ഇരുട്ടിെൻറ ലോകത്ത് പ്രകാശേമകാൻ നമ്മുടെ ശബ്ദവും...
text_fieldsകോഴിക്കോട്: ‘ഇരുട്ടിെൻറ ലോകത്ത് പ്രകാശമേകാൻ നിങ്ങളുടെ ശബ്ദം സംഭാവന ചെയ്യൂ...’. പല സംഭാവനകളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ശബ്ദം സംഭാവന ചെയ്യുന്നത് പലർക്കും പുതിയ അറിവായിരിക്കും. കാഴ്ച പരിമിതിയുള്ളവർക്ക് കഥകളും പുസ്തകങ്ങളും കേട്ടുമനസ്സിലാക്കാനുള്ള ‘ഹാപ്പി റീഡിങ്’ കാമ്പയിനിെൻറ ഭാഗമായി സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാചകങ്ങളാണിത്.
കാഴ്ചപരിമിതരെ വായനയുടെ പുതുലോകത്തേക്ക് കൈപിടിച്ചുയർത്താൻ സന്നദ്ധ സംഘടനയായ ടീം ഇൻക്യുബേഷനും എബിലിറ്റി ഫൗണ്ടേഷനും ചേർന്ന് രൂപംനൽകിയ ആശയമാണ് സാമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. ലോകസാഹിത്യത്തിലെ മനോഹര കാവ്യങ്ങളും കഥകളുമെല്ലാം ഒരുകൂട്ടം ആളുകൾക്ക് അന്യമാകുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് ആശയം ഉടലെടുത്തത്. പുളിക്കൽ ആസ്ഥാനമായി ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എബിലിറ്റി ഫൗണ്ടേഷൻ കാഴ്ചപരിമിതി ഉള്ളവർക്കായി ‘ഉറവ’ എന്ന ഡിജിറ്റൽ ടോക്കിങ് ലൈബ്രറി ആരംഭിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇൗ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നതിനുള്ള കാമ്പയിൻ നടത്തുന്നത് കോഴിക്കോട് ആസ്ഥാനമായ ടീം ഇൻക്യുബേഷനാണ്. പ്രളയത്തിൽ അകപ്പെട്ട കുരുന്നുകൾക്കായി സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ 15,000ത്തിലധികം നോട്ട് ബുക്ക് പകർത്തി എഴുതി ശ്രദ്ധ നേടിയവരാണ് ടീം ഇൻക്യുബേഷൻ.
പുസ്തകം വായിച്ച് റെേക്കാഡ് ചെയ്യാൻ സന്നദ്ധതയുള്ളവർ ടീം ഇൻക്യുബേഷനുമായി ബന്ധപ്പെടുകയാണ് ചെയ്യേണ്ടത്. ഇവരിൽനിന്ന് പുസ്തകങ്ങൾ റെക്കോഡ് ചെയ്യാനുള്ള നിർദേശങ്ങൾ കിട്ടും. സാഹിത്യ രചനകൾ വായിച്ച് റെക്കോഡ് ചെയ്ത ശേഷം കാഴ്ചപരിമിതർക്കുള്ള പ്രത്യേക ഫോർമാറ്റായ ‘ഡേയ്സി’ (Digitally Accessible Information System) ആയി മാറ്റിയാണ് പുസ്തകങ്ങൾ തയാറാക്കുന്നത്. ഒരു തലക്കെട്ടിൽനിന്ന് മറ്റൊരു തലക്കെട്ടിലേക്കും ഒരു പേജിൽനിന്ന് മറ്റൊരു പേജിലേക്കും എളുപ്പം മാറാൻ സാധിക്കും. കമ്പ്യൂട്ടറോ മൊബൈലോ ഉപയോഗിച്ച് റെക്കോഡും ചെയ്യാം. ഒാരോ പുസ്തകത്തെയും പൂർണമായി ശബ്ദരൂപത്തിലാക്കുകയാണ് ചെയ്യുക. സമൂഹമാധ്യമങ്ങൾ വഴി കാമ്പയിൻ ആരംഭിച്ച് ഒരാഴ്ചകൊണ്ട് നാനൂറോളം പേർ പുസ്തകങ്ങൾ വായിച്ച് റെക്കോഡ് ചെയ്ത് നൽകാൻ സന്നദ്ധത അറിയിച്ചതായി ടീം ഇൻക്യുബേഷൻ കോഒാഡിനേറ്റർമാരിൽ ഒരാളായ നബീൽ മുഹമ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
