കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
text_fieldsതിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് കെ.എം. ബഷീറിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അഡ്വ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.
കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി മുതിർന്ന അഭിഭാഷകൻ രാമൻപിള്ളയാണ് ഹാജരാകുന്നത്. തിരുവനന്തപുരം കോടതിയിലാണ് നിലവിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നത്.
2019 ആഗസ്റ്റ് 3-ന് പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമായിരുന്നു അപകടം. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ചാണ് കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു അപകടമുണ്ടാക്കിയ വാഹനം. സംഭവത്തിൽ ആദ്യം വഫയാണ് വാഹനമോടിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നെങ്കിലും ദൃക്സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലോടെ അത് പൊളിയുകയായിരുന്നു.
കേസിൽ നിലവിൽ ശ്രീറാം വെങ്കിട്ടരാമൻ മാത്രമാണ് ഏക പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ നേരത്തെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച ആഭ്യന്തര വകുപ്പ് വൈകാതെ തീരുമാനമെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ നിയമന ഉത്തരവ് ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

