You are here
ശ്രീചിത്രയിലെ ചികിത്സാ സൗജന്യം: മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി
തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സാ സൗജന്യം വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഇടപെടൽ. ഇതുസംബന്ധിച്ച് ആശുപത്രി ഡയറക്ടർ നാലാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദേശിച്ചു.
പട്ടികജാതി-വർഗക്കാർക്കുപോലും ചികിത്സാ സൗജന്യം ഒഴിവാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജുവാണ് പരാതി നൽകിയത്. ഭൂരഹിത-ഭവനരഹിതർക്ക് മാത്രമായി സൗജന്യ ചികിത്സ പരിമിതപ്പെടുത്തുന്നത് സാധാരണക്കാരെ ഒഴിവാക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ്. ദാരിദ്യ്രരേഖക്ക് താഴെയുള്ളവർക്കുപോലും പൂർണമായ ചികിത്സാ ഇളവ് ലഭിക്കില്ല.
മാനേജ്മെൻറ് നിശ്ചയിച്ച ഒമ്പത് വ്യവസ്ഥകളിൽ ഏഴെണ്ണമെങ്കിലും ഉണ്ടെങ്കിൽ മാത്രമേ സൗജന്യം ലഭിക്കുകയുള്ളൂ. പരാതി പരിഗണിച്ച കമീഷൻ തുടർനടപടികളുടെ ഭാഗമായി ആശുപത്രി ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.