മുഹമ്മദലിയുടെ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം
text_fieldsകോഴിക്കോട്: വർഷങ്ങൾക്കുമുമ്പ് രണ്ട് കൊലപാതകങ്ങൾ നടത്തിയെന്ന മുഹമ്മദലി എന്ന ആന്‍റണിയുടെ (56) വെളിപ്പെടുത്തൽ അന്വേഷിക്കാൻ പ്രത്യേക സംഘം. വെള്ളയിൽ ബീച്ചിൽ വെച്ച് നടത്തിയ കൊലപാതകം അന്വേഷിക്കാൻ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു. കൂടരഞ്ഞിയിൽ വെച്ച് നടത്തിയ കൊലപാതകത്തിൽ ഇരിട്ടിയിലേക്കും പാലക്കാട്ടേക്കും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
ഇതിനിടെ, 2015ൽ മാനസിക പ്രയാസങ്ങൾക്ക് മുഹമ്മദലി ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ജൂൺ അഞ്ചിന്, മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി, 1986ല്‍ കൂടരഞ്ഞിയിലും 1989ൽ വെള്ളയിൽ ബീച്ചിൽ വെച്ചും താൻ കൊലപാതകങ്ങൾ നടത്തി എന്ന് മുഹമ്മദലി തുറന്നുപറയുകയായിരുന്നു. നടക്കാവ് പൊലീസ് ഇക്കാര്യത്തിൽ പരിശോധന നടത്തുകയും സംഭവം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പഴയ പത്രവാർത്തകൾ മാത്രമാണ് പൊലീസിന്‍റെ കൈയിലുള്ള തെളിവ്. ആരാണ് കൊല്ലപ്പെട്ടതെന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
1986ലെ കൊലപാതകം നവംബർ മാസത്തിലായിരുന്നു. കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പിൽ കൂലിപ്പണി ചെയ്തുകൊണ്ടിരിക്കെ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്ക് ചവിട്ടി വീഴ്ത്തി. അവിടെ നിന്ന് ഓടിപോയി രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടിൽ മുങ്ങി അയാൾ മരിച്ചുവെന്ന് അറിയുന്നതെന്നും മുഹമ്മദലി മൊഴി നൽകി. ഡിസംബർ അഞ്ചിലെ പത്രത്തിൽ കൂടരഞ്ഞി മിഷൻ ആശുപത്രിക്ക് പിറകിലെ വയലിലെ തോട്ടിൽ 20 വയസ്സ് തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയതായി വാർത്ത വന്നിട്ടുണ്ട്.
മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു.
കൂടരഞ്ഞി തൈപറമ്പിൽ പൈലിയുടെ മകനായ ആന്റണിയാണ് മുഹമ്മദലി ആയി മാറിയത്. മുഹമ്മദലി ആരെയും കൊന്നിട്ടില്ലെന്നും മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്നുമാണ് കൂടരഞ്ഞിയിൽ താമസിക്കുന്ന ജ്യേഷ്ഠൻ പൗലോസ് പറയുന്നത്. സംഭവശേഷം വർഷങ്ങൾ കഴിഞ്ഞ് മതം മാറി മുഹമ്മദലിയായി. കൂടരഞ്ഞിയിൽനിന്ന് വിവാഹിതനായെങ്കിലും ഭാര്യ ഉപേക്ഷിച്ചു. പിന്നീട് മറ്റൊരു വിവാഹം കഴിച്ച് മതം മാറി വേങ്ങരയിൽ താമസമാക്കുകയായിരുന്നെന്ന് പൗലോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

