കായികമേള വേദിമാറ്റം ഒരുക്കത്തിനിടെ; പ്രതിഷേധം ശക്തം
text_fieldsനവീകരിച്ച കണ്ണൂർ പൊലീസ് മൈതാനം
കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കോഴിക്കോട്ടേക്ക് മാറ്റിയതിൽ പ്രതിഷേധം. കണ്ണൂരിലെ ഒരുക്കം പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായുള്ള വേദിമാറ്റമുണ്ടായത്. 2025 ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന കായികമേളയുടെ സമാപനച്ചടങ്ങിലാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കണ്ണൂരിൽ കായികമേള പ്രഖ്യാപിച്ചതും. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യനും ഡി.ഡി ഷൈനിക്കും പതാക കൈമാറിയതും.
തുടർന്ന് കായികമേളയെ വരവേൽക്കാനുള്ള തയാറെടുപ്പിലായിരുന്നു ജില്ല. കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളിൽ മൈതാനസജ്ജീകരണമടക്കം നടന്നിരുന്നു. 2019ലാണ് കണ്ണൂരിൽ അവസാനമായി കായികമേള നടന്നിരുന്നത്. മാങ്ങാട്ടുപറമ്പ് സിന്തറ്റിക് സ്റ്റേഡിയത്തിലായിരുന്നു അന്ന് കായികമേള നടന്നിരുന്നത്. എല്ലാവരും വലിയ പ്രതീക്ഷയോടെ കണ്ടിരുന്ന സ്കൂൾ കായികമേളയുടെ മാറ്റം ഭരണം മാറിയതോടെയാണെന്നാണ് ആരോപണം.
ഒളിമ്പിക്സ് മാതൃകയിലാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി സ്കൂൾ കായികമേള നടന്നിരുന്നത്. ഭരണം മാറിയതോടെ ഇതിലും മാറ്റമുണ്ടാകുമോയെന്നാണ് കായികപ്രേമികൾ ആശങ്കപ്പെടുന്നത്. കഴിഞ്ഞതവണ മൂന്നാം സ്ഥാനമാണ് കണ്ണൂരിന് ലഭിച്ചിരുന്നത്. ആതിഥേയത്വം ലഭിച്ചിരുന്നതോടെ കഴിഞ്ഞതവണത്തെ മൂന്നാം സ്ഥാനം ഒന്നാം സ്ഥാനമാക്കി കായികമേള നടക്കുന്ന തങ്ങളുടെ ജില്ലക്ക് അഭിമാനമാകാനുള്ള പ്രയത്നത്തിലായിരുന്നു സ്കൂളുകളും വിദ്യാർഥികളും. കായികമേള സംബന്ധിച്ച് അധ്യാപകസംഘടനകളുടെ യോഗം ശനിയാഴ്ച കോഴിക്കോട്ട് നടക്കുന്നുണ്ട്.
കെ.എസ്.ടി.എ അടക്കമുള്ള അധ്യാപക സംഘടനകൾ കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് മാറ്റാനിടയായ സാഹചര്യമെന്തെന്ന് യോഗത്തിൽ ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ കായികമേള മാറ്റുന്നതിനെക്കുറിച്ച് ഇവരുമായി ഒരുവിധ ചർച്ചയും നടത്തിയിട്ടില്ലെന്നാണ് അറിയുന്നത്. ഞായറാഴ്ച കായികമേളയുടെ സ്വാഗതസംഘം യോഗവും വിളിച്ചിട്ടുണ്ട്. 68ാമത് കായികമേളയാണ് കണ്ണൂരിൽ നടക്കേണ്ടിയിരുന്നത്. കോഴിക്കോട് എൻ.ഐ.ടി ഗ്രൗണ്ട്, മെഡിക്കൽ കോളജ് ഗ്രൗണ്ട് എന്നിവയാണ് പ്രധാന വേദികൾ. ഒക്ടോബർ 24 മുതൽ 29വരെയാണ് കായികമേള നടക്കുക.
ജില്ലയെ അപമാനിക്കുന്നതിന് തുല്യം -അഡ്വ. ബിനോയ് കുര്യൻ
അഡ്വ. ബിനോയ് കുര്യൻ
കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേള കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് മാറ്റിയത് കണ്ണൂർ ജില്ലയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ. കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ കായികമേള സമാപനവേദിയിലാണ് ജില്ലയുടെ പേര് അന്നത്തെ മന്ത്രി പ്രഖ്യാപിച്ചത്. ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന മേളയിൽ, അത്തരം പ്രഖ്യാപനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
കായികമേളയെ വരവേൽക്കാൻ വലിയ തയാറെടുപ്പിലായിരുന്നു ജില്ല. വേദി മാറ്റുന്നതുസംബന്ധിച്ച് ഒൗദ്യോഗികമായ അറിയിപ്പൊന്നും കിട്ടിയിട്ടില്ല. കണ്ണൂർ ജില്ലയെ മൊത്തം അപമാനിക്കുന്നതിന് തുല്യമായിപ്പോയി ഇൗ അവഗണന -ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

