കോവിഡ് ബാധ മറച്ചുവെച്ച സംഭവം: ഒപ്പം യാത്രചെയ്തവർക്ക് പ്രേത്യക നിരീക്ഷണം, പരിശോധന
text_fieldsതിരുവനന്തപുരം: കോവിഡ് ബാധ മറച്ചുവെച്ച് മൂന്നുപേർ വിമാനമാർഗം കേരളത്തിലെത്തിയ സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണം തുടങ്ങി. ഇവർ വിമാനത്തിൽ കയറിയതുമുതൽ നിരീക്ഷണകേന്ദ്രത്തിലേക്കുള്ള യാത്രവരെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഇവർക്കൊപ്പം യാത്ര ചെയ്തവരെ കൂടുതൽ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. എല്ലാവരെയും പരിശോധനക്ക് വിധേയമാക്കുമെന്നാണ് വിവരം.
കൊല്ലം സ്വദേശികളായ മൂന്നുപേർക്കെതിരെയാണ് കോവിഡ് രോഗം മറച്ചുെവച്ചതിന് കേസെടുത്തത്. ഇവർ 40, 42, 30 വയസ്സുകാരാണ്. അബൂദബിയിൽനിന്ന് ശനിയാഴ്ച രാത്രി എത്തിയ വിമാനത്തിലാണ് ഇവർ തിരുവനന്തപുരത്തെത്തിയത്. മൂവരും ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളജിലാണ്.
അബൂദബിയിൽെവച്ച് ഇവർക്ക് രോഗം സ്ഥിരീകരിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നെന്നാണ് വിവരം. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിലും ഇവർ രോഗവിവരം അധികൃതരെ അറിയിച്ചില്ല. വിമാനത്താവളത്തിൽനിന്ന് കൊല്ലത്തെ നിരീക്ഷണകേന്ദ്രത്തിലേക്ക് സർക്കാർ ഏർപ്പെടുത്തിയ ബസിൽ കൊട്ടാരക്കരവരെ ഇവർ യാത്ര ചെയ്തു. ഇതിനിടെ ഇവരുടെ സംസാരം ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച വീണ്ടും നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ വിമാനത്തിൽ സഞ്ചരിച്ച മറ്റ് അഞ്ചുപേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിൽ തിരുവനന്തപുരത്തെ രണ്ടുപേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഈ വിമാനത്തിലെത്തിയ 12 കുട്ടികളടക്കം അവശേഷിക്കുന്ന 170 യാത്രക്കാരെ ഉടൻ പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം. വിമാനത്താവളത്തിൽ തങ്ങളുൾപ്പെടെ 11 പേർക്ക് റാപ്പിഡ് ടെസ്റ്റ് നടത്തിയെന്നും കോവിഡ് പിടിപെട്ടവിവരം ആരും അറിയിച്ചിട്ടില്ലെന്നുമാണ് മടങ്ങിയെത്തിയ പ്രവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
