ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മജിസ്ട്രേറ്റിനെതിരായ പരാതിയിലും പൊലീസിന് തിരിച്ചടി
text_fieldsകൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ മജിസ്ട്രേറ്റിനെതിരെ ഉയർത്തിയ പരാതിയിലും പൊലീസിന് തിരിച്ചടി. ശ്രീജിത്തിനെ വീടാക്രമണ കേസിൽ പ്രതിയാക്കിയപ്പോൾ യഥാസമയം ജുഡീഷ്യൽ തീരുമാനമെടുക്കുന്നതിൽ മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചെന്ന പൊലീസിെൻറ പരാതിയിൽ കഴമ്പില്ലെന്ന ഹൈകോടതി വിജിലൻസ് രജിസ്ട്രാറുടെ റിപ്പോർട്ടാണ് പൊലീസിന് തിരിച്ചടിയായത്. പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം. സ്മിതക്കെതിെര പൊലീസ് നൽകിയ പരാതിയിൽ ഹൈകോടതി വിജിലൻസ് രജിസ്ട്രാർ വിവിധതലത്തിൽ അന്വേഷണം നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഏപ്രിൽ ഏഴിന് രാത്രി മജിസ്ട്രേറ്റിെൻറ വീട്ടിൽ ശ്രീജിത്തിനെ ഹാജരാക്കാൻ അനുമതി തേടിയിരുന്നെങ്കിലും അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി റൂറൽ പൊലീസ് മേധാവി എ.വി. ജോർജ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് പരാതി നൽകിയിരുന്നു. പരാതിയുെട പകർപ്പ് കീഴ്കോടതികളുടെ ചുമതലയുള്ള ഹൈകോടതിയിലെ സബ് ഒാർഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാർക്കും നൽകിയിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുഖേന ആരോപണവിധേയയായ മജിസ്ട്രേറ്റിെൻറ വിശദീകരണം തേടി. വിശദീകരണം അടക്കം റിപ്പോർട്ട് മുതിർന്ന ജഡ്ജിമാരടങ്ങുന്ന ഹൈകോടതി ഭരണ നിർവഹണസമിതി മുമ്പാകെ സമർപ്പിച്ചു. ഇൗ റിപ്പോർട്ടും പരാതിയും സംബന്ധിച്ച് വിജിലൻസ് രജിസ്ട്രാറുടെ അന്വേഷണത്തിന് സമിതി നിർദേശം നൽകുകയായിരുന്നു.
ഏപ്രിൽ ഏഴിന് രാത്രിയാണ് ഹാജരാക്കുന്നത് സംബന്ധിച്ച് പൊലീസ് മജിസ്ട്രേറ്റിനോട് അനുമതി തേടിയതെന്നാണ് പരാതിയിലുണ്ടായിരുന്നത്. മജിസ്ട്രേറ്റ് അനുവാദം നൽകിയില്ല. പിന്നീട് ശ്രീജിത്ത് മരിച്ചു. ശ്രീജിത്തിനെ യഥാസമയം റിമാൻഡ് ചെയ്യാൻ മജിസ്ട്രേറ്റിന് മുന്നിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മർദനമേറ്റ വിവരം പറയാനും ചികിത്സ തേടാനും കഴിയുമായിരുെന്നന്നാണ് പൊലീസിെൻറ പരാതിയിലുള്ളത്. എന്നാൽ, ഇത്തരമൊരു അനുമതി തേടൽ േഫാണിലൂടെ മാത്രമാണ് നടത്തിയതെന്ന് വിജിലൻസ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ബന്ധപ്പെട്ട മജിസ്േട്രറ്റിന് അസൗകര്യമുണ്ടെങ്കിൽ തൊട്ടടുത്ത മജിസ്ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കാമായിരുന്നു. അത് ചെയ്തിട്ടില്ല. മജിസ്ട്രേറ്റാകെട്ട പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായ മുഴുവൻ നടപടികളും എഫ്.െഎ.ആറിൽ രേഖപ്പെടുത്തുകയും റിപ്പോർട്ടാക്കുകയും ചെയ്തിട്ടുണ്ട്.
ശ്രീജിത്തിന് കസ്റ്റഡിയിൽ മർദനമേറ്റെന്ന പരാതി സംബന്ധിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. മജിസ്ട്രേറ്റിന് വീഴ്ചയുണ്ടായി എന്ന പരാതി ആദ്യമൊന്നും പൊലീസ് ഉന്നയിച്ചിട്ടില്ല. കസ്റ്റഡിയിലായ ശ്രീജിത്ത് ആശുപത്രിയിൽ മരണപ്പെട്ടശേഷം ഏപ്രിൽ 11നാണ് പരാതി നൽകിയത്. രേഖകൾ പരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്തതിൽനിന്ന് പൊലീസിെൻറ പരാതിയിൽ കഴമ്പില്ലെന്നാണ് വിജിലൻസ് രജിസ്ട്രാർ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
