Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദക്ഷിണേന്ത്യൻ...

ദക്ഷിണേന്ത്യൻ ശാസ്ത്രമേളക്ക്​ തൃശൂരിൽ തുടക്കം

text_fields
bookmark_border
science fair
cancel

തൃശൂർ: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നോളജിക്കൽ മ്യൂസിയവും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഒരുക്കുന്ന 34-ാമത് ദക്ഷിണേന്ത്യൻ ശാസ്ത്രമേള തൃശൂരിൽ തുടങ്ങി. കാൽഡിയൻ സിറിയൻ ഹയർ സെക്കന്ററി സ്കൂൾ അഞ്ച് നാൾ വേദിയാകുന്ന മേളയുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽനിന്ന്​

കാൽഡിയൻ സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ശാസ്ത്ര പരീക്ഷണങ്ങളോടെയാണ് മേള തുടങ്ങിയത്. ശാസ്ത്രത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്കരണമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രാവബോധവും യുക്തിചിന്തയും പ്രധാനമാണെന്ന നിലപാടാണുള്ളത്. ഇതൊരു നിരന്തര പ്രവർത്തനമാക്കി മാറ്റേണ്ടതുണ്ട്. നിലവിൽ നടന്നു വരുന്ന ശാസ്ത്രമേളകൾ കൂടുതൽ വിപുലീകരിക്കാനും അർത്ഥ പൂർണ്ണമാക്കാനുമുള്ള നടപടികൾ ആലോചിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

ഓരോ കുട്ടിയിലും ശാസ്ത്രാവബോധം വളർത്തുക എന്നതാണ് സർക്കാർ ലക്ഷ്യം. ശാസ്ത്രത്തിന് മാത്രമേ ലോകത്തെ മുന്നോട്ട് നയിക്കാനാകൂ. ശൂന്യാകാശ ശാസ്ത്രത്തിലും നാനോ സയൻസിലും നാം മുന്നേറണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജാതിവ്യവസ്ഥയും അന്ധവിശ്വാസവും സമൂഹത്തിൽ പിടിമുറുക്കുന്ന കാലമാണിത്. പുതിയ തലമുറ ശാസ്ത്രീയമായി ചിന്തിച്ചു കൊണ്ട് ഇതിനെതിരെ പോരാടണം. ശാസ്ത്ര ചിന്തയിലൂടെയും പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും ലോകത്തിന്റെ നെറുകയിൽ എത്താനാകണമെന്നും വിദ്യാർത്ഥികളോട് മന്ത്രി പറഞ്ഞു.

മനുഷ്യന്റെ ജീവിതം കൂടുതൽ സുഖകരവും സമത്വ പൂർണവുമാകാൻ സഹായിക്കുന്ന കണ്ടുപിടുത്തങ്ങൾ സംഭാവന ചെയ്യാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു. കുട്ടികളുടെ ഗവേഷണ താൽപര്യവും ശാസ്ത്രാഭിരുചിയും വളർത്താൻ ഇത്തരം ശാസ്ത്ര മേളകളിലൂടെ സാധിക്കുമെന്ന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. കേരളത്തിന് പുറമെ കർണാടകം, തെലുങ്കാന, കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ ഇരുനൂറോളം പേരാണ് മേളയുടെ ഭാഗമാവുക.

വിദ്യാർത്ഥികൾക്കുള്ള ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങൾക്ക് പുറമെ അധ്യാപകർക്കായി പ്രത്യേക മത്സരങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കും. സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.

ടി.എൻ. പ്രതാപൻ എം.പി, പി. ബാലചന്ദ്രൻ എം.എൽ.എ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വി.ഐ.ടി.എം ഡയറക്ടർ കെ.എ. സാധന, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, കാൽഡിയൻ സിറിയൻ ചർച്ച് കോർപ്പറേറ്റ് മാനേജർ സിസ്റ്റർ ഡോ. ഒ.യു. ജീൻസി, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, അഡീഷണൽ ഡി.ജി.ഇ എം.കെ. ഷൈൻ മോൻ, എസ്.എസ്​.കെ ഡി.പി.സി ഡോ. എൻ.ജെ. ബിനോയ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം. ശ്രീജ എന്നിവർ പങ്കെടുത്തു.

Show Full Article
TAGS:science fair begins thrissur 
News Summary - South Indian Science Fair begins in Thrissur
Next Story