മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവനനിർമാണ പദ്ധതി - മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരത്ത് വനിത മത്സ്യത്തൊഴിലാളികൾക്കുള്ള ഷി ഇലക്ട്രിക് സ്കൂട്ടർ വിതരണ ചടങ്ങിനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം സെൽഫിയെടുക്കുന്നവരുടെ തിരക്ക്
തിരുവനന്തപുരം: ഭവനരഹിതരായ എല്ലാ മത്സ്യത്തൊഴിലാളികൾക്കും വീട് ലഭ്യമാക്കുമെന്നും പ്രത്യേക ഭവന പദ്ധതി ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൺ (സാഫ്) ന്റെ ആഭിമുഖ്യത്തിൽ വനിത മത്സ്യത്തൊഴിലാളികൾക്കുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ വിതരണവും വനിത മത്സ്യത്തൊഴിലാളി സംരംഭകരുടെ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ 600 കിലോമീറ്റർ തീരദേശത്തെ വലിയൊരു തുറമുഖ നഗരമാക്കി വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിഴിഞ്ഞം ഉൾപ്പെടെ തുറമുഖങ്ങളിൽ പ്രാദേശിക മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ചെറുപ്പക്കാർക്ക് തൊഴിൽ സംവരണം ഉറപ്പാക്കും. തീരദേശ നിവാസികളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി വനിതകളെ സംരംഭകരാക്കി അവരുടെ ജീവിതനിലവാരം ഉയർത്തുന്ന സാഫിന്റെ നിലവിലുള്ള 1800 യൂണിറ്റുകൾ 3000 ആയി ഉയർത്തുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു.
‘സമുദ്ര സഖി’ വനിത മത്സ്യത്തൊഴിലാളി സംരംഭക ബ്രാൻഡിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. 100 സംയുക്ത സംഘങ്ങൾക്ക് ലക്ഷം രൂപ വീതം ആകെ ഒരുകോടി രൂപയുടെ പലിശരഹിത വർക്കിങ് ക്യാപിറ്റൽ റിവോൾവിങ് ഫണ്ടും മൈക്രോ എന്റർപ്രൈസ് യൂനിറ്റുകൾക്ക് അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായവും വിതരണം ചെയ്തു. സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വ്യക്തികൾക്കുള്ള അൻപ് വീട് പദ്ധതിയിൽ എൻ.ജി.ഒകളെ എംപാനൽ ചെയ്യുന്നതിനുള്ള ധാരണാപത്രവും കൈമാറി. ഫിഷറീസ് വകുപ്പ് സ്പെഷൽ സെക്രട്ടറി ബി.അബ്ദുൽ നാസർ, ഡയറക്ടർ മിസാൽ സാഗർ ഭരത്, കൗൺസിലർ എസ്. ഷെർളി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

