കൊച്ചിയിൽ സ്പാ ജോലിയുടെ മറവിൽ ബലാത്സംഗം: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
text_fieldsജിത്ത് മാർട്ടിൻ, ശ്രീരാജ്
കൊച്ചി: കൂട്ടബലാത്സംഗക്കേസിൽ പ്രതികൾ അറസ്റ്റിലായതോടെ തെളിയുന്നത് നഗരത്തിലെ സ്പാകൾ കേന്ദ്രീകരിച്ച് നടക്കുന്ന വൻ റാക്കറ്റിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ. സ്പായിൽ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്താണ് വിവാഹിതയായ യുവതിയെ പ്രതികളായ ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ് (30), തൃക്കാക്കര സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവർ ലോഡ്ജിലെത്തിച്ചത്. തുടർന്ന് മയക്കുമരുന്ന് നൽകി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ കൂടിയുണ്ട്.
ഒക്ടോബർ രണ്ടിന് ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിൽ ഇന്റർവ്യൂവിനെന്ന പേരിലാണ് യുവതിയെ എത്തിച്ചത്. തുടർന്ന് ബിയറും മയക്കുമരുന്നും നൽകി മയക്കിയശേഷം ബലാത്സംഗം ചെയ്യുകയും പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തെന്നാണ് പരാതി. ബോധരഹിതയായ യുവതി പിറ്റേദിവസം ബോധം തെളിഞ്ഞപ്പോഴാണ് നടന്നതിനെ കുറിച്ച് മനസ്സിലാക്കിയത്. തുടർന്ന് ഓടിരക്ഷപ്പെട്ട് ചികിത്സ തേടി.
സ്പായിൽ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി പ്രതികളെ ബന്ധപ്പെട്ടത്. ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി നിർബന്ധിച്ച് മദ്യവും മയക്കുമരുന്നും നൽകുകയായിരുന്നു. തുടർന്ന് അതിക്രമത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിട്ടുണ്ട്.
സ്പായുടെ മറവിൽ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചുനൽകുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. പൊലീസ് കണ്ടെത്തുമ്പോൾ യുവതി ആകെ ഭയന്ന സ്ഥിതിയിലായിരുന്നു. ശരീരത്തിൽ ലൈംഗികാതിക്രമത്തിന്‍റെ ധാരാളം പരിക്കുകളുണ്ട്. ഇവരിപ്പോഴും ചികിത്സയിലാണ്.
യുവതിയെ തടഞ്ഞുവെച്ചയാളുൾപ്പെടെ രണ്ടുപേരെയാണ് തിരയുന്നതെന്നും കമീഷണർ വ്യക്തമാക്കി. കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐമാരായ രാം ലാൽ, വി.എസ്. ബിനു, എസ്.സി.പി.ഒ ലിബിൻ കുമാർ, സിജിൽ സുരേഷ്, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ശ്രീരാജിന്റെ ഇടപ്പള്ളിയിലെ സ്ഥാപനം പൊലീസ് അടച്ചുപൂട്ടി. ഇയാൾക്ക് പങ്കാളിത്തമുള്ള എളമക്കര, തൃക്കാക്കര, പാലാരിവട്ടം എന്നിവിടങ്ങളിലെ സ്പാകളിൽ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

