Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോത്ര വിഭാഗത്തിന് വയനാട്ടില്‍ പ്രത്യേക പരിശീലനകേന്ദ്രം ആരംഭിക്കും: മന്ത്രി കെ.എ. തുളസി

text_fields
bookmark_border
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്ലസ് വണ്‍, പ്ലസ് ടു കോഴ്സുകള്‍ക്കായി ട്യൂഷന്‍ ടീച്ചര്‍മാരെ നിയമിക്കുന്നത് അടിയന്തരമായി പരിഗണിക്കും
ഗോത്ര വിഭാഗത്തിന് വയനാട്ടില്‍ പ്രത്യേക പരിശീലനകേന്ദ്രം ആരംഭിക്കും: മന്ത്രി കെ.എ. തുളസി
cancel
camera_alt

പട്ടിക ജാതി -പട്ടിക വർഗ പിന്നാക്കക്ഷേമ മന്ത്രി കെ.എ. തുളസിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് എ.പി.ജെ. ഹാളിൽ നടന്ന ജില്ലാതല അവലോകന യോഗം

കൽപറ്റ: ജില്ലയിലെ ഗോത്ര-പിന്നാക്ക വിഭാഗക്കാര്‍ക്കായി പ്രത്യേക ട്രെയിനിങ് സെന്റര്‍ ആരംഭിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ മന്ത്രി കെ.എ. തുളസി. പിന്നാക്ക വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഒരുക്കി പ്രാദേശികമായി ജോലി ചെയ്യാന്‍ പ്രപ്തരാക്കാന്‍ പരിശീലനം നല്‍കുകയാണ് പ്രത്യേക ട്രെയിനിങ് സെന്ററിലൂടെയെന്നും മന്ത്രി പറഞ്ഞു. മൊബൈല്‍ റിപ്പയറിങ്, ഇലക്ട്രിക്കല്‍, വെല്‍ഡിങ്, ബൈന്റിങ് തുടങ്ങിയ കോഴ്സുകളില്‍ താമസിപ്പിച്ച് പരിശീലനം നല്‍കി സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കും.

പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ വികസന പദ്ധതികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ഉപ പദ്ധതികളുടെയും പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്ലസ് വണ്‍, പ്ലസ് ടു കോഴ്സുകള്‍ക്കായി ട്യൂഷന്‍ ടീച്ചര്‍മാരെ നിയമിക്കുന്നത് അടിയന്തരമായി പരിഗണിക്കും. മെന്റര്‍ ടീച്ചര്‍മാരുടെ നിയമന കാര്യത്തിന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലന്നും മന്ത്രി പറഞ്ഞു. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക മൊഴി രേഖപ്പെടുത്തി പരിഹാരം കാണുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ജില്ലക്ക് പ്രത്യേക പരിഗണന നല്‍കി പട്ടികവര്‍ഗ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍, ഭവന നിർമാണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധപുലര്‍ത്തണമെന്നും മന്ത്രി നിർദേശിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതിയുടെ ആദ്യ ഗഡു ഡിസംബറിലും രണ്ടാം ഗഡു ഫെബ്രുവരിയോടെയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതി പുരോഗതി വിലയിരുത്തി യോഗം

സ്‌ക്രൈബ് മുഖേന എസ്.എസ്.എല്‍.സി പാസായ കുട്ടികള്‍ പ്ലസ് വണ്ണിന് അപേക്ഷിക്കുമ്പോള്‍ അഡ്മിഷന്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷനായ എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ പറഞ്ഞു. വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും പ്രവേശനം ലഭിക്കാത്തവര്‍ക്ക് താത്പര്യമുള്ള സ്‌കൂളില്‍ താത്പര്യമുള്ള കോഴ്സിന് സീറ്റ് വർധിപ്പിച്ചു നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വനാവകാശ നിയമ പ്രകാരവും വിവിധ സ്‌കീമുകള്‍ മുഖേനയും ഭൂമി ലഭിക്കാത്ത നിരവധി കുടുംബങ്ങള്‍ ജില്ലയിലുണ്ട്. ഇവര്‍ക്കായി ഭൂമി കണ്ടെത്തി നല്‍കാന്‍ നോഡല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഭൂമി സംബന്ധമായ സർവേ നടത്തി അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണം. ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ബിനാമികളുടെ ഇടപെടല്‍ ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ ഭവന നിര്‍മാണം പട്ടിക വര്‍ഗ സൊസൈറ്റികളെ ഏല്‍പ്പിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.

വനാവകാശ നിയമ പ്രകാരം പട്ടയം ലഭ്യമാകാത്ത വിഷയങ്ങള്‍ പരിശോധിക്കണമെന്ന് യോഗത്തില്‍ എം.എല്‍.എ ഉഷാ വിജയന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ നൂതന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഗോത്ര മേഖലയിലേക്ക് കൂടുതല്‍ ആംബുലന്‍സ് സൗകര്യം ഒരുക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു.

പ്രീമെട്രിക് ഹോസ്റ്റലുകള്‍, മോഡല്‍ പ്രീ സ്‌കൂള്‍, സാമൂഹ്യ പഠനം മുറികള്‍, സ്മാര്‍ട്ട് പഠന മുറികളിലെ അടിസ്ഥാന സൗകര്യ വികസനം, പണിയ പാക്കേജ്, വിദ്യാവാഹിനി, പ്രീമെട്രിക് -പോസ്റ്റ് മെട്രിക് വിദ്യാഭ്യാസം, അയ്യങ്കാളി സ്‌കോളര്‍ഷിപ്പ്, പഠന വിനോദയാത്ര, ആരോഗ്യ പദ്ധതികള്‍, സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി, പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം, ജനനി ജന്മരക്ഷാ പദ്ധതി, കൈത്താങ്ങ്, സേഫ് പദ്ധതി, കോര്‍പസ് ഫണ്ട്, ഭക്ഷ്യസഹായ പദ്ധതി, ഭവന ഭൂരഹിതരുടെ വിവരങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതി പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു.

പണിയ വിഭാഗക്കാര്‍ക്കായി പ്രത്യേക പാക്കേജ് പദ്ധതി പ്രകാരം എടപ്പെട്ടി, റാട്ടക്കൊല്ലി വിനായക, സൂര്യമ്പം ഊരുകളുടെ സമഗ്ര വികസനത്തിന് വിവിധ പദ്ധതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ പട്ടിക വര്‍ഗ വികസന ഓഫിസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഊരുകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. സുഗന്ധഗിരി, പൂക്കോട്, പരൂര്‍ക്കുന്ന് പുനരധിവാസ മേഖലകളില്‍ അനുവദിച്ച പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും മന്ത്രി യോഗത്തില്‍ നിർദേശിച്ചു.

ഹോസ്റ്റലുകളിലെ വിദ്യാർഥികളുടെ പഠനത്തിനും അടിസ്ഥാന സൗകര്യത്തിനും കൃത്യമായ പരിഗണന നല്‍കണം. ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ചെറിയ ക്ലാസുകളില്‍ തന്നെ സയന്‍സ് വിഷയങ്ങളോടുള്ള താത്പര്യമുണ്ടാക്കിയെടുക്കാന്‍ അധ്യാപകര്‍ ശ്രദ്ധപുലര്‍ത്തണം. ഇതിനായി അധ്യാപകരുടെ കൃത്യമായ ഇടപെടല്‍ ഉണ്ടാകണം. ജനനി ജന്മ രക്ഷ മാതൃശിശു സംരക്ഷണ പദ്ധതിക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കൃത്യമായി നിര്‍ദേശം നല്‍കണമെന്നും മന്ത്രി നിർദേശിച്ചു.

പണിയ പാക്കേജില്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തണം. ഇതിനായി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ജില്ലതലത്തില്‍ അപേക്ഷ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതികളുടെയും പിന്നാക്ക ക്ഷേമ വകുപ്പിന്റെ വിദ്യാഭ്യാസ ആനുകുല്യ പദ്ധതിളുടെയും നടത്തിപ്പ് മന്ത്രി പരിശോധിച്ചു. പ്രളയം പോലുള്ള ദുരന്ത സമയങ്ങളില്‍ വെള്ളക്കെട്ട് ബാധിച്ച മേഖലകളില്‍ താമസിക്കുന്ന എസ്.ടി വിഭാഗക്കാരായ കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഘട്ടംഘട്ടമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. അവരുടെ പഴയ വാസസ്ഥലങ്ങള്‍ കൃഷിയോഗ്യമായ ഭൂമിയാക്കി മാറ്റുന്നതിനുള്ള സംവിധാനങ്ങള്‍ ആലോചിക്കണം.

പട്ടികവര്‍ഗ വിഭാഗക്കാരുടെ ജീവിത രീതിക്ക് ഇണങ്ങുന്ന വീടുകളുടെ ഡിസൈന്‍ തയാറാക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. കലക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ജില്ലതല യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, പട്ടികജാതി വികസന വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വി. സജീവ്, എ.ഡി.എം കെ. അജീഷ്, സബ് കലക്ടര്‍ അതുല്‍ സാഗര്‍, ജില്ല പട്ടികവര്‍ഗ വികസന വകുപ്പ് പ്രോജക്ട് ഓഫിസര്‍ ഷുമിന്‍ എസ് ബാബു, ജില്ല പട്ടികജാതി വികസന ഓഫിസര്‍ എം. മുകേഷ്, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍മാരായ ടി.പി. ശ്രീകല, കെ. ബിന്ദു, പിന്നാക്ക ക്ഷേമ വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ബി. പ്രബിന്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

മന്ത്രിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കൽപറ്റ: ആദിവാസി സ്ത്രീയുടെ മൃതദേഹം പട്ടിക വർഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാത്ത സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. കലക്ടറേറ്റിൽ മന്ത്രി കെ.എ. തുളസി പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കവേ ആയിരുന്നു പുറത്ത് പ്രതിഷേധം. പൊലീസ് തടഞ്ഞതോടെ യോഗഹാളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. വനിത പ്രവർത്തകരെ അടക്കം ക്രൂരമായാണ് പൊലീസ് നേരിട്ടതെന്നു ഡി.വൈ.എഫ്.ഐ ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Special Training Centre for Tribals in Wayanad
Next Story