Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേടിച്ചിരിക്കുന്ന...

പേടിച്ചിരിക്കുന്ന കേരളത്തോട് ചില നിർദേശങ്ങൾ 

text_fields
bookmark_border
പേടിച്ചിരിക്കുന്ന കേരളത്തോട് ചില നിർദേശങ്ങൾ 
cancel

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതുപോലെ അതീവ ഗുരുതരമായ ഒരു സാഹചര്യത്തെയാണ് കേരളം നേരിട്ട് കൊണ്ടിരിക്കുന്നത്. ഇന്നലെവരെ പൊതുവെ ധൈര്യത്തിൽ ആയിരുന്നുവെങ്കിലും രാത്രിയോടെ പത്തനംതിട്ടയിലും ആലുവക്കടുത്തും ആളുകൾ വീട്ടിൽ കുടുങ്ങിയ വാർത്ത വന്നതോടെ ജനങ്ങൾ വലിയ ഭീതിയിലാണ്. ദുരന്തകാലത്ത് ജനങ്ങൾക്കും സർക്കാരിനും ആത്മവിശ്വാസം ഉണ്ടായിരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ലോകത്തെ ഏറെ വെള്ളപ്പൊക്കങ്ങളും മറ്റു ദുരിതങ്ങളും കൈകാര്യം ചെയ്ത പരിചയത്തിൽ ചില നിർദ്ദേശങ്ങൾ പറയാം.

1. സഹായം ചോദിക്കുന്നത് ശക്തിയാണ്, ദൗർബല്യമല്ല: ഇന്ത്യയിലെ ദുരന്തനിവാരണ സംവിധാനം ഏറെ വിഭവങ്ങളുള്ളതാണ്. ആർമിയും നേവിയും എയർഫോഴ്‌സും ഉൾപ്പെട്ട സൈന്യം, ദുരന്തനിവാരണ സേന ഇവയെല്ലാം നമ്മുടെ വിളിപ്പുറത്തുണ്ട്. ഇവരുടെ എല്ലാം പരമാവധി സഹായം തേടുന്നതിൽ ഒരു മടിയും വേണ്ട. ‘First deploy and then withdraw if not needed’ എന്ന തത്വമാണ് ഇപ്പോൾ ലോകത്ത് ദുരന്തനിവാരണ രംഗത്ത് ബെസ്റ്റ് പ്രാക്ടീസ് ആയി കരുതപ്പെടുന്നത്. പണ്ടൊക്കെ അത്യാവശ്യം വന്നാൽ മാത്രമേ മറ്റു സഹായങ്ങൾ അഭ്യർത്ഥിക്കാറുള്ളു. ഇപ്പോൾ അങ്ങനെയല്ല.


 2. വ്യക്തിപരമായും ഇത് തന്നെയാണ് നിർദ്ദേശം. ബഹുഭൂരിപക്ഷം മലയാളികളും ദുരന്തങ്ങൾ ടി വിയിൽ കണ്ട പരിചയം മാത്രം ഉള്ളവരാണ്. ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിച്ചാണ് നമുക്ക് ശീലം, സഹായം അഭ്യർത്ഥിച്ചല്ല. അതുകൊണ്ടു തന്നെ സഹായം ചോദിക്കാനും ദുരിതാശ്വാസ ക്യാംപിലേക്ക് പോകാനും ആളുകൾക്ക്. പ്രത്യേകിച്ചും മധ്യവർഗ്ഗത്തിന് മുകളിൽ ഉള്ളവർക്ക് മടിയുണ്ടാകും. ഒരു മടിയും വേണ്ട. ദുരന്തകാലത്ത് എല്ലാവരും ഒരു പോലെ ആണ്. ദുരിതാശ്വാസം എന്നത് ആരുടേയും ഔദാര്യമല്ല, നമ്മുടെ അവകാശമാണ്.

Shelter
ദുരിതാശ്വാസക്യാമ്പുകളിൽ വെള്ളം കയറിയതിനെ തുടർന്ന്​ ആളുക​ൾ ഒഴിയുന്നു. കൊടുങ്ങല്ലൂർ എൽത്തുരുത്തിൽ നിന്നുള്ള ദൃശ്യം
 

3. കേരളം ഒറ്റക്കെട്ടായി പിന്നിലുണ്ട്: കേരളസമൂഹ മാധ്യമത്തിന്റെ ശാക്തീകരണത്താൽ കേരളത്തിൽ ദുരന്തത്തെപ്പറ്റി അറിയാത്തവരായി ആരുമില്ല. ദുരന്തത്തിൽ അകപ്പെടാത്തവരെല്ലാം ഏതു രീതിയിലും സഹായിക്കാൻ തയ്യാറാണ്. ഇപ്പോഴത്തെ കണക്കു വച്ച് നോക്കിയാൽ തന്നെ കേരളത്തിലെ ഒരു ശതമാനം ആളുകൾ പോലും ദുരിതാശ്വാസ ക്യാംപുകളിൽ ഇല്ല. ബന്ധുവീടുകളിലേക്ക് മാറിയിരിക്കുന്നവരുടെ എണ്ണം കൂട്ടിയാലും പത്തു ശതമാനത്തിൽ കൂടില്ല. പത്തിൽ ഒൻപത് മലയാളികളും ഇപ്പോഴും സഹായം നല്കാൻ കെല്പും താല്പര്യവും ഉള്ള സാഹചര്യത്തിലാണ്. ഇത് സർക്കാർ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് ഉപയോഗിക്കാനുള്ള ഒരു പദ്ധതിയുണ്ടാക്കിയാൽ മാത്രം മതി. നമ്മുടെ ഓരോ റെസിഡന്റ് അസ്സോസ്സിയേഷനുകളോടും ആളുകളെ താമസിപ്പിക്കണമെന്നോ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്നോ എന്താവശ്യപ്പെട്ടാലും അവർ ചെയ്യാൻ സന്നദ്ധരാണ്. ദുരന്തകാലത്ത് എല്ലാം ചെയ്യാൻ സർക്കാരിന് കഴിവുണ്ടെങ്കിൽ പോലും പൊതുജനങ്ങളെ ഉൾപ്പെടുത്തണം. അങ്ങനെയാണ് നമ്മുടെ സമൂഹ മൂലധനം കൂടുന്നത്. അതേ സമയം സഹായവുമായി മുന്നോട്ടു വരുന്നവരെ സർക്കാർ അംഗീകാരം വേണം എന്നൊക്കെ പറഞ്ഞു കൺഫ്യൂഷനിൽ ആക്കരുത്. ഈ ദുരന്തം സർക്കാരിന് മാത്രം കൈകാര്യം ചെയ്യാൻ പറ്റുന്നതല്ല, സന്നദ്ധ സംഘടനകൾക്ക് വലിയ പങ്കുണ്ട്. സർക്കാർ സംവിധാനങ്ങൾ എല്ലാം പഴയ നിലയിൽ ആകുമ്പോൾ ഉറപ്പായും ഈ സന്നദ്ധ പ്രവർത്തനങ്ങൾ കൂടുതൽ സംയോജിപ്പിക്കണം.

4. ജനങ്ങളോട് സംവദിക്കണം: വലിയ ദുരന്തസമയത്ത് എല്ലാ വിവരങ്ങളും സർക്കാർ പങ്കുവെക്കുന്നില്ലെന്ന ഭീതിയാണ് പലപ്പോഴും പരിഭ്രാന്തിയുണ്ടാക്കുന്നത്. എല്ലാ ദിവസവും രാവിലെ ദുരന്തനിവാരണ അതോറിറ്റിയുടെ മീറ്റിങ്ങിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ പതിനഞ്ചു മിനുട്ടെങ്കിലും കാണുക എന്നൊരു പതിവുണ്ടാക്കിയാൽ ഈ പ്രശ്നം പകുതി മാറും. 2015 ലെ ചെന്നൈ വെള്ളപ്പൊക്കം വഷളാകാൻ ഒരു കാരണം മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ജനങ്ങളിൽ നിന്നും മാറിനിന്നതാണ്. ആവശ്യം വന്നാൽ ആകാശവാണിയും ദൂരദര്ശനും സമൂഹമാധ്യമങ്ങളും വഴി ജനങ്ങളോട് സംസാരിക്കണം.

pathanamthitta flood

5. ശരിയായ വിവരങ്ങൾ യഥാസമയം ലഭ്യമാക്കണം: ദുരന്തസമയത്ത് ഓരോ നാലു മണിക്കൂറിലും ചിത്രങ്ങൾ ഉൾപ്പെടെ ഒരു സിറ്റുവേഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. എത്ര സ്ഥലങ്ങൾ ദുരിത ബാധിതം ആണ്, എത്ര പേർക്ക് ജീവഹാനി സംഭവിച്ചു, മിസ്സിംഗ് ആയത് എത്രപേരാണ്, എത്ര ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്, എത്ര മാത്രം സൈന്യവും മറ്റുള്ള സംവിധാനവും നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്നിങ്ങനെ ശരിയായ വിവരങ്ങൾ കൃത്യമായ ഇടവേളയിൽ വരുമ്പോൾ തട്ടിപ്പുകളും കിംവദന്തികളും ഇല്ലാതാകും. മാധ്യമങ്ങൾക്ക് മാത്രമായി ഒരു ഹെല്പ് ഡെസ്ക് ഉണ്ടാക്കുന്നതും, ഓരോ ദിവസവും മാധ്യമങ്ങൾക്ക് സാങ്കേതിക വിദഗ്ദ്ധർ വിശദമായ റിപ്പോർട്ട് നൽകുന്നതും നല്ല പ്രാക്ടീസ് ആണ്.

6. മറുനാട്ടുകാർക്ക് വിവരങ്ങളും സഹായവും: തല്ക്കാലം കേരളത്തിലെ ദുരന്തനിവാരണത്തെപ്പറ്റിയുള്ള വർത്തകളൊക്കെയും മലയാളത്തിലും ഇംഗ്ലീഷിലുമാണ്. നമ്മുടെ ബഹുഭൂരിപക്ഷം മറുനാടൻ തൊഴിലാളികൾക്കും ഇത് വായിക്കാനറിയില്ല. അതുപോലെ നമ്മൾ നൽകുന്ന ഹെൽപ്പ് ഡെസ്കിൽ ബംഗാളിയോ ഓറിയയോ അറിയുന്ന ആളുകളില്ല. ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഒരു പ്രത്യേക ഹെൽപ് ഡെസ്‌ക്ക് ഉണ്ടാക്കണം. അതുപോലെ എല്ലാ വിഷയങ്ങളും വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കുകയും വേണം. ഇതിന് മറ്റു ഭാഷകൾ അറിയാവുന്നവരുടെ ഒരു സന്നദ്ധ സേന രൂപീകരിക്കണം. ഒരു ഫേസ്ബുക്ക് പോസ്റ്റിൽ കൂടി സഹായം നൽകാൻ കഴിവുള്ളവരെ കണ്ടുപിടിക്കാം.

7. ഹെലികോപ്റ്റർ നിരീക്ഷണം: വെള്ളം പൂർണ്ണമായി ഇറങ്ങുന്നതുവരെ ഓരോ ദിവസം രാവിലെയും വൈകിട്ടും ഹെലികോപ്ടർ നിരീക്ഷണപ്പറക്കൽ നടത്തണം. കൊച്ചിയിൽനിന്നും ഒരു ട്രിപ്പ് തെക്കോട്ടും ഒരു ട്രിപ്പ് വടക്കോട്ടും നടത്തുക. യാത്രയുടെ മുഴുവൻ വീഡിയോയും ഫോട്ടോയുമെടുത്ത് വെക്കുന്നത് പിൽക്കാലത്തെ പ്ലാനിംഗിന് വളരെ സഹായകമാകും. ഓരോ ദിവസവും മൂന്നോ നാലോ മാധ്യമ പ്രവർത്തകർക്ക് ഹെലികോപ്ടറിൽ യാത്രചെയ്യാൻ അനുമതി നൽകുന്നത് വിവര വിനിമയത്തിന് ഏറെ സഹായിക്കും.

Trissur

8. കേരളത്തിൽ പലയിടത്തും ആളുകൾ ഇപ്പോൾ കുടുങ്ങിക്കിടക്കുന്നുണ്ട്. അവർ ഔദ്യോഗിക സംവിധാനത്തിലും പിന്നെ അവർക്കാരിയുന്നവരെ ഒക്കെയും വിളിക്കുന്നുണ്ട്. ഇങ്ങനെ വിവരം കിട്ടുന്നവർ എല്ലാം തന്നെ വീണ്ടും ഔദ്യോഗിക സംവിധാനത്തിലേക്ക് വിളിക്കുന്നു. കുറേപ്പേർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നു, അത് ഏറെപ്പേർ ഷെയർ ചെയ്യുന്നു. കുടുങ്ങിക്കിടക്കുന്നവരുടെ മനോനില മനസ്സിലാക്കാമെങ്കിലും ഇങ്ങനെ വ്യാപകമായി ഷെയർ ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പമുണ്ട്. ഒന്നാമത് ഇപ്പോൾ ഉള്ള പ്രശ്നം യഥാർത്ഥത്തിൽ ഉള്ളതിലും നൂറു മടങ്ങായി എല്ലാവര്ക്കും തോന്നും, ആത്മ വിശ്വാസം കുറയും. രണ്ടാമത് ഒരാൾക്ക് വേണ്ടി നൂറു പേർ സർക്കാർ സംവിധാനത്തിലേക്ക് വിളിക്കുമ്പോൾ അവിടുത്തെ തിരക്ക് കൂടും, പുതിയതായി അറിയിക്കാൻ ശ്രമിക്കുന്നവർക്ക് ലൈൻ കിട്ടാതാകും, അവരും മറ്റുള്ളവരെ വിളിക്കാൻ തുടങ്ങും. മൂന്നാമത് ഒരിക്കൽ രക്ഷപ്പെടുത്തി കഴിഞ്ഞാലും അതറിയാത്തവർ വീണ്ടും ഇതേ കേസിന് വേണ്ടി വിളിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ഇത്തരം വിവരം കിട്ടുന്നവർ ആദ്യം തന്നെ ഈ വിവരം ശരിയാണോ എന്നറിയാൻ ശ്രമിക്കുക, അതും വാട്ട്സ് ആപ്പോ എസ് എം എസോ വഴി. അതിനു ശേഷം ഔദ്യോഗിക നമ്പറിലേക്ക് മെസ്സേജ് കൊടുക്കുക. ഇങ്ങനെ കൊടുക്കുന്ന മെസ്സേജിന് മറുപടി കിട്ടിയാൽ പിന്നെ കാര്യങ്ങൾ ഔദ്യോഗിക സംവിധാനങ്ങൾക്ക് വിടുക.

9. ദുരന്ത സമയത്ത് സുരക്ഷിതർ ആയിരിക്കുന്നതാണ് നിങ്ങൾ സുരക്ഷിതരാണെന്ന് ലോകത്തെ മുഴുവൻ അറിയിക്കുന്നതിലും പ്രധാനം. അതേ സമയം എപ്പോഴാണ് കറണ്ട് പോകുന്നതെന്ന് അറിയില്ല. അതുകൊണ്ട് നിങ്ങൾ വെള്ളം ഉയരുന്ന സ്ഥലത്തുള്ള ആൾ ആണെങ്കിൽ, നിങ്ങൾ സുരക്ഷിതരാണെങ്കിൽ ഏറ്റവും അടുത്ത ഒരു സുഹൃത്തിനെ വിവരം അറിയിക്കുക, ഇനി എട്ടുമണിക്കൂർ കഴിഞ്ഞു വിളിക്കാം എന്ന് പറയുക. എന്നിട്ട് മൊബൈൽ ഓഫ് ചെയ്തു വക്കുക. അല്ലെങ്കിൽ ലോകത്തുള്ള എല്ലാ ബന്ധുക്കളും മിത്രങ്ങളും നിങ്ങൾ സുരക്ഷിതരാണോ എന്ന് ചോദിച്ചു നിങ്ങളെ വിളിക്കും, നിങ്ങളുടെ മൊബൈലിലെ ചാർജ്ജ് പോകുന്നത് മാത്രമല്ല, നെറ്റ് വർക്ക് ഡൌൺ ആക്കുകയും ചെയ്യും.

10. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് സംശയം ഉണ്ടെങ്കിൽ വണ്ടിയും എടുത്ത് അങ്ങോട്ട് പാഞ്ഞു ചെല്ലരുത്. അവർ സഹായം അഭ്യർത്ഥിക്കുകയും ഔദ്യോഗിക സംവിധാനങ്ങൾക്ക് അവരെ രക്ഷിക്കാൻ കഴിയില്ല എന്ന് നിങ്ങൾക്ക് തോന്നുകയും ചെയ്യുന്ന അപൂർവ്വ സാഹചര്യത്തിൽ അത് ചെയ്യാം. പക്ഷെ പരിചയമില്ലാത്ത സ്ഥലത്ത് പരിചയമില്ലാത്ത ജോലി ചെയ്യാൻ പോകുന്നത് നിങ്ങൾക്കും അവർക്കും അപകടമുണ്ടാക്കുകയേ ഉള്ളൂ. രക്ഷിക്കാനായി എല്ലാവരും വേറൊരു സംവിധാനവും ഇല്ലാതെ സ്ഥലത്തേക്ക് ഓടിയെത്തിയാൽ റോഡുകൾ ബ്ലോക്ക് ആവുകയും ചെയ്യും.

thumboormuzhi
തുമ്പൂർമുഴിയിൽ വെറ്റിനറി സർവകലാശാലയിലെ കന്നുകാലി ഫാമിലെ കാലികൾ ഒലിച്ചുപോയി
 

11. പണം ഒരു വിഷയമാകില്ല: കേരളത്തിന് അകത്തും പുറത്തുമുള്ളവരെല്ലാം തന്നെ ഈ ദുരിതകാലത്ത് കേരളത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുകയാണ്. അതുകൊണ്ട് തന്നെ ദുരിതാശ്വാസ കാര്യങ്ങളിൽ ഒരു തരത്തിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ല. സുനാമി ഫണ്ടൊക്കെ വകമാറ്റി ചെലവാക്കി എന്നൊക്കെ പലപ്പോഴും പത്രത്തിൽ വായിച്ചതിനാൽ ഏറെപ്പേർക്ക് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ചില ആശങ്കകളുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് ചെലവ് ഒരു സോഷ്യൽ ഓഡിറ്റിന് വിധേയമാകുമെന്നും അതിനായി സമൂഹത്തിലെ വിശ്വസ്തരായ രണ്ടുപേരുടെ പേരും നിർദ്ദേശിച്ചാൽ ഇക്കാര്യത്തിലും വലിയ മാറ്റമുണ്ടാകും.

12. വെല്ലുവിളികൾ വരാനിരിക്കുന്നതേ ഉള്ളൂ. രണ്ടോ മൂന്നോ ദിവസത്തിനകം വെള്ളമിറങ്ങും. മഴ മാറിയാൽ ഉരുൾപൊട്ടൽ ഭീഷണിയും മാറും. പക്ഷെ, കേരളത്തിന്റെ വെല്ലുവിളികൾ തുടങ്ങുന്നതേയുള്ളു. 99 ലെ വെള്ളപ്പൊക്കത്തിൽ ഏറ്റവുമധികം ആളുകൾ മരിച്ചത് വെള്ളപ്പൊക്കത്തിലല്ല. അതിനിശേഷം ഉണ്ടായ പനി, കൃഷിനാശം മൂലമുണ്ടായ പട്ടിണി ഇതിലൊക്കെയാണ്. മഴ കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തുന്നവർക്ക് ആരോഗ്യകാര്യത്തിൽ പ്രത്യേകിച്ച് നിർദ്ദേശങ്ങൾ നൽകണം, കുടിവെള്ള സ്രോതസ്സുകൾ മലിനമായത് ശുദ്ധീകരിച്ച് എടുക്കാനുള്ള ജോലികൾ തുടങ്ങണം. കേരളത്തിൽ പട്ടിണിമരണം ഉണ്ടാകാതിരിക്കാൻ വൻ തോതിലുള്ള ഒരു തൊഴിലുറപ്പ് പദ്ധതിയും ഉണ്ടാക്കണം. മറുനാടൻ മലയാളികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യ ദിവസങ്ങളിൽ നാട്ടിൽ ആളുകളുടെ അടുത്തും പണം കാണു. പക്ഷെ സ്വന്തം വീട്ടിൽ തന്നെ അറ്റകുറ്റ പണികൾ ചെയ്യേണ്ടി വരികയും തൊഴിൽ ചെയ്യുന്നവർക്ക് തൊഴിൽ ഇല്ലാതെ വരികയും ആശുപത്രി ചിലവുകൾ കൂടുകയും ചെയ്യുമ്പോൾ നാട്ടിൽ പണത്തിന് ബുദ്ധിമുട്ട് വരും. അപ്പോഴാണ് നിങ്ങളുടെ യഥാർത്ഥ സഹായം വേണ്ടത്.

13. നുണ ബോംബുകാരെ നിലക്ക് നിർത്തണം: ഈ ദുരന്തകാലത്തും തെറ്റായ വാർത്തകൾ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുണ്ടെന്നത് ദുഃഖകരമാണ്. ഇതിനെതിരെ കർശനമായ മുന്നറിയിപ്പ് നൽകണം. ഒന്നോ രണ്ടോ പേരെ അറസ്റ്റ് ചെയ്യുകയും വേണം. കേരളത്തിൽ ഓഖിയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കണ്ട് പേടിച്ചിരിക്കുന്നവരുടെ നേരെ ഫേക്ക് ന്യൂസ് ആക്രമണം വളരെ ഫലപ്രദമാണ്. ആളുകൾ മൊത്തമായി പേടിച്ചോടും, അപകടങ്ങളോ സംഘർഷങ്ങളോ വസ്തുക്കളുടെ അനാവശ്യമായ വാങ്ങലോ പൂഴ്ത്തിവക്കലോ ഇതുമൂലം ഉണ്ടാകാം. ഇത് ഒഴിവാക്കണം.

വെള്ളം മൂടിയ റാന്നി ബസ് സ്റ്റാൻഡ്
 


14. സന്നദ്ധ സേവനം നടത്തുന്നവരെ സംയോജിപ്പിക്കണം: കേരളത്തിലെ മൊത്തം ജനങ്ങൾ സന്നദ്ധ സേവനത്തിന് തയ്യാറായി ഇരിക്കുകയാണ്. അവർ വ്യക്തിപരമായി പലതും ചെയ്യുന്നുമുണ്ട്. അവരെ ഒരുമിച്ചു കൊണ്ടുവരുന്ന ഒരു സംവിധാനം ആണ് വേണ്ടത്. ആരോഗ്യം, ഭക്ഷണം, റെസ്ക്യൂ, ക്യാംപ്, ടെലികോം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെ ഓരോരോ ഗ്രൂപ്പ് ആക്കി അവരോട് ഓരോ സർക്കാർ വകുപ്പുകൾ സംവദിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന ക്ലസ്റ്റർ കോ ഓർഡിനേഷൻ സിസ്റ്റം ആണ് ഐക്യരാഷ്ട്ര സഭ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ സാനിറ്റേഷൻ, വാട്ടർ സപ്പ്ളൈ, ആരോഗ്യം, വിദ്യാഭ്യാസം ഇവയിൽ ഒക്കെയാകും കൂടുതൽ പ്രധാനമായി വേണ്ട സന്നദ്ധ സേവനം. ഇക്കാര്യങ്ങൾ അതാത് സർക്കാർ വകുപ്പുകൾ സംയോജിപ്പിക്കാനുള്ള മുൻകൈ എടുക്കണം.

15. പുരകത്തുമ്പോൾ വാഴ വെട്ടുന്നവരെ പിടിച്ചുകെട്ടണം: ദുരന്തസമയത്ത് സാധനങ്ങൾ പൂഴ്‌ത്തിവെച്ചോ വാഹനങ്ങൾക്കും കെട്ടിടത്തിനും അമിതവാടക വാങ്ങിയോ സ്വകാര്യ ലാഭമുണ്ടാക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പ് നൽകണം. ഇക്കാര്യത്തിൽ വ്യാപാരി വ്യവസായികളോടും വാഹനങ്ങളോടും സഹായം അഭ്യർത്ഥിക്കുക. അവസരം മുതലാക്കി പണമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ജയിലിലടക്കണം.

16. അപമാനകരമായ പ്രവർത്തികൾ അനുവദിക്കരുത്: രാജ്യത്തിനും ലോകത്തിനും മാതൃകയായി മലയാളികൾ ഒന്നടങ്കം ദുരന്തത്തിൽ പെട്ടവരെ സഹായിക്കുകയാണ്. അതിനിടയിൽ ഏതെങ്കിലും തരത്തിൽ ദുരിതബാധിതരെ ദ്രോഹിക്കുന്നവരെ, കമ്പുകളിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുക, മതപരമായോ ജാതീയമായോ വിവേചനങ്ങൾ കാണിക്കുക, വിദ്വേഷപോസ്റ്റുകൾ ഇടുക എന്നിങ്ങനെ നമ്മുടെ സംസ്കാരത്തിനും സമൂഹത്തിനും അപമാനകരമായി പെരുമാറുന്നവരെ കർശനമായി കൈകാര്യം ചെയ്യണം.

rajaji road-flood
കോഴിക്കോട്​ രാജാജി റോഡിൽ വെള്ളം കയറിയപ്പോൾ
 

17. വെള്ളം പൊങ്ങുന്നതിന്റെ വേഗം കുറയും. ഞാനിതെഴുതുമ്പോഴും നാട്ടിൽ മഴ പെയ്യുകയാണ്. പക്ഷെ പുഴ അതിന്റെ അതിരുകൾ കടന്നാൽ പിന്നെ അതിന് പരക്കാൻ ഏറെ വിസ്തൃതി ഉണ്ട്. പുഴക്ക് അതിരുകൾക്കുള്ളിൽ ഒരു മീറ്റർ വെള്ളം പൊങ്ങാൻ വേണ്ടതിന്റെ പത്തോ നൂറോ ഇരട്ടി വെള്ളം വേണം (ഫ്ളഡ് പ്ലെയിനിന്റെ വിസ്തൃതി അനുസരിച്ച്) അതിരുകൾ കടക്കുന്ന പുഴക്ക് അത്രയും വെള്ളം പൊങ്ങാൻ. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ (അതായത് മുകളിൽ നിന്നും ഏറെ അധികം വെള്ളം തുറന്നു വിടുകയും നാട്ടിൽ വളരെ വലിയ മഴ പെയ്യുകയും ചെയ്തില്ലെങ്കിൽ) ഇനി അതിവേഗത്തിൽ വെള്ളത്തിന്റെ നിരപ്പ് ഉയരില്ല. ഇപ്പോൾ കടലിൽ ഹൈ ടൈഡ് വരികയാണ്. അതുകൊണ്ട് വെള്ളം ഒഴുകിപ്പോകാൻ അല്പം താമസം ഉണ്ടെന്നത് ഒരു പ്രശ്നമാണ്. വൈകുന്നേരത്തോടെ വെള്ളം സ്റ്റെബിലൈസ് ആകുകയോ ഇറങ്ങി തുടങ്ങുകയോ ചെയ്യണം. പക്ഷെ ഇതിനൊക്കെ പ്രാദേശികമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം, അതുകൊണ്ട് ചുറ്റുപാടും നിരീക്ഷിക്കുക. അഞ്ചടി വെള്ളം ഇപ്പോൾ പൊങ്ങും എന്നൊക്കെ മെസ്സേജ് വന്നാൽ വിശ്വസിക്കേണ്ട കാര്യമില്ല.

18.  ഈ നൂറ്റാണ്ടിലെ അവസരം: ഓരോ ദുരന്തവും ഓരോ അവസരങ്ങൾ കൂടിയാണ്. ദുരന്ത സാധ്യതകളും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രശ്നങ്ങളും ഉൾപ്പെടുത്തിയ ഒരു ഭൂമി ഉപയോഗ സമ്പ്രദായം നമുക്ക് വേണമെന്ന കാര്യം കേരളത്തിലെ ജനങ്ങൾ ഇപ്പോൾ മനസിലാക്കിക്കഴിഞ്ഞു. വെള്ളമിറങ്ങിയാൽ അത് മറക്കാൻ അധികം സമയം ഒന്നും വേണ്ട. അതുകൊണ്ടുതന്നെ നാശനഷ്ടമുണ്ടായ വീടുകളും റോഡുകളും അതുപോലെ തന്നെ പുനർ നിർമ്മിക്കുന്നതിനു മുൻപ് പുതിയ യാഥാർത്ഥ്യത്തിന് യോജിച്ച ലാൻഡ് യൂസ് നിയമങ്ങൾ കൊണ്ടുവരണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഉണ്ടാകാവുന്ന കാലാവസ്ഥാവ്യതിയാനത്തെ കൂടി ഉൾക്കൊള്ളുന്നതായിരിക്കണം അത്. ഇത്തരത്തിൽ ചിന്തിക്കാൻ നമുക്ക് സാധിച്ചാൽ നമ്മുടെ പുതിയ നയങ്ങളും നിയമങ്ങളും ലോകോത്തരമായ മാതൃക തന്നെയാകും. സംശയമില്ല. ഈ ദുരന്തം കേരളത്തെ സുസ്ഥിര വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള ഒരു അവസരമായി നമുക്ക് കാണാം, കാണണം.

ധൈര്യമായിരിക്കുക, സുരക്ഷിതരായിക്കുക.

 

മുരളി തുമ്മാരുകുടി
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newsMurali thummarakkudi
News Summary - Special Request to Flooded Kerala-Kerala News
Next Story