എസ്.ഐ.ആറിന് പിന്നാലെ എസ്.എസ്.ആർ; വെട്ടി നിരത്താനല്ല
text_fieldsതിരുവനന്തപുരം: എസ്.ഐ.ആർ സംബന്ധിച്ച് വിവാദങ്ങൾ രാജ്യവ്യാപകമായി കത്തുന്നതിനിടെ, സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി (സ്പെഷൽ സമ്മറി റിവിഷൻ-എസ്.എസ്.ആർ) കമീഷൻ. പുതിയ വോട്ടർമാരെ ചേർക്കൽ (ഫോം-ആറ്), സ്ഥലം മാറിയവരുടെയും മരിച്ചവരുടെയും പേര് നീക്കം ചെയ്യൽ (ഫോം-ഏഴ്), നിലവിലെ വിവരങ്ങൾ തിരുത്തൽ, മേൽവിലാസം മാറ്റൽ, ബൂത്ത് മാറ്റം (ഫോം-എട്ട്) എന്നിവയാണ് എസ്.എസ്.ആറിൽ നടക്കുക. ഇതിനൊപ്പം, ബൂത്ത് പുനഃക്രമീകരണവും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡി. സജിത് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരിച്ചവരുടെ വിവരങ്ങൾ സമാഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ ഡേറ്റാബേസ് കൂടി പ്രയോജനപ്പെടുത്തും.
ഒക്ടോബർ 15 മുതലാണ് സംസ്ഥാനത്ത് എസ്.എസ്.ആർ നടപടികൾ ആരംഭിച്ചത്. നിലവിൽ 18 വയസ്സ് പൂർത്തിയായ മുഴുവൻ പേരെയും വോട്ടർ പട്ടികയിൽ ചേർക്കുകയാണ് ലക്ഷ്യം. ഇതിനായി വില്ലേജ് തലങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കും. ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷ സമർപ്പിക്കാം. ഇതിനുപുറമെ, പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും. എസ്.എസ്.ആറിന്റെ ഭാഗമായി 2026 ഡിസംബർ 12 വരെ അപേക്ഷകൾ സമർപ്പിക്കാം.
എസ്.എസ്.ആറിന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ 22 വരെ 6,217 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 3,056 എണ്ണം പുതുതായി പേര് ചേർക്കാനുള്ളതാണ്. പേര് നീക്കം ചെയ്യാനുള്ള അപേക്ഷകൾ 514, തിരുത്തലുകൾക്കുള്ള അപേക്ഷകൾ 2,647. ആകെ അപേക്ഷകളിൽ 5,846 എണ്ണം ഓൺലൈനിലാണ്. 371 എണ്ണം ഓഫ്ലൈനിലും. എസ്.എസ്.ആർ എന്നത് എസ്.ഐ.ആറിന്റെ ഭാഗമല്ലെന്നും അത് എല്ലാ വർഷവും നടക്കുന്ന പ്രക്രിയയാണെന്നും സജിത് ബാബു വ്യക്തമാക്കി. ഈ വർഷം തുടങ്ങാൻ അൽപം താമസിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടിക ഒറ്റനോട്ടത്തിൽ
- എസ്.ഐ.ആറിന് മുമ്പ് - 2.78 കോടി
- എസ്.ഐ.ആർ കരട് പട്ടികയിൽ - 2.54 കോടി
- എസ്.ഐ.ആർ അന്തിമ പട്ടികയിൽ - 2.69 കോടി
- നിയമസഭ തെരഞ്ഞെടുപ്പിൽ - 2.71 കോടി
- എസ്.എസ്.ആർ തുടങ്ങുമ്പോൾ - 2.73 കോടി
- എസ്.ഐ.ആറിന് ശേഷം ഇതുവരെ പുതുതായി ചേർന്നവർ - 3,40,662
ഇവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം
- 2026 ഒക്ടോബർ ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർ.
- 2027 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർ.
- 17 വയസ്സ് കഴിഞ്ഞതും 2027 ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് തീയതികളിൽ 18 വയസ്സ് പൂർത്തിയാകുന്നവർ.
എസ്.എസ്.ആർ ഷെഡ്യൂൾ
- കരട് പട്ടിക പ്രസിദ്ധീകരിക്കൽ: 2026 നവംബർ രണ്ട്.
- ആക്ഷേപങ്ങൾ സമർപ്പിക്കൽ: 2026 നവംബർ 12 മുതൽ 2026 ഡിസംബർ 12 വരെ
- ആക്ഷേപങ്ങൾ തീർപ്പാക്കൽ: 28.12.2026
- അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ: 2027 ജനുവരി ഒന്ന്

