സഭക്കകത്തെ ഏറ്റവും വികൃതിയെന്നാണ് തന്നെ പലരും വിളിച്ചതെന്ന് എ.എൻ. ഷംസീർ; ‘പുതിയ എം.എൽ.എമാർ പഠിക്കുന്നില്ല’
text_fieldsതിരുവനന്തപുരം: സ്പീക്കറാകുന്നതുവരെ നിയമസഭയിൽ സ്ഥിരം കുഴപ്പക്കാരന്‍റെ റോളിലായിരുന്നു താനെന്ന് എ.എൻ. ഷംസീർ. ‘‘സഭക്കകത്തെ ഏറ്റവും വികൃതിയെന്നാണ് തന്നെ പലരും വിളിച്ചത്. സഭക്കകത്തിരിക്കുമ്പോഴാണ് വികൃതിയായിപ്പോകുന്നത്. അല്ലെങ്കിൽ കുഴപ്പമൊന്നുമില്ല’’. കെ.എം. മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് സംഘടിപ്പിക്കുന്ന 1000 കേന്ദ്രങ്ങളിലെ കാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുമ്പോഴായിരുന്നു ഷംസീർ മനസ്സ് തുറന്നത്.
സ്പീക്കറെ നോക്കി മാത്രം സംസാരിക്കുന്നയാളാണ് താൻ. മറുപക്ഷത്തേക്ക് നോക്കിയാൽ ആരെങ്കിലും എന്തെങ്കിലും ഗോഷ്ടി കാണിക്കും, പ്രസംഗം കൈയിൽ നിന്ന് പോകും. നിയമസഭയിലേക്കെത്തിയ ഘട്ടത്തിൽ കോടിയേരി നൽകിയ ആദ്യ ഉപദേശം ‘‘ എന്തെല്ലാം പ്രകോപനമുണ്ടായാലും സ്പീക്കറെ നോക്കി മാത്രമേ സംസാരിക്കാൻ പാടുള്ളൂ. കണ്ണ് മാറിയാൽ ആരെങ്കിലും കേറി കൊളുത്തും. നീ അതിന്‍റെ പിന്നാലെ പോകും’’ എന്നാണ്. പൊതുപ്രവർത്തകർ ക്ഷോഭം നിയന്ത്രിക്കണം.
സ്വയം പരിശോധനയിൽ തനിക്ക് ചില ഘട്ടങ്ങളിൽ കൈവിട്ടുപോയിട്ടുണ്ട്. ക്ഷുഭിതനാകാത്ത നേതാവാണ് ജോസ്.കെ. മാണി. വ്യക്തിപരമായ കടന്നാക്രമണങ്ങളും കൂട്ടംകൂടിയുള്ള ആക്ഷേപങ്ങളുമെല്ലാമുണ്ടായപ്പോഴും അതിലൊന്നും പ്രകോപിതനാകാതെ, ചിരിച്ചുകൊണ്ട് സംസാരിക്കുന്നതായാണ് ജോസ്.കെ മാണിയെ കണ്ടിട്ടുള്ളതെന്നും ഷംസീർ പറഞ്ഞു.
‘പുതിയ എം.എൽ.എമാർ പഠിക്കുന്നില്ല’
കൃത്യമായി കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നവരായിരുന്നു പഴയ എം.എൽ.എമാരെന്നും പുതിയ തലമുറക്ക് ഈ രീതികൾ കൈമോശം വന്നുപോകുന്നെന്നും സ്പീക്കർ എ.എൻ. ഷംസീർ. ‘സഭയിൽ അവനവന്‍റെ ചോദ്യം കഴിഞ്ഞാൽ പിന്നെ പുറത്ത് പോകാം. പ്രസംഗത്തിന് ഊഴം വരുമ്പോൾ വീണ്ടും കയറിയിരിക്കാം. സബ്മിഷനുണ്ടെങ്കിൽ ആ സമയത്ത് വന്നാൽ മതി’ എന്ന രീതി ശരിയല്ല. പരീക്ഷ തലേന്ന് പഠിക്കുന്ന കുട്ടിയെ പോലെയായിരുന്നു നിയമസഭ തലേന്ന് കെ.എം. മാണി തയാറെടുത്തിരുന്നത്. താനുൾപ്പെടുന്ന പുതിയ തലമുറ എം.എൽ.എമാർക്ക് അതില്ലെന്ന സ്വയംവിമർശനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

