സ്പോര്‍ട്സ് ജേര്‍ണലിസ്റ്റും റിട്ട. ജോയിന്റ് സെക്രട്ടറിയുമായ മാത്യു സക്കറിയ അന്തരിച്ചു
text_fieldsതിരുവനന്തപുരം: പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റും ഗവ. സെക്രട്ടേറിയറ്റ് റിട്ട. ജോയിന്റ് സെക്രട്ടറിയുമായ മാത്യു സക്കറിയ പാറക്കല്‍ (ചെങ്ങന്നൂര്‍ മുക്കത്ത് കുടുംബയോഗം) അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ഹിന്ദു എന്നീ പത്രങ്ങളിലും യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ വാർത്ത ഏജൻസിയിലും നിരവധി സ്‌പോര്‍ട്സ് ലേഖനങ്ങള്‍ എഴുതിയിരുന്നു. ചീഫ് സെക്രട്ടറിമാരായ ഗോപാലസ്വാമി, രാമചന്ദ്രന്‍, സക്കറിയ മാത്യു എന്നിവരുടെ കീഴില്‍ സ്‌പോര്‍ട്‌സ് ഓഫിസറായും പ്രവർത്തിച്ചു.
കേരള സെക്രട്ടേറിയറ്റ് സ്‌പോര്‍ട്‌സ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി (1959), ആള്‍ ഇന്ത്യ സിവില്‍ സര്‍വിസ് അത്‌ലറ്റിക്‌സ് മീറ്റിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറി, ആള്‍ ഇന്ത്യ സിവില്‍ സര്‍വിസസ് ഫുട്‌ബാള്‍ ടൂര്‍ണമെന്‍റ് ഓര്‍ഗനൈസിങ് സെക്രട്ടറി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു. മാത്യു സക്കറിയയുടെ ഇടപെടലിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വിസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിലവില്‍ വന്നത്.
തിരുവിതാംകൂറില്‍ കായിക വിനോദത്തിന് തുടക്കമിട്ട കേണല്‍ ഗോദ വര്‍മ്മ രാജയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്ത്യന്‍ കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒളിമ്പ്യന്മാരായ സുരേഷ് ബാബു, പി.ടി. ഉഷ, ടി.സി. യോഹന്നാന്‍, വോളിബാള്‍ താരങ്ങളായ ജിമ്മി ജോര്‍ജ്, ജോണ്‍സണ്‍ ജേക്കബ് തുടങ്ങിയവരെ കായിക കേരളത്തിന് പരിചയപ്പെടുത്തിയ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് കൂടിയായിരുന്നു മാത്യു.
സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 1.45ന് തിരുവനന്തപുരം പാറ്റൂര്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

