സ്പാ സെന്ററുകൾ ലഹരിവിൽപനയുടെ കേന്ദ്രങ്ങളാകുന്നു; നിരീക്ഷണം ശക്തമാക്കി എക്സൈസ്
text_fieldsകൽപറ്റ: ഓണത്തിന് വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്പാ സെന്ററുകളിലും തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ലഹരിമാഫിയ കൂടുതൽ സജീവമാകാൻ സാധ്യതയുണ്ടെന്ന് എക്സൈസിന്റെ മുന്നറിയിപ്പ്. സ്ഥാപനത്തിലെ ഉടമകളും ജീവനക്കാരും ഈ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിലോ എക്സൈസിലോ വിവരം നൽകണമെന്നും അധികൃതർ അറിയിച്ചു.
തളിപ്പുഴയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 2.229 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരി സ്വദേശി വി.സി. സായൂജിനെ (36) പിടികൂടിയിരുന്നു. ലഹരിമരുന്ന് വിൽപനയ്ക്കായി ഉപയോഗിച്ച മൊബൈൽ ഫോണും ലഹരി വിൽപനയിലൂടെ ലഭിച്ച 10,000 രൂപയും എക്സൈസ് പിടിച്ചെടുത്തു. സ്പായിൽ എത്തുന്നവരെ ലക്ഷ്യമിട്ടാണ് ലഹരിവിൽപന നടത്തുന്നത്. മറ്റു ജില്ലകളിൽ നിന്നുള്ളവർ അടങ്ങിയ വൻ റാക്കറ്റാണ് ഇതിനു പിന്നിലെന്ന് എക്സൈസ് പറയുന്നു. വൈത്തിരി, ബത്തേരി താലൂക്കുകളിലായാണ് കൂടുതൽ സ്പാ സെന്ററുകളുടെയും പ്രവർത്തനം.
സ്ത്രീകളടക്കമുള്ളവർ ലഹരിക്കടത്തിലെ കണ്ണികളാകുന്ന കേസുകളും വർധിക്കുന്നതായി എക്സൈസ് പറയുന്നു. പെട്ടെന്നു പണമുണ്ടാക്കാമെന്നതും പെട്ടെന്ന് പിടിവീഴില്ലെന്നതുമാണു ലഹരിക്കടത്തിലേക്ക് ഇവരെ ആകർഷിക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളാണ് ഇവരുടെ ലക്ഷ്യം. ചോദിക്കുന്ന പണം ലഭിക്കുമെന്നതും പിന്നീട് തുടർച്ചയായി ബന്ധം സ്ഥാപിക്കുന്നതിലൂടെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ലഹരിക്കടത്ത് എളുപ്പമാക്കാവുന്നതുമാണ് കാരണം. കഞ്ചാവിനു പുറമേ എം.ഡി.എം.എ, എൽ.എസ്.ഡി, കെറ്റമിൻ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസലഹരികളും വിറ്റഴിക്കുന്നുണ്ട്.
ലഹരിമരുന്നുകൾ വിതരണം ചെയ്യുന്നതിനായി പ്രാദേശികമായി ഏജന്റുമാരെ നിയമിക്കുകയും മുകളിലുള്ള സംഘം ഇവരിലേക്ക് സാധനങ്ങൾ എത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ആളുകളെ ചോദ്യം ചെയ്യാനിരിക്കുകയാണ് എക്സൈസ്. ലഹരിവിൽപന സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നതായി എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

