പോക്സോ കേസുകള്‍ക്ക് എറണാകുളത്ത് പ്രത്യേക കോടതി
text_fieldsതിരുവനന്തപുരം: പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കും. ഇതിനായി ഒരു ജില്ലാ ജഡ് ജ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, ബെഞ്ച് ക്ലാര്‍ക്ക് ഉള്‍പ്പെടെ 13 തസ്തികകള്‍ സൃഷ്ടിക്കും. നിര്‍ത്തലാക്കിയ എറണാകുളം വഖഫ് ട്രൈബ്യൂണലില്‍ നിന്നും പുനര്‍വിന്യാസത്തിലൂടെയാണ് 10 തസ്തികകള്‍ കണ്ടെത്തുക.
എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസ് ഇതേ കോടതിയില്‍ പ്രത്യേകമായി വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കാനും തീരുമാനിച്ചു.
സ്വയംപര്യാപ്തമായ ക്ഷേമനിധി ബോര്‍ഡുകളിലെ ചെയര്‍മാന്‍മാരുടെ ഓണറേറിയം 12,000 രൂപയില്‍ നിന്നും 18,000 രൂപയായും മുഴുവന്‍ സമയ ചെയര്‍മാന്‍മാരുടെ ഓണറേറിയം 20,000 രൂപയില്‍ നിന്നും 25,000 രൂപയായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഈ നിരക്കില്‍ കൂടുതല്‍ ഓണറേറിയം ലഭിക്കുന്ന ചെയര്‍മാന്‍മാരുടെ ഓണറേറിയം അതേ നിരക്കില്‍ തുടര്‍ന്നും അനുവദിക്കും.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ:
കേരള ഹൈകോടതി സര്‍വീസിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമാക്കുന്നതിനുള്ള കരട് ഭേദഗതി ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
മാറ്റങ്ങള്‍, നിയമനങ്ങള്‍
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചു വരുന്ന സഞ്ജയ് ഗാര്‍ഗിനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചുവരുന്ന സത്യജിത് രാജനെ വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കും.
താല്‍കാലിക തസ്തികകള്‍
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍, ബി.ഫാം യോഗ്യതയുള്ള ഷിഫറ്റ് സൂപ്പര്‍വൈസര്‍മാരുടെ 6 താല്‍കാലിക തസ്തികകള്‍ കമ്പനിയുടെ തനത് ഫണ്ടില്‍നിന്നും തുക കണ്ടെത്തി നിലവിലുള്ള കരാര്‍ നിയമന വ്യവസ്ഥയ്ക്ക് വിധേയമായി ഒരു വര്‍ഷത്തേക്ക് സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
