Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനവുമായി ശ്രീകുമാരൻ തമ്പി; ആരോപണം മുഖ്യമന്ത്രിയെ വേദിയിലിരുത്തി

text_fields
bookmark_border
സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനവുമായി ശ്രീകുമാരൻ തമ്പി; ആരോപണം മുഖ്യമന്ത്രിയെ വേദിയിലിരുത്തി
cancel

പറവൂർ: എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനവുമായി ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പി. എൻഎസ്എസ് നേതൃസ്ഥാനത്തിരിക്കുന്നയാൾ ഭൃത്യനെ പോലെ ആയിരിക്കണമെന്നാണ് മന്നം വിഭാവനം ചെയ്തതെങ്കിലും ഇപ്പോഴത്തെ ജനറൽ സെക്രട്ടറി പെരുമാറുന്നത് രാജാവിനെ പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂരിൽ പൗരാവലി നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ സംഘടനക്ക് മന്നത്ത് പത്മനാഭൻ ഇട്ട പേര് നായർ ഭൃത്യജന സംഘം എന്നാണ്. ഇതാണ് പിന്നീട് നായർ സർവിസ് സൊസൈറ്റി ആയി മാറിയത്. ഭൃത്യജന സംഘം ആയി തുടങ്ങിയ ആ സംഘടന ഇപ്പോൾ എന്ത് അവസ്ഥയിലാണ്? അവിടെ കസേരയിൽ ഇരിക്കുന്ന ഉന്നതൻ നായർ സമുദായത്തിലെ ഭൃത്യനായിട്ടാണോ പെരുമാറുന്നത്? അല്ല, രാജാവായിട്ടാണ്. നമ്മുടെ സാമൂഹ്യ കക്ഷികളുടെയും രാഷ്ട്രീയ കക്ഷികളുടെയും പരാജയമാണ് കാരണം. ജനങ്ങളായിരിക്കണം നമ്മുടെ മുമ്പിൽ ജനങ്ങൾ ഇല്ലെങ്കിൽ ഒരു നേതാവും ഇല്ല, ഒരു മന്ത്രിയുമില്ല.

വി.ഡി. സതീശൻ എന്ന നമ്മുടെ പുതിയ മുഖ്യമന്ത്രി ഒരു അത്ഭുതമാണ്. മന്ത്രിയാകുന്നതിനു മുമ്പ്, മുഖ്യമന്ത്രിയാകുന്നതിനു മുമ്പ്, പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരാളും കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. ആ ജനപ്രീതി അദ്ദേഹത്തിൻറെ സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും ഇടപെടലുകൾ കൊണ്ടും ഉണ്ടായതാണ്.

ഒരു വ്യക്തിയുടെ ജീവിതത്തിൽ അയാളുടെ പരമമായ ലക്ഷ്യത്തിൽ എത്തിച്ചേരണമെങ്കിൽ നാലു വഴികൾ കടന്നുപോകണം. ഒന്ന് ശ്രദ്ധ, രണ്ട് യജ്ഞം, മൂന്ന് ഉപാസന, നാല് നമ്മൾ എത്തിച്ചേരുന്ന ജ്ഞാനാധികാരം എന്ന പരമമായ പദവി.

ആദ്യം വേണ്ടത് ശ്രദ്ധയാണ്. എന്താണോ തന്റെ ലക്ഷ്യം ആ ലക്ഷ്യത്തിൽ ശ്രദ്ധ വെക്കുക. രണ്ടാമതായി യജ്ഞമാണ്, ആഗ്രഹിച്ചാൽ മാത്രം ഒന്നും നേടാൻ സാധ്യമല്ല നമ്മൾ പ്രയത്നിച്ചുകൊണ്ടേയിരിക്കണം. ആ യജ്ഞം നിസ്സാരമല്ല ഒരുപാട് ദുഖങ്ങൾ അനുഭവിക്കേണ്ടി വരും. ഒരുപാട് എതിർപ്പുകൾ നേടേണ്ടി വരും. എന്നാലും ഒട്ടും പതറാതെ തന്റെ ലക്ഷ്യത്തിൽ മുന്നേറാനായിട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുക. അതുകഴിഞ്ഞാൽ ഉപാസന. നമ്മുടെ ലക്ഷ്യത്തെ ഉപാസിക്കുക. അതുകഴിഞ്ഞാൽ നമ്മൾ ജ്ഞാനാധികാരം എന്ന പദവിയിൽ എത്തും. അത് ജ്ഞാനത്തിൽ നിന്ന് നമ്മൾ നേടുന്ന അധികാരം.

ഞാൻ ഇത് പറയുമ്പോൾ ഏറ്റവും വലിയ ഉദാഹരണമായി എന്റെ മനസ്സിലുള്ളത് മോഹൻലാലാണ്. ശ്രദ്ധയും യജ്ഞവും ഉപാസനയും കൊണ്ടാണ് അദ്ദേഹം ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത്. ഇന്നും ഇത്രയും തിരക്കിലും രാവിലെ ആറുമണിക്ക് ഒരു ഷോട്ട് എടുക്കണം എന്ന് ലാലിനോട് പറഞ്ഞാൽ കൃത്യമായി അദ്ദേഹം ആറു മണിക്ക് ലൊക്കേഷനിൽ എത്തിയിരിക്കും. അവിടെ അദ്ദേഹത്തിന് പ്രശസ്തിയോ സമയക്കുറവോ ഒന്നും പ്രശ്നമാവുകയില്ല. അതുപോലെ തന്റെ കർമ്മപഥത്തിൽ യാതൊരു പതർച്ചയും ഇല്ലാതെ നീങ്ങുന്ന ഒരു രാഷ്ട്രീയ നേതാവാണ് വിഡി സതീശൻ. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അദ്ദേഹത്തിൻറെ യാത്രയിൽ എനിക്ക് പറയാനുള്ളത് ഇതാണ്: ‘കീപ് ഓൺ ജമ്പിങ്’. കാരണം കഠിന പ്രയത്നം ചെയ്യുന്ന ഒരാൾക്ക് ഒരിക്കലും ജീവിതത്തിൽ നിരാശപ്പെടേണ്ടി വരില്ല’ -അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sreekumaran thampi against nss gs sukumaran nair
Next Story