രാഹുലിനെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടുമെന്ന് സ്പീക്കർ എ.എൻ ഷംസീർ
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. രാഹുലിനെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വ്യക്തമാക്കി. രാഹുൽ എം.എൽ.എ സ്ഥാനത്ത് തുടരുന്നത് മോശം സന്ദേശമാണ് നൽകുകയെന്ന് അദ്ദേഹം പറഞ്ഞു. വിഷയം എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കും. പരാതി നൽകുന്നതുമായ ബന്ധപ്പെട്ട് മറ്റ് എം.എൽ.എമാർ കാര്യങ്ങൾ ആരാഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ രാജിവെക്കണമെന്ന ആവശ്യം സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ ശക്തമാക്കുകയാണ്. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഹുലിന്റെ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസിന്‍റെ നിലപാട്.
ബലാത്സംഗക്കേസിൽ അറസ്റ്റിലായി റിമാൻഡിലാണെങ്കിലും വലിയ ആത്മവിശ്വാസമാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രകടിപ്പിക്കുന്നത്. ഒരു ഘട്ടത്തിൽ തന്റെ കയ്യിൽ എല്ലാ തെളിവുകളും ഉണ്ടെന്നും താൻ പുറത്തുവരുമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ രാഹുൽ വെല്ലുവിളിക്കുകയും ചെയ്തു. സ്വതന്ത്രനായി നിന്നാലും താൻ ജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
പരാതിയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതിനാൽ എന്ത് കാര്യത്തിനാണ് തന്നെ കസ്റ്റഡിയിൽ എടുത്തതെന്ന് പാലക്കാട് നിന്ന് അറസ്റ്റിലായപ്പോൾ മുതൽ അന്വേഷണ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നുണ്ടായിരുന്നു. എം.എൽ.എയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് നീങ്ങിയത് എല്ലാ പഴുതുകളും അടച്ചാണ്. ഹോട്ടൽ ജീവനക്കാർക്കോ രാഹുലിനോ ആരെയെങ്കിലും ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളും പോലീസ് തടഞ്ഞിരുന്നു.ബലപ്രയോഗത്തിനും കയ്യാങ്കളിക്കും നിക്കാതെ കൂടെവരണമെന്നും എം.എൽ.എ ആണെന്ന ബോധ്യം വേണമെന്നും രാഹുലിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
പിന്നീടാണ് അന്വേഷണ ഉദ്യോഗസ്ഥർ കേസിനെകുറിച്ച് വ്യക്തമാക്കിയത്. ചോദ്യം ചെയ്തപ്പോഴാണ് പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് രാഹുൽ സംസാരിച്ചത്. ഇതേക്കുറിച്ചുള്ള എല്ലാ തെളിവുകളും തന്‍റെ പക്കലുണ്ടെന്നും രാഹുൽ പൊലീസുദ്യോഗസ്ഥരോട് പറഞ്ഞു. തനിക്ക് ഇത്തരത്തിലുള്ള ബന്ധങ്ങൾ ഉണ്ട്. അതെല്ലാം ഉഭയ സമ്മതപ്രകാരമുള്ളതായിരുന്നു എന്നും രാഹുൽ പറഞ്ഞു. നാളെ ഒരു ഘട്ടത്തിൽ ഈ ബന്ധങ്ങൾ തിരിച്ചടിയാകും എന്ന കാര്യം അരിയാവുന്നതുകൊണ്ടുതന്നെ എങ്ങനെ ഇതിനെ പ്രതിരോധിക്കാമെന്ന് മനസ്സിലാക്കി തെളിവുകളെല്ലാം കൈവശം സൂക്ഷിച്ചിട്ടുണ്ടെന്നും അതെല്ലാം കോടതിയിൽ ഹാജരാക്കും എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസ് മുന്നോട്ട് പോകുന്നത്. ലോക്കൽ പൊലീസിലേക്ക് ഒരു വിവരവും എത്തിയിരുന്നില്ല. രാഹുലിനെതിരെ പഴുതടച്ച നീക്കമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. എസ്.പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പുതിയ കേസും മുന്നോട്ട് പോകുന്നത്.
ബലാത്സംഗക്കേസിൽ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ സബ് ജയിലിലാണ് ഇപ്പോഴുള്ളത്. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയതോടെയാണ് രാഹുൽ അഴിക്കുള്ളിലായത്.
രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് പൊലീസ് കൊണ്ടുപോകുമ്പോൾ വഴിനീളെ ഡി.വൈ.എഫ്.ഐയുടെയും യുവമോർച്ചയുടെയും കടുത്ത പ്രതിഷേധമുണ്ടായി. രാജിവെച്ച് പുറത്തുപോകൂ എന്ന മുദ്രാവാക്യത്തോടെയായിരുന്നു എം.എൽ.എക്കെതിരെ പ്രതിഷേധം. രാഹുൽ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം തടയാൻ ശ്രമമുണ്ടായി. നേരത്തെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യലിനുശേഷം രാഹുലിനെ വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെയും കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. വൻ പൊലീസ് സന്നാഹത്തിനിടയിലും ആശുപത്രിയിലേക്ക് കയറുന്നതിനിടെ കൈയേറ്റ ശ്രമവും ഉണ്ടായി. ആശുപത്രിക്ക് മുന്നിൽ പ്രതിഷേധത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ പൊതിച്ചോറ് വിതരണം ചെയ്തു.
ഇന്ന് പുലർച്ചെ 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് വീഡിയോ കോൾ വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

