
ആമ്പല്ലൂരിൽ വൻ സ്പിരിറ്റ് വേട്ട; 2450 ലിറ്റർ സ്പിരിറ്റ് പിടികൂടി
text_fieldsതൃശൂർ: ആമ്പല്ലൂരിൽനിന്ന് വൻതോതിൽ സ്പിരിറ്റ് പിടികൂടി. വീട്ടിൽ 70 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 2,450 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് കമീഷണറുടെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ് സ്ക്വാഡ് പിടികൂടിയത്.
വീട്ടിലെ താമസക്കാരനായ രഞ്ജിത്ത്, കൂട്ടാളികളായ ദയാനന്ദൻ, ജയിംസ് എന്നിവരെ അറസ്റ്റ് ചെയ്തു. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു. എൻഫോഴ്സ്മെൻറ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
ടീം ലീഡർ സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാറും സംഘവുമാണ് റെയ്ഡ് നടത്തിയത്. സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ് കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജസീം, വിശാഖ്,സുബിൻ, ഷംനാദ്, രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
