല്ലാ വിഭാഗങ്ങളുെടയും സംസ്കാരം നടത്തിക്കൊടുക്കുമെന്നത് എസ്.എൻ.ഡി.പിക്ക് തിരിച്ചടിയാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ചിട്ടയായി നടന്നുവരുന്ന ധർമവേദിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ് ശ്രമമെന്ന് സംസ്ഥാന വർക്കിങ് ചെയർമാൻ കെ.കെ. പുഷ്പാംഗദൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
