‘ചോദ്യത്തിന് മറ്റേ ഭാഷയിൽ മറുപടി പറയേണ്ടിവരും’ എന്ന് കായികമന്ത്രി; മര്യാദയോടെ പെരുമാറണമെന്ന് പത്രപ്രവർത്തക യൂനിയൻ
text_fieldsമലപ്പുറം: അർജന്‍റീന ടീം കേരളത്തിൽ എത്താത്തത് വിശദീകരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി കായിക മന്ത്രി വി. അബ്ദുറഹിമാൻ. ചോദ്യത്തിന് മറ്റേ ഭാഷയിൽ മറുപടി പറയേണ്ടിവരും എന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപം.
‘‘തന്നോട് ഇവിടുന്ന് ഞാൻ തർക്കിക്കുന്നില്ല. അത് ശരിയാകില്ല. നിന്നോട് വർത്തമാനം പറയാൻ മറ്റേ ഭാഷ വേണം. ഫിഫയുടെ അനുമതിയുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിൽക്കുന്നുണ്ട്. അത് പരിഹരിച്ചാൽ നവംബറിൽ കളിക്കും. അല്ലാത്തപക്ഷം അടുത്ത വിൻഡോയിൽ ടീം കേരളത്തിൽ കളിക്കും. അതിൽ എന്താണിത്ര തെറ്റ്? ’’ -മന്ത്രി പറഞ്ഞു. തുടർന്ന് ഒരു ചാനലിന്റെ പേരെടുത്തുപറഞ്ഞ് വിമർശിക്കാനും മന്ത്രി മടിച്ചില്ല. സ്റ്റേഡിയം നവീകരണത്തിന് സ്പോൺസറും സർക്കാറും തമ്മിൽ കരാറുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ മന്ത്രി തയാറായതുമില്ല.
മന്ത്രി മാധ്യമ പ്രവർത്തകരോട് മര്യാദയോടെ പെരുമാറണം -കേരള പത്രപ്രവർത്തക യൂനിയൻ
മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് വളരെ നല്ല നിലയിൽ പ്രതികരിക്കാറുള്ള കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഭാഗത്ത്നിന്ന് ഇന്നുണ്ടായ അപമാര്യാദയോടെയുള്ള പെരുമാറ്റം അത്യന്തം ഖേദകരവും പ്രതിഷേധാർഹമാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകരെ പൊതുയിടത്തിൽ അവഹേളിക്കുന്ന വിധത്തിലുള്ള പ്രതികരണമാണ് മന്ത്രിയിൽ നിന്നുണ്ടായത്. ഇത് പ്രതിഷേധാർഹം ആണ്. മന്ത്രി മാധ്യമ പ്രവർത്തകരോട് മര്യാദയോടെ പെരുമാറണമെന്ന് പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
ചോദ്യം ചോദിച്ച റിപ്പോർട്ടറെ ആക്ഷേപിക്കുന്നവിധം സംസാരിച്ച മന്ത്രിയുടെ നടപടിയിൽ പ്രതിഷേധിക്കുന്നതായി മലപ്പുറം പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്. മഹേഷ് കുമാർ, സെക്രട്ടറി വി.പി. നിസാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംയമനത്തോടെ ഇടപെടാൻ മന്ത്രി തയാറാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
അര്‍ജന്റീന നവംബറില്‍ വന്നില്ലെങ്കില്‍ മറ്റൊരിക്കല്‍ വരും -കായികമന്ത്രി
മലപ്പുറം: അര്‍ജന്റീന ഫുട്‌ബാള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്നുതന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍. അതിനായുള്ള ശ്രമം തുടരുകയാണ്. ഫിഫ അംഗീകാരവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നമാണ് ടീം കേരളത്തിലെത്താത്തതിന് കാരണം. വേണമെങ്കില്‍ മെസ്സി മാത്രമായിട്ട് വരും. പക്ഷേ, അത് നമ്മള്‍ ആഗ്രഹിക്കുന്നില്ല. മെസ്സി മാത്രം വന്ന് റോഡ് ഷോ നടത്തിപോയാല്‍ കായികമേഖലയില്‍ ഗുണം കിട്ടില്ലെന്നും മന്ത്രി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫിഫ അനുമതികള്‍ വൈകിയതാണ് അര്‍ജന്റീന ടീമിന്റെ നവംബറിലെ വരവ് തടസ്സപ്പെടാന്‍ കാരണം. സ്റ്റേഡിയം നവീകരണം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കും എന്നു കരുതിയാണ് സന്ദര്‍ശനത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ചത്. അര്‍ജന്റീന നവംബറില്‍ വന്നില്ലെങ്കില്‍ മറ്റൊരിക്കല്‍ വരും. ആ ദിവസത്തെ കളി വേറെ എവിടേക്കും മാറ്റിവെച്ചിട്ടില്ല. നമ്മുടെ നാട്ടിലെ ചിലര്‍ ഇ-മെയില്‍ അയച്ച് അര്‍ജന്റീനയുടെ വരവ് മുടക്കാന്‍ നോക്കിയെന്നും മന്ത്രി ആരോപിച്ചു.
സ്റ്റേഡിയത്തിന്റെ അംഗീകാരത്തിനായി 20 ദിവസം മുമ്പായിരുന്നു അപേക്ഷ നല്‍കേണ്ടിയിരുന്നത്. കഴിഞ്ഞ ദിവസം വൈകിയാണ് പേപ്പറുകള്‍ സമര്‍പ്പിച്ചത്. ഈ ആഴ്ചതന്നെ അംഗീകാരം നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ നവംബറില്‍തന്നെ കളി നടക്കും. ഇല്ലെങ്കില്‍ അടുത്ത വിന്‍ഡോയില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

