‘എന്റെ ഭർത്താവ് തോറ്റിട്ടുണ്ട്; ഒന്നല്ല, രണ്ടു തവണ... തോൽവിയിലും അയാൾ കാരണം തലകുനിക്കേണ്ടി വന്നിട്ടില്ല, ആർക്കും ഒന്നും കലക്കാൻ ഗുളികയും നൽകിയിട്ടില്ല’ - സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ
text_fieldsകോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ആരോപണ പ്രത്യാരോപണങ്ങൾക്കും, ആക്രമണങ്ങൾക്കുമിടെ വിമർശകർക്ക് മറുപടിയുമായി പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. പി സരിന്റെ ഭാര്യ ഡോ. സൗമ്യ സരിൻ.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണങ്ങളുമായി യുവതികൾ രംഗത്തെത്തിയതിനു പിന്നാലെ സി.പി.എം നേതാവ് ഡോ. സരിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ സൈബർ ആക്രമണങ്ങൾക്ക് വിധേയനായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഭാര്യ ഡോ. സൗമ്യ സരിന്റെ ഫേസ് ബുക് പേജിലും കമന്റുകളായി ആക്രമണങ്ങൾ സജീവമായി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് മത്സരിച്ച് തോറ്റ സ്ഥാനാർഥിയെന്ന നിലയിലായിരുന്നു എതിരാളികൾ ഡോ. സരിനെ ലക്ഷ്യമിട്ടത്. തോറ്റ എം.എൽ.എ, കോഗ്രസ് വിട്ട നേതാവ് തുടങ്ങി വിവിധ ആക്ഷേപങ്ങളുമായി രാഹുൽ അനുയായികൾ സരിനെതിരെ വിമർശനമുന്നയിച്ചു. ഇതിനുള്ള മറുപടിയായാണ് രണ്ടു തവണ തോറ്റിരുന്നുവെന്നും എന്നാൽ, അതിന്റെ പേരിൽ തനിക്ക് തലകുനിക്കേണ്ടി വന്നില്ലെന്നുമുള്ള മറുപടിയുമായി സൗമ്യ രംഗത്തെത്തിയത്.
രാഹുലിനെതിരെ യുവനടി ആരോപണവുമായി രംഗത്തു വന്നതിനു പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചപ്പോഴും കുടുംബ ഫോട്ടോ പങ്കുവെച്ച് സൗമ്യ സരിൻ പ്രതികരിച്ചിരുന്നു.
സൗമ്യ സരിന്റെ ഫേസ് ബുക് പോസ്റ്റ്...
‘തോറ്റ MLA' 😊
ശരിയാണ്... എന്റെ ഭർത്താവ് തോറ്റിട്ടുണ്ട്.
ഒന്നല്ല, രണ്ടു തവണ... രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിൽ...
പക്ഷെ ഒരു വ്യത്യാസമുണ്ട്.
തോൽവിയാണെങ്കിലും നല്ല പകൽ വെളിച്ചത്തിൽ...
മാന്യമായി...
തോൽവിയിലും അന്തസ്സ് എന്നൊന്നുണ്ടേ!
എല്ലാ ജയത്തിലും ഈ പറഞ്ഞ സാധനം ഉണ്ടാവണമെന്നും ഇല്ല കേട്ടോ...
അതുകൊണ്ട് ഈ തോൽവിയിൽ എന്നല്ല, ഒന്നിലും അയാളെ പ്രതി എനിക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല!
ഇനി ഗുളിക...
മൂപ്പര് അധികം കഴിക്കാറില്ല... വല്ല പനിയോ ജലദോഷമോ വന്നാൽ, അതും ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചാൽ, ചിലപ്പോ കഴിക്കും!
പക്ഷെ ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ല!
ആർക്കെങ്കിലും അറിവുണ്ടെങ്കിൽ പറയണം!
അപ്പൊ സംശയങ്ങൾ ഓക്കെ മാറിയല്ലോ അല്ലേ?
വിട്ടു പിടി ചേട്ടാ...
സ്വന്തം കാലിലെ മന്ത് മാറ്റിയിട്ടു പോരെ മറ്റവന്റെ കാലിലെ ചൊറി നോക്കാൻ പോകുന്നത്! 😀
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

