സ്പാ പീഡനം: മൂന്ന് മാസമായി ദിവസവും പതിനായിരത്തിലേറെ രൂപ അനുരൂപിന്റെ അക്കൗണ്ടിലേക്ക് എത്തി, ഇടപാടുകൾ യു.പി.ഐ വഴി
text_fieldsതിരുവനന്തപുരം: കോവളത്തെ സ്പാ പീഡനക്കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ അക്കൗണ്ടിലേക്ക് വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തൽ. മൂന്ന് മാസമായി ദിവസവും പതിനായിരത്തിലേറെ രൂപ എത്തിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. യു.പി.ഐ വഴിയാണ് ഇടപാടുകൾ നടന്നത്.
തിരുവനന്തപുരം കോർപറേഷനിൽ ഹെൽത്ത് ഇൻസ്പെക്ടറാണ് അനുരൂപ്. അറസ്റ്റിലായതിന് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കേസിൽ നേരത്തെ അറസ്റ്റിലായ സജിത്ത് ഇയാളുടെ ബിനാമിയാണെന്നാണ് പൊലീസ് പറയുന്നത്. കോവളത്ത് അനധികൃതമായി പ്രവർത്തിച്ച 14 സ്പാകൾ പൊലീസ് പരിശോധനയെ തുടർന്ന് പൂട്ടിച്ചു.
അതിനിടെ, പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഓരോ തവണയും 1,000 മുതൽ 4,000 രൂപ വരെ വളർത്തമ്മ കമ്മീഷൻ വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിക്കാലത്തുതന്നെ മരിച്ചിരുന്നു. തുടർന്ന് അമ്മയുടെ സഹോദരിയാണ് കുട്ടിയെ വളർത്തിയത്. എന്നാൽ, കുട്ടിയെ സംരക്ഷിക്കേണ്ട വളർത്തമ്മ തന്നെ പണം വാങ്ങി ലൈംഗിക ചൂഷണത്തിന് വിട്ടുകൊടുക്കുകയായിരുന്നു. കുട്ടി ലൈംഗിക ചൂഷണത്തിന് വഴങ്ങുന്നുണ്ടെന്ന് ഉറപ്പാക്കാൻ വളർത്തമ്മയും ഭർത്താവും സ്പായിൽ ശുചീകരണ ജീവനക്കാരായി ജോലി ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ലൈംഗിക ചൂഷണത്തെ എതിർത്തപ്പോൾ കുട്ടിയെ ക്രൂരമായി മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തതായും വിവരമുണ്ട്. പെൺകുട്ടിയെ ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ചും പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കേസിൽ നേരത്തേ അറസ്റ്റിലായ സ്പാ ഉടമ സജിത്താണ് പെൺകുട്ടിയെ തിരുവനന്തപുരത്തെത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ മാതൃസഹോദരിയുമായി സജിത്തിനെ പരിചയപ്പെടുത്തിയത് ബെംഗളൂരുവിലുള്ള ഒരു യുവതിയാണെന്നും വിവരമുണ്ട്. കുട്ടിയെ വിറ്റവരും സ്പാ നടത്തിപ്പുകാരുമാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. പ്രതികൾക്കെതിരെ മനുഷ്യക്കടത്തിനും കേസെടുത്തിട്ടുണ്ട്.
പീഡനത്തിന് ഇരയാക്കിയ സ്പായിലെ സന്ദർശകരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. മലയാളവും തമിഴും സംസാരിക്കുന്നവർ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്പായിൽ സി.സി.ടി.വി ദൃശ്യങ്ങളോ സന്ദർശക രജിസ്റ്ററോ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയായിട്ടുണ്ട്. ഇതോടെ സ്പാ നടത്തിപ്പുകാരുടെ ഫോൺവിളി വിവരങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

