ഉറവിടം ജിതിൻ ഭാസ്കരൻതന്നെ; കാഫിർ സ്‌ക്രീൻഷോട്ടിൽ എസ്.ഐ.ടി നിഗമനം
text_fieldsവടകര: വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഉറവിടം ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കരനെന്ന നിഗമനത്തിൽ എസ്.ഐ.ടി. പ്രതി ജിതിൻ ഭാസ്കരനെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക സൂചനകൾ എസ്.ഐ.ടിക്ക് ലഭിച്ചതായാണ് വിവരം.
മൊബൈൽ ഫോണിലെ വിവരങ്ങൾ റീസെറ്റ് ചെയ്തത് രഹസ്യങ്ങൾ ഒളിപ്പിക്കാനായിരുന്നുവെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. 2019ൽ സമാനമായ രീതിയിൽ ചില പോസ്റ്റുകൾ പാർട്ടിക്ക് വേണ്ടി നിർമിച്ച് ഭാസ്കരൻ പ്രചരിപ്പിച്ചിട്ടുണ്ട്. പാർട്ടിയുടെ സജീവ സൈബർ പോരാളി കൂടിയാണ് ഇയാൾ. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് നിർമിച്ച കാഫിർ സ്ക്രീൻ ഷോട്ട് സി.പി.എം നേതാക്കൾ ഉൾപ്പെടെ ഏറ്റെടുക്കുകയായിരുന്നു.
പിന്നീട് ഉറവിടം തിരിച്ചറിഞ്ഞതോടെ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിക്കുന്നതിൽ നിന്നും പിന്മാറി. ഇടതു സർക്കാറിന്റെ കാലത്ത് രൂപവത്കരിച്ച അന്വേഷണ സംഘം ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റായിരുന്ന റിബേഷ് രാമകൃഷ്ണനിൽ അന്വേഷണം എത്തിയതോടെ കേസ് മരവിപ്പിച്ച് നിർത്തുകയായിരുന്നു. ഇതിനു ശേഷമാണ് ജിതിൻ മൊബൈൽ ഫോൺ റീ സെറ്റ് ചെയ്തത്.
ജില്ല ഫോറൻസിക് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായിരുന്നു. ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ ലഭിക്കുന്ന മുറക്ക് മൊബൈൽ ഫോൺ തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കാനുള്ള നടപടി എസ്.ഐ.ടി സ്വീകരിക്കും.
വ്യാജ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം മനസ്സിലായതോടെ പോസ്റ്റ് ഷെയർ ചെയ്തവരിലേക്കും അന്വേഷണം നീളുമെന്നാണ് എസ്.ഐ.ടി നൽകുന്ന സൂചന. എസ്.ഐ.ടി കസ്റ്റഡിയിലുള്ള പ്രതിയെ ശനിയാഴ്ച വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ തിരികെ ഹാജരാക്കി. പ്രതിക്കായി ജാമ്യാപേക്ഷ നൽകിയെങ്കിലും വിശദമായ വാദം കേൾക്കാൻ തിങ്കളാഴ്ചത്തേക്ക് മാറ്റി. റിമാൻഡ് കാലാവധി പൂർത്തിയാകാത്തതിനാൽ പ്രതിയെ വടകര സബ് ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

