മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു
text_fieldsപറവൂർ: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിെൻറ മൃതദേഹവുമായി ബി.ജെ.പി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ മുതൽ നടത്തിവന്ന ഉപരോധ സമരത്തിെൻറ തുടർച്ചയായിരുന്നു മൃതദേഹവുമായുള്ള പ്രതിഷേധം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കലക്ടർ സ്ഥലത്തെത്തി അറിയിച്ചതോടെയാണ് ഉപരോധം പിൻവലിച്ചത്.
കസ്റ്റഡി മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുക, കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. ആലപ്പുഴ മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്േമാർട്ടത്തിന് ശേഷം കൊണ്ടുവന്ന മൃതദേഹവുമായി വൈകീട്ട് ഏഴ് മണിയോടെ ദേശീയപാത ഉപരോധിക്കുകയായിരുന്നു. കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയും റൂറൽ എസ്.പി എ.വി. ജോർജും സ്ഥലത്തെത്തി ബി.ജെ.പി നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാണ് പ്രശ്നപരിഹാരമുണ്ടായത്. പ്രത്യേക സംഘത്തിെൻറ അന്വേഷണ റിപ്പോർട്ട് വന്നശേഷം മറ്റ് നടപടികൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. കുടുംബത്തിന് നഷ്ടപരിഹാരം ഉൾെപ്പടെയുള്ള വിഷയങ്ങൾ സർക്കാർ തലത്തിൽ തീരുമാനമുണ്ടാകുമെന്നും അവർ അറിയിച്ചു. ഉന്നതതല പൊലീസ് സംഘം ബുധനാഴ്ച വരാപ്പുഴയിൽ എത്തും. ശ്രീജിത്തിെൻറ മൃതദേഹം രാത്രി വൈകി വീട്ടുവളപ്പിൽ സംസ്കരിച്ചു.
ശ്രീജിത്തിെൻറ മരണത്തിൽ പ്രതിഷേധിച്ച് പറവൂർ മണ്ഡലത്തിൽ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിെൻറ ഭാഗമായി ബി.ജെ.പി പ്രവർത്തകർ രാവിലെ ആരംഭിച്ച ഉപരോധം രാത്രി എട്ട് വരെ നീണ്ടു. സ്വകാര്യ ബസുകൾ രാവിലെ സർവിസ് നടത്താൻ തുടങ്ങിയെങ്കിലും സമരക്കാർ ഇടപെട്ട് നിർത്തിച്ചു. കെ.എസ്.ആർ.ടി.സി ബസുകളും തടഞ്ഞു.
ചില ബസുകൾ വരാപ്പുഴ ഒഴിവാക്കി സർവിസ് നടത്തി. രാവിലെ മുതൽ എസ്.എൻ.ഡി.പി കവലയിൽ പ്രവർത്തകർ തടിച്ചുകൂടിയത് ദേശീയപാത സ്തംഭിക്കാൻ കാരണമായി. ഇതുവഴിവന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ സമരക്കാർ തടഞ്ഞു. ഒരു കാറിെൻറ ചില്ല് അടിച്ചുപൊട്ടിച്ചു. പിന്നീട് ഇരുചക്രവാഹനങ്ങളും കാറുകളും കടത്തിവിട്ടെങ്കിലും കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തടഞ്ഞിട്ടു. റോഡ് ഉപരോധത്തെത്തുടർന്ന് പലതവണ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ചില വാഹനങ്ങൾ കൂനമ്മാവിൽനിന്ന് വരാപ്പുഴയിലേക്കു കടത്തിവിടാതെ കൊങ്ങോർപ്പിള്ളി വഴിയും മഞ്ഞുമ്മൽ കവലയിൽനിന്ന് കളമശ്ശേരി, ഏലൂർ, പാതാളം വഴിയും തിരിച്ചുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
