പട്ടിക വിഭാഗക്കാർക്ക് നിയമനങ്ങളിലെ കുറവ് സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ പരിഹരിക്കും -മുഖ്യമന്ത്രി
text_fieldsഎസ്.സി-എസ്.ടി ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി (എ.പി.പി.എസ്) പറവൂരിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ: പട്ടിക ജാതി-വർഗ വിഭാഗക്കാർക്ക് സർക്കാർ നിയമനങ്ങളിലുണ്ടാകുന്ന കുറവ് സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എസ്.സി, എസ്.ടി ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി (എ.പി.പി.എസ്) പറവൂരിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൽ സംവരണം അട്ടിമറിക്കപ്പെടാൻ കാരണം പിൻവാതിൽ നിയമനങ്ങളാണ്. ഈ സർക്കാർ അത്തരം കാര്യങ്ങൾക്ക് കൂട്ടുനിൽക്കില്ല. പി.എസ്.സി വഴി നടക്കുന്ന നിയമനങ്ങൾ മൂന്നുകൊല്ലം കൂടുമ്പോൾ പരിശോധിക്കും. എസ്.സി-എസ്.ടി വിഭാഗത്തിന് മാത്രമായി പ്രത്യേക ഭവന പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലൈഫ് ഭവന പദ്ധതി വഴി നൽകിക്കൊണ്ടിരിക്കുന്ന തുക പ്രത്യേക ഭവന പദ്ധതിയിൽ വർധിപ്പിക്കാനാണ് സർക്കാർ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എ.പി.പി.എസ് ചെയർമാൻ ബി.എസ്. മാവോജി അധ്യക്ഷത വഹിച്ചു. മന്ത്രി എ.പി. അനിൽകുമാർ മുഖ്യാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി. സുരേഷ് മുഖ്യമന്ത്രിക്ക് അവകാശപത്രിക സമർപ്പിച്ചു. ജനറൽ സെക്രട്ടറി എ. ശശിധരൻ, സ്വജന സമുദായ സഭ ജനറൽ സെക്രട്ടറി എ.എൻ. രാജൻ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ, ഓൾ കേരള വർണവ സൊസൈറ്റി പ്രസിഡന്റ് പി.ഇ. വേണുഗോപാൽ, ഭരദർ മഹാജനസഭ പ്രസിഡന്റ് എസ്. സജത്ത്, സാംബവ സഭ ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, എ.കെ.പി.യു.എസ് ജനറൽ സെക്രട്ടറി യു.കെ. സദാനന്ദൻ, ഭാരതീയ വേലൻ സർവിസ് സൊസൈറ്റി പ്രസിഡന്റ് കെ.കെ. ശശി, അഖില കേരള വണ്ണാർ സംഘം പ്രസിഡന്റ് പൊന്നായി മോഹനൻ, അഖില വൈപ്പിൻ പുലയ വംശോദ്ധാരണ സഭ പ്രസിഡന്റ് എം.കെ. ഉദയൻ, പ്രഫ. ഗോപിനാഥ്, കേരള വേലൻസഭ പ്രസിഡന്റ് എ.ജി. സുഗതൻ, നേതാക്കളായ കെ. മായാണ്ടി, അഡ്വ. വി.ആർ. രാജു, എം.കെ. വാസുദേവൻ, രാജൻ തൃത്താല, ബാബു കുന്നംകുളം, ബാബു കാസർകോട്, വെണ്ണിക്കുളം മാധവൻ, പി.വി. കൃഷ്ണൻകുട്ടി, ടി. രവീന്ദ്രൻ, ജി.എസ്. സുരേഷ് കുന്നപ്പിള്ളി, അഡ്വ. പി.കെ. ശാന്തമ്മ, കെ.കെ. രാമകൃഷ്ണൻ, ഡോ. മുകുന്ദൻ, അഡ്വ. വിപിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

