സ്വപ്ന സുരേഷിനെതിരായ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം; റൂറൽ എസ്.പി ഹേമലത നേതൃത്വം നൽകും
text_fieldsതളിപ്പറമ്പ്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവർക്കെതിരെ സി.പി.എം ഏരിയ സെക്രട്ടറി നൽകിയ പരാതി അന്വേഷിക്കാൻ കണ്ണൂരിൽ പ്രത്യേക സംഘം. റൂറൽ എസ്.പി ഹേമലതയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപവത്കരിച്ചത്.
കണ്ണൂർ സിറ്റി എ.എസ്.പി ടി.കെ. രത്നകുമാർ, തളിപ്പറമ്പ് ഡിവൈ.എസ്.പി എം.പി. വിനോദ്, ഇൻസ്പെക്ടർമാരായ എ.വി. ദിനേശൻ (തളിപ്പറമ്പ്), എം. രാജേഷ് (ശ്രീകണ്ഠപുരം), എസ്.ഐമാരായ ഖദീജ (വനിത സെൽ), തമ്പാൻ (ഡിവൈ.എസ്.പി ഓഫിസ്) തുടങ്ങിയവർ അംഗങ്ങളുമാണ്. സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറങ്ങിയത്.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ പിൻവലിക്കാൻ കടമ്പേരി സ്വദേശിയായ വിജേഷ് പിള്ള എന്നയാൾ സമീപിച്ചെന്നും പ്രതിഫലമായി 30 കോടി വാഗ്ദാനം ചെയ്തുവെന്നും ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും സ്വപ്ന സുരേഷ് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് സി.പി.എം ഏരിയ സെക്രട്ടറി തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്.