വെള്ളാപ്പള്ളിയുടെ ഗുരുനിന്ദ എല്ലാ അതിരും ലംഘിച്ചെന്ന് ശ്രീനാരായണ സംഘടനകൾ
text_fieldsകൊച്ചി: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ഗുരുനിന്ദ സഭ്യതയുടെ സമസ്ത സീമകളും ലംഘിച്ച് ആപത്കരമായ ഘട്ടത്തിലെത്തിയിരിക്കുകയാണെന്ന് ശ്രീനാരായണ സേവാസംഘം, ശ്രീനാരായണ സഹോദര ധർമവേദി, എസ്.എൻ.ഡി.പി സംരക്ഷണ സമിതി, ശ്രീനാരായണ ധർമോദ്ധാരണ സമിതി, എസ്.എൻ.ഡി.പി യോഗം-എസ്.എൻ ട്രസ്റ്റ് സംരക്ഷണ സമിതി എന്നിവയുടെ നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നടേശനെ മുഖ്യമന്ത്രി തന്നോടൊപ്പം കാറിൽ കൊണ്ടുപോകുകയും അയ്യപ്പസംഗമ വേദിയിലേക്ക് ആനയിക്കുകയും ചെയ്തത് നിയമവ്യവസ്ഥയെ അവഹേളിക്കലായിരുന്നു. വിവരവും വിവേകവുമുള്ള സമൂഹം വെള്ളാപ്പള്ളിയെ തമസ്കരിച്ചതിന്‍റെ വിളംബരമായിരുന്നു ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം.
സംഘടനയെയും സമുദായത്തെയും സർവനാശത്തിലേക്ക് നയിക്കുന്ന അദ്ദേഹം ആരുടെയോ കുഴലൂത്തുകാരനായി മുസ്ലിം സമുദായത്തിനുമേൽ കുതിര കയറുകയാണ്. അപേക്ഷിച്ചവർക്കെല്ലാം മെഡിക്കൽ കോളജും എൻജിനീയറിങ് കോളജും സർക്കാർ അനുവദിച്ചു. ഒരപേക്ഷ പോലും നൽകാതിരുന്ന നടേശൻ, എസ്.എൻ.ഡി.പി യോഗത്തിന് സ്ഥാപനം അനുവദിച്ചില്ലെന്ന് ആക്ഷേപമുന്നയിക്കുന്നത് വഞ്ചനയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, അഡ്വ. സി.കെ. വിദ്യാസാഗർ, അഡ്വ. എസ്. ചന്ദ്രസേനൻ, കെ.എൻ. ബാൽ, പി.പി. രാജൻ, അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്, എം.വി. പരമേശ്വരൻ, അഡ്വ. പി.പി. മധുസൂദനൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

