‘സൗമ്യക്ക് സംഭവിച്ച അതേ രീതിയിലാണ് ഇതും; അന്ന് അത്രയും ആൾക്കാർ ഉണ്ടായിട്ടും എന്റെ കുട്ടിയെ രക്ഷിക്കാനായില്ലല്ലോ...’ -സൗമ്യയുടെ അമ്മ
text_fieldsതൃശൂർ: തന്റെ മകൾക്കുനേരെയുണ്ടായ ആക്രമണത്തിന് സമാനമാണ് വർക്കലയിലുണ്ടായതെന്ന് ട്രെയിൻ യാത്രക്കിടെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി. സൗമ്യക്ക് സംഭവിച്ചത് വേറെ ആർക്കും സംഭവിക്കരുത് എന്ന് 15 വർഷമായി താൻ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
‘സൗമ്യക്ക് സംഭവിച്ച അതേ രീതിയിലാണ് ഇപ്പോ ഈ സംഭവം നടന്നിരിക്കുന്നത്. ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി പുറത്തിടുക എന്ന് പറഞ്ഞാൽ ഉൾക്കൊള്ളാൻ പറ്റാത്ത കാര്യമാണ്. എന്തെങ്കിലും സംഭവിച്ചാൽ മാത്രം സുരക്ഷയെ കുറിച്ച് പറഞ്ഞാൽ പോര. ട്രെയിനിന്റെ ഉള്ളിൽ സുരക്ഷ ഏർപ്പെടുത്തണം. അത് നിർബന്ധമുള്ള കാര്യമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കണം. ഇങ്ങനെ മദ്യപിച്ചും മറ്റും ചിലർ ട്രെയിനിൽ കയറുകയാണ്. ഇനി ഒരു സൗമ്യ ഉണ്ടാവരുത് എന്ന് ഞാൻ 15 കൊല്ലമായിട്ട് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നിട്ടും ഇത് സംഭവിക്കുന്നു. റെയിൽവെ ചെയ്തു കാണിക്കുകയാണ് വേണ്ടത്. വാക്കുകൊണ്ട് മാത്രം പോരാ.
സ്ത്രീകളുടെ കമ്പാർട്ട്മെന്റിൽ വെച്ചാണ് സൗമ്യക്ക് നേരെ ആക്രമണമുണ്ടായത്. ഇപ്പോൾ ഈ കുട്ടിക്ക് ജനറൽ കമ്പാർട്ട്മെന്റിൽ വെച്ചാണ് സംഭവിച്ചത്. പ്രായമുള്ളവരായാലും കുട്ടികളായാലും ഒറ്റപ്പെട്ടു കഴിഞ്ഞാൽ പിന്നെ എന്താണ് അവിടെ സംഭവിക്കാൻ പോകുന്നത് എന്ന് പറയാൻ പറ്റില്ല. ഈ കുട്ടിയുടെ കൂടെയുള്ള ആൾക്കാർ പ്രതികരിച്ചു. അതുകാരണം വേറെ ആപത്തുകൾ ഉണ്ടായില്ല. അല്ലായിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ? ഈ ട്രെയിൻ മെല്ലെ പോകുമ്പോഴാണ് ആക്രമിച്ചതെന്ന് പറയുന്നു. അതുപോലുള്ള സമയത്തായിരുന്നു സൗമ്യക്കും സംഭവിച്ചത്.
ഇതുപോലെ വല്ല സംഭവവും കണ്ടാൽ ഒന്ന് തിരിഞ്ഞുനോക്കാനുള്ള മനസ്സ് കാണിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ചിലപ്പോൾ ഒരു ജീവൻ രക്ഷപ്പെടുത്താൻ നമുക്ക് കഴിഞ്ഞെന്ന് വരും. അത് വലിയൊരു കാര്യമാണ്. അന്ന് അത്രയും ആൾക്കാർ ട്രെയിനിൽ ഉണ്ടായിട്ടും എന്റെ കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്താനായില്ലല്ലോ... ’ -സുമതി പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് മദ്യപൻ 19കാരിയെ ചവിട്ടി പുറത്തേക്ക് തള്ളിയിട്ടത്. സാരമായി പരിക്കേറ്റ പാലോട് സ്വദേശിയായ ശ്രീക്കുട്ടി 48 മണിക്കൂർ നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ പറഞ്ഞു. ശ്രീക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാര്‍ തള്ളിയിരുന്നു. എന്നാല്‍ യാത്രക്കാരിലൊരാളാണ് ഈ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പിന്നാലെ പ്രതിയെ യാത്രക്കാര്‍ പിടിച്ചുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

