പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് പ്രതിപക്ഷ നേതാവ്; വിരട്ടാൻ നോക്കേണ്ടെന്ന് സ്പീക്കർ; നാടകീയ രംഗങ്ങൾ
text_fieldsതിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്പീക്കർ എ.എൻ. ഷംസീറും തമ്മിൽ വാക്ക്പോര്. പറയാനുള്ളത് പറഞ്ഞിട്ടെ പോകൂ എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനോട് വിരട്ടൽ വേണ്ട എന്നായിരുന്നു സ്പീക്കറുടെ മറുപടി.
പ്രതിപക്ഷം എന്തിനാണ് എസ്.യു.സി.ഐയുടെ വക്താക്കളായി സംസാരിക്കുന്നതെന്ന് ചോദിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വാക്ക് ഔട്ട് പ്രസംഗത്തിനിടെ പറഞ്ഞു. ‘സഭയില്‍ ഇരിക്കുന്ന പാര്‍ട്ടിക്കാര്‍ക്കു മാത്രമേ സമരം ചെയ്യാന്‍ പറ്റുകയുള്ളോ? എല്ലാ സംഘടനകള്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. ആശമാരുടെ വേതനം 10,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് 2014ല്‍ സഭയില്‍ സബ്മിഷന്‍ കൊണ്ടുവന്നത് ഇപ്പോള്‍ അവരെ അധിക്ഷേപിക്കുന്ന എളമരം കരീമാണ്. കര്‍ണാടകയില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് ആശമാര്‍ക്ക് ഓണറേറിയം 10000 രൂപയാക്കിയത്. അതാണ് മുഖ്യമന്ത്രി. ഇവിടെ ആശാ വര്‍ക്കര്‍മാരെ അധിക്ഷേപിക്കുകയാണ്. ഇന്നലെ സുരേഷ് ഗോപി അവിടെ പോയി കുട കൊടുത്തു, കൂടെ ഉമ്മ കൊടുത്തോ എന്നാണ് ഒരു നേതാവ് ചോദിച്ചത്. അതിന് ആരോഗ്യമന്ത്രി മറുപടി പറയേണ്ടതല്ലേ. അങ്ങനെ പറഞ്ഞത് തെറ്റാണെന്ന് മന്ത്രി പറയണ്ടേ’ -സതീശൻ ചോദിച്ചു.
ഇതിനിടെ സ്പീക്കര്‍ ഇടപെട്ടതോടെ പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് സതീശന്‍ മറുപടി നല്‍കി. സമയം കഴിഞ്ഞാല്‍ കട്ട് ചെയ്യുമെന്നും ചെയറിനെ വിരട്ടാന്‍ നോക്കേണ്ടെന്നും സ്പീക്കറിന്‍റെ താക്കീത്. ഭരണപക്ഷം ബഹളം വച്ചപ്പോൾ പ്രതിപക്ഷ നേതാവ് അസ്വസ്ഥനായി. തുടർന്ന് ചെയറിനെ നോക്കി പ്രസംഗിക്കാൻ സ്പീക്കര്‍ നിർദേശം നല്‍കി. ചെയറിനെ നോക്കി തന്നെ സംസാരിക്കണം എന്ന് നിയമമില്ലെന്ന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി. പ്രസംഗം തുടർന്നെങ്കിലും സ്പീക്കർ വീണ്ടും ഇടപെട്ടു.
സമയം കഴിഞ്ഞെന്നും പ്രസംഗം അവസാനിപ്പിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. സമയം എവിടെ എഴുതി വച്ചിരിക്കുന്നു എന്നായി പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. ഇതോടെ സ്പീക്കർ ക്ഷുഭിതനായി. പ്ലക്കാർഡുകളും ബാനറുകളുമായി നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു. ബഹളം രൂക്ഷമായതോടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

