മറുപടി നൽകുന്നില്ലെന്ന് പ്രതിപക്ഷം: മറുപടി നല്‍കാൻ ധനമന്ത്രിക്ക് റൂളിങ്
text_fieldsകെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: ധനമന്ത്രി ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്ന് നിയമസഭയിൽ പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ ക്രമപ്രശ്നം അംഗീകരിച്ച സ്പീക്കർ, ഇനിയും മറുപടി നല്‍കാനുള്ള എല്ലാ ചോദ്യങ്ങള്‍ക്കും എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്ന് റൂളിങ് നൽകി. നിലവിലെ സമ്മേളനത്തിൽ 199 നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് ധനമന്ത്രി മറുപടി നൽകിയിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. മുൻ സമ്മേളനങ്ങളിലായി 400 ഓളം ചോദ്യങ്ങൾക്ക് മറുപടി നൽകാനുണ്ട്. ഇതുകൂടി ചേർക്കുമ്പോൾ ധനവകുപ്പിൽ നിന്ന് കിട്ടാനുള്ളത് 600 ഓളം മറുപടികളാണെന്നും ഇത് അംഗങ്ങൾക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ബജറ്റുമായി ബന്ധപ്പെട്ട തിരക്കുകളായതിനാലാണ് കാലതാമസമുണ്ടായതെന്നായിരുന്നു ധനമന്ത്രിയുടെ വിശദീകരണം. ചട്ടപ്രകാരം നക്ഷത്രമിടാത്ത ചോദ്യങ്ങൾക്ക് 15 ദിവസത്തിനുള്ളിൽ മറുപടി നൽകിയാൽ മതി. എന്നാൽ, അത്തരം സാങ്കേതിക ആനുകൂല്യങ്ങളിൽ കടിച്ചുതൂങ്ങുന്നില്ല. മുൻ സമ്മേളനകാലത്തെ മറുപടി നൽകാനുള്ള ചോദ്യങ്ങളുടെ കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേ സമയം ധനമന്ത്രിയുടെ വിശദീകരണം സ്പീക്കർ പരിഗണിച്ചില്ല. പ്രതിപക്ഷ നേതാവ് ഇവിടെ ചൂണ്ടിക്കാണിച്ചതുപോലെ നിയമസഭ ചോദ്യങ്ങള്‍ക്ക് മറുപടി ലഭ്യമാക്കുന്നതില്‍ കാലതാമസം വരുത്തുന്നതിനെതിരെ മുന്‍കാലങ്ങളില്‍ ചെയറില്‍നിന്ന് നിരന്തരം റൂളിങ് ഉണ്ടായിട്ടുണ്ടെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ നിയമസഭ സെക്രട്ടേറിയറ്റിന് കൈമാറേണ്ടത് ചോദ്യോത്തര ദിവസത്തിന്റെ തലേന്ന് വൈകീട്ട് അഞ്ചിനുമുമ്പാണ്. ഏതെങ്കിലും സാഹചര്യത്തില്‍ ഈ സമയപരിധിക്കുള്ളില്‍ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമാണ് 15 ദിവസത്തെ കാലദൈര്‍ഘ്യത്തിന് അര്‍ഹത വരുന്നത്. എന്നാൽ, ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് 15 ദിവസത്തെ പഴുത് സ്ഥിരമായി ഉപയോഗപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
15-ാം നിയമസഭയുടെ ഒന്നുമുതല്‍ ഒമ്പത് വരെ സമ്മേളനങ്ങളില്‍ ധനമന്ത്രി മറുപടി പറയേണ്ട നക്ഷത്രച്ചിഹ്നമിടാത്ത 3199 ചോദ്യങ്ങളില്‍ ഇനിയും 256 മറുപടികള്‍ ശേഷിക്കുന്നുണ്ട്. നടപ്പുസമ്മേളനത്തിലെ 199 നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങളില്‍ ഒന്നിനുപോലും മറുപടി ലഭ്യമാക്കിയിട്ടില്ല. നടപ്പുസമ്മേളനത്തില്‍ 12 മന്ത്രിമാര്‍ ഇതിനകം എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി ലഭ്യമാക്കി. ഇത്തരത്തിലുള്ള നല്ല മാതൃക ധനമന്ത്രിയുൾപ്പെടെ എല്ലാ മന്ത്രിമാരും സ്വീകരിക്കണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

