കിണറ്റിലിറങ്ങിയ ശ്രീദേവി അമ്മയാണ് ഇപ്പോൾ താരം VIDEO
text_fieldsപയ്യന്നൂർ: കുഞ്ഞിമംഗലം കല്ലന്താറ്റ് മുള്ളിക്കോട്ടെ ചാലിൽ ശ്രീദേവി അമ്മക്ക് വയസ്സ് 90. കഴിഞ്ഞ ദിവസം വരെ ഒരു ടി.വി ചാനലിൽ പോലും മുഖം കാണിച്ചിട്ടില്ല. അറിയപ്പെടുന്ന പൊതുപ്രവർത്തകയുമല്ല. എന്നാൽ, ശ്രീദേവി അമ്മയാണിപ്പോൾ താരം. സോഷ്യൽ മീഡിയ അമ്മൂമ്മയെ ഇപ്പോൾ ആഘോഷിക്കുകയാണ്. ചാനലുകൾ സ്റ്റോറികൾ ചമക്കുകയാണ്. എല്ലാം ഒരു കിണറ്റിലിറങ്ങിയതിെൻറ പേരിൽ. പക്ഷേ, ശ്രീദേവി അമ്മക്ക് കിണറ്റിലിറങ്ങുക എന്നത് അത്ര സാഹസമുള്ള കാര്യമല്ല. ബക്കറ്റ് വീണാൽ, കുടം വീണാൽ, തേങ്ങ വീണാൽ, എന്തിനധികം കിണറ്റിലെ കാടുകളയാൻവരെ മുത്തശ്ശി കിണറ്റിലിറങ്ങും. രണ്ടു മാസം മുമ്പ് ചെറിയൊരു അസുഖം പിടിപെട്ടിരുന്നു. അതിനുശേഷം കിണറ്റിലിറങ്ങിയതാണ് ഇപ്പോൾ വൈറലാവുന്നത്. പതിവ് കാഴ്ചയായതിനാൽ വീട്ടുകാർ അധികം കാര്യമാക്കിയിരുന്നില്ല. വെളുപ്പിന് എഴുന്നേൽക്കുന്ന ഇവർ തെങ്ങിന് തടം തുറക്കലും മറ്റും ചെയ്യാറുണ്ട്. നല്ല നീന്തൽക്കാരി കൂടിയാണ് ശ്രീദേവി അമ്മ.
പേരക്കുട്ടികൾ ഇക്കുറി പണിപറ്റിച്ചു. മുത്തശ്ശിയുടെ കിണറ്റിലിറക്കം അവർ മൊബൈലിൽ ഷൂട്ട്ചെയ്ത് സാമൂഹിക മാധ്യമങ്ങളിലിട്ടു. 90 കഴിഞ്ഞ മുത്തശ്ശി പതിനെട്ടിെൻറ ഉശിരോടെ കിണറ്റിലിറങ്ങുന്നതും കയറുന്നതും അതിനിടയിലെ നാടൻ ‘പയമ’യും ഇപ്പോൾ മലയാളി ആഘോഷിക്കുകയാണ്. ലക്ഷങ്ങളാണ് വിഡിയോ കണ്ട് അദ്ഭുതപ്പെടുന്നത്. തൊണ്ണൂറുകാരി കിണറ്റിലിറങ്ങുന്നത് പുതിയ തലമുറക്കു മാത്രമല്ല പഴയ തലമുറക്കും അവിശ്വസനീയം. പക്ഷേ, ലൈവായി കാണുമ്പോൾ വിശ്വസിക്കാതിരിക്കുന്നതെങ്ങനെയെന്ന് ജനം. വിഡിയോ വൈറലായപ്പോൾ മലയാളത്തിലെ പ്രധാന ചാനലുകളും ശ്രീദേവി അമ്മയെ തേടി കുഞ്ഞിമംഗലത്തെത്തി. ഞാൻ സാധാരണ ചെയ്തുവരുന്ന, കിണറ്റിലിറങ്ങിയതെങ്ങനെ നാട്ടുകാരറിഞ്ഞു?, അതിലെന്താ അദ്ഭുതം എന്നാണ് വാട്സ് ആപ്പും ഫേസ് ബുക്കുമൊന്നും പരിചയമില്ലാത്ത ഇവർ ചോദിക്കുന്നത്.
നാലു പെൺമക്കളാണ് ശ്രീദേവി അമ്മക്ക്. ഇളയ മകളോടൊപ്പമാണ് താമസം. കിണറ്റിൻകരയിലെ തെങ്ങാണ് ഇപ്പോൾ മുത്തശ്ശിയെ പ്രശസ്തയാക്കിയത്. തേങ്ങയിടുമ്പോൾ രണ്ട് ഉണങ്ങിയ തേങ്ങ കിണറ്റിൽ വീണു. ഇതെടുക്കാനാണ് വെള്ളമെടുക്കുന്ന കയറുപിടിച്ച് കിണറ്റിലിറങ്ങിയത്. ഇതെടുത്ത് ബക്കറ്റിലിട്ട് ഒന്നും സംഭവിക്കാത്ത പോലെ തിരികെ കയറുകയും ചെയ്തു. ഇതിെൻറ വിഡിയോയാണ് ചെറുമക്കൾ ഫേസ്ബുക്കിലിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
