മെസ്സിയുടെ പേരിലെ തട്ടിപ്പ്: സമഗ്രാന്വേഷണത്തിന് പ്രത്യേകസംഘം
text_fieldsവി.ഡി. സതീശൻ, ലയണൽ മെസ്സി
തിരുവനന്തപുരം: ലെയ്ണൽ മെസ്സിയേയും അർജന്റീന ഫുട്ബാൾ ടീമിനെയും കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിക്കും. വിജിലൻസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ അംഗങ്ങളാക്കിയുള്ള അന്വേഷണ സംഘത്തിനാകും രൂപം നൽകുക.
സംഭവവുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പിനെ കുറിച്ചുള്ള ജി.എസ്.ടി വകുപ്പ് എസ്.ഐ.ടി അന്വേഷണത്തിന് പുറമെയാകും സമഗ്രാന്വേഷണം. മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി.എസ്.ടി തട്ടിപ്പിൽ എസ്.ഐ.ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. റിപ്പോർട്ട് ഉടൻ കൈമാറും. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിൽ (ആർ.ബി.സി) നിന്ന് നികുതി ഈടാക്കുന്നതിൽ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക കണ്ടെത്തൽ.
അതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ നൽകിയത്. നികുതി വെട്ടിപ്പ് നേരത്തെ കണ്ടെത്തിയിട്ടും സ്പോൺസർക്ക് സമൻസ് അയച്ച് ഏഴു മാസത്തോളം ഒരു നടപടിയും സ്വീകരിച്ചില്ല. കോടികളുടെ നികുതി വെട്ടിപ്പിനെ ഗൗരവത്തോടെ കണ്ടില്ലെന്നാണ് എസ്.ഐ.ടി വിലയിരുത്തൽ. അതിന് പുറമെ നികുതി വെട്ടിപ്പ് ശ്രദ്ധയിൽകൊണ്ടുവന്ന ഉദ്യോഗസ്ഥനെ മാനസികമായി പീഡിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ആ സാഹചര്യത്തിൽ നിലവിൽ ജി.എസ്.ടി കമീഷണർ ചാർജ് മെമ്മോ നൽകിയ മൂന്ന് ഉദ്യോഗസ്ഥർക്ക് അപ്പുറത്തേക്ക് അന്വേഷണം നീണ്ടേക്കും. അർജന്റീന ടീമിനെ കൊണ്ടുവരാനെന്ന പേരിൽ കൈമാറിയ 126 കോടിക്ക് നികുതിയായി സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 22.68 കോടി രൂപ അടയ്ക്കാത്തതിലാണ് നിലവിലെ അന്വേഷണം.
ജി.എസ്.ടി നിയോഗിച്ച ഡെപ്യൂട്ടി കമീഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം നികുതി വെട്ടിപ്പ് കണ്ടെത്തിയ കാഞ്ഞങ്ങാട് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. സ്പോൺസർക്ക് നോട്ടീസ് അയച്ചിട്ടും തുടർനടപടി സ്വീകരിക്കാത്തതിൽ വിശദീകരണവും തേടി.
മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന കളളക്കളികളുടെ കൂട്ടത്തിൽ നികുതി വെട്ടിപ്പുമുണ്ടായോ എന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കിട്ടിയ പരാതികളിലാണ് അന്വേഷണം. കള്ളക്കളികൾ സംബന്ധിച്ച് കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് സമർപ്പിച്ച റിപ്പോർട്ടും മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ട്. ആ റിപ്പോർട്ട് പരിശോധിച്ചാണ് സമഗ്രാന്വേഷണം നടത്തുന്നത്.
സർക്കാറിന് നഷ്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു. അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കാര്യം ആയതിനാലാണ് വിജിലൻസ് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ചേർക്കുന്നതെന്നാണ് വിവരം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

