സ്പെഷൽ എജുക്കേറ്റർമാർക്ക് എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടി സ്വന്തം സ്കൂളിൽ
text_fieldsതിരുവമ്പാടി (കോഴിക്കോട്): എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിയിൽ എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ ചട്ടവിരുദ്ധമായി ഇടപെട്ടെന്ന് ആക്ഷേപം.പരീക്ഷാവേളകളിൽ സ്പെഷൽ എജുക്കേറ്റർമാരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റി നിയമിക്കരുതെന്ന് എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ ഫെബ്രുവരി 21നാണ് സർക്കുലർ ഇറക്കിയത്.
ഈ സർക്കുലർ എസ്.എസ്.കെ ജില്ല പ്രോഗ്രാം കോഓഡിനേറ്റർമാർ ജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് കൈമാറിയിരുന്നു. എസ്.എസ്.കെ എസ്.പി.ഡിയുടെ സർക്കുലറിൽ പല ഡി.ഇ.ഒമാരും അതൃപ്തി പ്രകടിപ്പിച്ചെങ്കിലും സ്പെഷൽ എജുക്കേറ്റർമാരെ അവരുടെ മാതൃവിദ്യാലയത്തിൽ തന്നെ ഭിന്നശേഷി കുട്ടികളുടെ ഇന്റർപ്രട്ടർ (വ്യാഖ്യാതാവ്) ഡ്യൂട്ടിക്ക് നിയമിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമാണ് എസ്.എസ്.കെ പ്രോജക്ട് ഡയറക്ടറുടെ ഉത്തരവെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
പരീക്ഷ നടത്തിപ്പും അധ്യാപകരുടെ പരീക്ഷ ഡ്യൂട്ടി സംബന്ധിച്ചുള്ള ചുമതലയും പരീക്ഷ കമീഷണർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കുമാണ്.
നിലവിലെ ചട്ടം ലംഘിച്ചാണ് താത്കാലിക പ്രോജക്ട് മാത്രമായ എസ്.എസ്.കെയുടെ ഡയറക്ടർ പരീക്ഷ ഡ്യൂട്ടിയിൽ നിർദേശം നൽകിയതെന്നാണ് ആക്ഷേപം.
മാതൃവിദ്യാലയത്തിൽ തന്നെ സ്പെഷൽ എജുക്കേറ്റർമാരെ ഇന്റപ്രട്ടർ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് പരീക്ഷക്രമക്കേടിന് വഴിയൊരുക്കുമെന്ന വിമർശനവുമുയർന്നിട്ടുണ്ട്.
എസ്.എസ്.കെ ഡയക്ടറുടെ സർക്കുലർ പ്രകാരം ഒരു ദിവസംതന്നെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ഇന്റർപ്രട്ടർ ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യമാണെന്ന് സ്പെഷൽ എജുക്കേറ്റർമാരും പരാതിപ്പെട്ടു.
പല സ്പെഷൽ എജുക്കേറ്റർമാർക്കും രാവിലെ എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിയും ഉച്ചക്ക് ശേഷം കിലോമീറ്ററുകൾ അകലെയുള്ള മറ്റൊരു സ്കൂളിൽ ഹയർ സെക്കൻഡറി പരീക്ഷ ഡ്യൂട്ടിയും എടുക്കേണ്ട സാഹചര്യമുണ്ടെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടി. കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ).
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിക്കുന്ന പരിപാടികൾ നടത്തുകയാണ് എസ്.എസ്.കെ പദ്ധതി ലക്ഷ്യമിടുന്നതെന്നിരിക്കെ, എസ്.എസ്.കെയുടെ പരീക്ഷ ഡ്യൂട്ടി മാർഗ നിർദേശം ജില്ല വിദ്യാഭ്യാസ ഓഫിസർമാർ അനുസരിക്കേണ്ട ആവശ്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

