തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്-തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsതിരുവനന്തപുരം: ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ നിയമപ്രകാരം നടക്കുന്നതും അവയുടെ വ്യാപ്തിയും കൃത്യതയും ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നതുമാണെന്നും തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. രാഷ്ട്രീയ പാർട്ടികൾ നിയോഗിച്ച പ്രതിനിധികളെ അപമാനിക്കലും, തെരഞ്ഞെടുപ്പ് ജീവനക്കാരെ നിരുത്സാഹപ്പെടുത്തുന്നതും നിയമത്തോടുള്ള അനാദരവാണ്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ആരോപിച്ച് ചില രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ച ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ വസ്തുതകളുടെ പിൻബലത്തോടെ നിഷേധിച്ചു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 6.40 കോടി വോട്ടർമാർ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ വോട്ട് രേഖപ്പെടുത്തി. ശരാശരി 58 ലക്ഷം വോട്ടുകൾ ഓരോ മണിക്കൂറിലും രേഖപ്പെടുത്തിയപ്പോൾ, അവസാന രണ്ട് മണിക്കൂറിൽ 65 ലക്ഷം വോട്ടുകൾ എന്നത് സാധാരണ ശരാശരിയേക്കാൾ കുറവാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
എല്ലാ ബൂത്തുകളിലും സ്ഥാനാർഥികളോ രാഷ്ട്രീയ പാർട്ടികളോ ഔദ്യോഗികമായി നിയോഗിച്ച പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് പോളിംഗ് നടന്നത്. സ്ഥാനാർഥികളോ അവരുടെ ഏജന്റുമാരോ, തെരഞ്ഞെടുപ്പിന് ശേഷം റിട്ടേണിംഗ് ഓഫീസർ (ആർ.ഒ) അല്ലെങ്കിൽ തെരഞ്ഞെടുപ്പ് നിരീക്ഷകർക്ക് മുമ്പാകെ പരിശോധനയിൽ അസാധാരണ വോട്ടിംഗിനെക്കുറിച്ച് തെളിവുകളുടെ പിൻബലമുള്ള യാതൊരു ആരോപണങ്ങളും ഉന്നയിച്ചിട്ടില്ല.
മഹാരാഷ്ട്രയിലെ വോട്ടർ പട്ടിക 1950 ലെജനപ്രാതിനിധ്യ നിയമവും, 1960ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ ചട്ടങ്ങളും അനുസരിച്ചാണ് തയ്യാറാക്കിയത്. 2024 ഡിസംബർ 24-ന് ആരോപണങ്ങൾക്ക് വിശദമായ മറുപടി ഇ.സി.ഐ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നിരുന്നാലും ഈ വസ്തുതകൾ പൂർണമായും അവഗണിച്ചുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ആവർത്തിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

