കായികമന്ത്രിക്ക് കായികമേളയോട് അയിത്തം?
text_fieldsകുന്നംകുളം: കൗമാര കായികമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ കായികമന്ത്രി വി. അബ്ദുറഹിമാന്റെ അസാന്നിധ്യം ചർച്ചയായി. സംഘാടക സമിതിയോ ജനപ്രതിനിധികളോ വേദിയിലെത്തിയ മന്ത്രി രാധാകൃഷ്ണനോ അദ്ദേഹത്തിന്റെ പേരുപോലും പരാമർശിച്ചില്ലെന്നതും ശ്രദ്ധേയമായി. കായികമേള സമാപന സമ്മേളനത്തോടനുബന്ധിച്ച് സമ്മാനദാനം നൽകുന്നതിന് നോട്ടീസിൽ മന്ത്രിയുടെ പേര് െവച്ചിരുന്നു. അദ്ദേഹം എത്തുമെന്നാണ് ഓഫിസുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരെ അറിയിച്ചത്.
സമാപന സമ്മേളനം തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അസാന്നിധ്യം കായികാധ്യാപകർ ഉൾപ്പെടെ ചൂണ്ടിക്കാട്ടി. എന്നാൽ, വേദിയിൽ സംസാരിച്ച സംഘാടക സമിതി ചെയർമാനായ എ.സി. മൊയ്തീൻ എം.എൽ.എയോ ഉദ്ഘാടകനായ മന്ത്രിയോ അദ്ദേഹത്തിന്റെ പേരുപോലും പറഞ്ഞില്ല. തിരുവനന്തപുരത്തു നടന്ന മേളയിലും കായികമന്ത്രി പങ്കെടുത്തിരുന്നില്ല. വരാൻ സാധിച്ചില്ലെങ്കിൽ ആശംസ സന്ദേശമെങ്കിലും അയക്കുന്ന പതിവ് ജനപ്രതിനിധികൾക്കുണ്ട്.

