സഹിച്ചത് മതി, ഇനി ശബ്ദമുയർത്താം; ഗാർഹിക പീഡനത്തിനെതിരെ പൊലീസിന്റെ പ്രത്യേക ദൗത്യസേന
text_fieldsതിരുവനന്തപുരം: ഗാർഹിക പീഡനം തടയാനും അതിജീവിതകൾക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കാനും കേരള പൊലീസ് ‘സ്പീക്ക് അപ്പ്’ എന്ന പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി അജിത ബീഗത്തിനാണ് ചുമതല.
‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് സ്പീക്ക് അപ്പിലൂടെ നൽകുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകളെ മാനസികമായും ശാരീരികമായും തകർക്കുന്ന നിശബ്ദ കൊലയാളിയാണ് ഗാർഹിക അതിക്രമങ്ങൾ. സാമ്പത്തികമോ കുടുംബപരമോ ആയ ഭയം മൂലം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാത്തവിധം ശക്തമായ ഇടപെടലാകും പൊലീസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭയം കാരണം പരാതി പറയാതെ മൗനം പാലിക്കുന്നവരുമുണ്ട്. അത്തരം അവസ്ഥകൾ ആവർത്തിക്കാതിരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരാതി എങ്ങനെ നൽകണം, ലഭ്യമായ നിയമസഹായം എന്തൊക്കെ, തുടർനടപടികൾ എങ്ങനെ തുടങ്ങിയ കാര്യങ്ങളിൽ സ്പീക്ക് അപ്പ് സഹായം നൽകും. ഒരു സഹോദരിയോടോ സുഹൃത്തിനോടോ സംസാരിക്കുന്നതുപോലെ സുരക്ഷിതമായി പരാതികൾ പങ്കുവെക്കാനുള്ള സാഹചര്യമാണ് സ്പീക്കപ്പിലുണ്ടാവുക.
പരമ്പരാഗത പൊലീസ് നടപടികളിൽനിന്ന് മാറി, അതിജീവിതകളുടെ സ്വകാര്യതക്ക് പൂർണ മുൻഗണന നൽകും. വിവരം ലഭിച്ചാൽ ഔദ്യോഗിക വേഷത്തിലല്ലാതെ പൊലീസ് ഉദ്യോഗസ്ഥർ അതിജീവിതകളുമായി ബന്ധപ്പെടും. ഓരോ കേസിനും പ്രത്യേകമായി നിയോഗിക്കുന്ന ഓഫിസർമാർ കേസിന്റെ പുരോഗതി, കൗൺസലിങ്, ഉപജീവന പിന്തുണ തുടങ്ങിയ കാര്യങ്ങൾ ആഴ്ചയിലൊരിക്കൽ വ്യക്തിപരമായി വിലയിരുത്തും.
ഡിജിറ്റൽ ഹെൽപ്പ്ലൈൻ, വാട്സ്ആപ്, പ്രത്യേക മൊബൈൽ ആപ് എന്നിവ വഴി പരാതികൾ വേഗത്തിൽ രജിസ്റ്റർ ചെയ്യാനും സമയബന്ധിതമായി സഹായം ലഭ്യമാക്കാനും പ്രധാന കമാൻഡ് സെന്റർ സജ്ജമാക്കും. പോക്സോ നിയമത്തിലെ വ്യവസ്ഥകൾക്ക് സമാനമായി അതിജീവിതകളുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തിൽ ഷെൽട്ടർ ഹോമുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്.
പ്രധാന ലക്ഷ്യങ്ങൾ
*ഗാർഹിക അതിക്രമം തടയുക.
*അതിജീവിതകൾക്ക് നിയമസഹായവും കൗൺസലിങ്ങും ഉറപ്പാക്കുക.
*സുരക്ഷിത താമസവും ഉപജീവന പിന്തുണയും ലഭ്യമാക്കുക.
*പരാതി നൽകാൻ കഴിയാത്ത സാഹചര്യത്തിലുള്ള സ്ത്രീകൾക്ക് സുരക്ഷിതമായി സഹായം തേടാനുള്ള സംവിധാനം ലഭ്യമാക്കും.
*അതിജീവിതകളുടെ സ്വകാര്യതക്ക് മുൻഗണന നൽകും.
പാസ്പോർട്ട് നിഷേധിക്കുന്നത് പരിഗണനയിൽ
ഗാർഹിക അതിക്രമക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസ്പോർട്ടും നിഷേധിക്കുന്നതടക്കം കർശന നടപടികൾ പരിഗണിക്കുമെന്ന് സ്പീക്ക് അപ്പ് മേധാവിയും ഐ.ജിയുമായ അജീത ബീഗം. ഗാർഹിക പീഡനത്തിൽ ഒരു കോൾ വന്നാൽ മതി, നടപടിയെടുക്കും.
ഇത്തരം വാർത്തകൾ നിരന്തരം വരുന്നതിനാൽ ജെൻ സി കുട്ടികൾ വിവാഹം പോലും വേണ്ടെന്നുവെക്കുന്ന സാഹചര്യമുണ്ട്. അതിലൊക്കെ മാറ്റം വരുത്താനുള്ള ശ്രമം ഈ സംവിധാനത്തിലൂടെ സ്വീകരിക്കും. വിവാഹത്തിൽ പരസ്പരം ബഹുമാനിക്കുകയാണ് വേണ്ടത്. അക്കാര്യങ്ങളെക്കുറിച്ച് ആൺകുട്ടികളിൽ അവബോധം സൃഷ്ടിക്കാനും ഉദ്ദേശിച്ചിട്ടുണ്ടെന്ന് ഐ.ജി കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

