സൗമ്യ: അന്വേഷണം കൊലപാതകത്തിൽ ഒതുങ്ങി; സെക്സ് റാക്കറ്റിലേക്ക് നീണ്ടില്ല
text_fieldsതലശ്ശേരി: പ്രതി സൗമ്യയുടെ മരണത്തോടെ പിണറായി കൂട്ടക്കൊല കേസിന് തിരശ്ശീല വീഴുേമ്പാൾ ചോദ്യങ്ങൾ ബാക്കി. കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയത് സൗമ്യ തനിച്ചാണെന്നാണ് പൊലീസ് കുറ്റപത്രം. എന്നാൽ, ബന്ധുക്കളും നാട്ടുകാരും അത് പൂർണമായും വിശ്വസിക്കുന്നില്ല. സൗമ്യക്ക് അടുത്തബന്ധമുണ്ടായിരുന്ന ഇരിട്ടി കേന്ദ്രീകരിച്ചുള്ള പെൺവാണിഭസംഘത്തിന് നേരെയാണ് സംശയത്തിെൻറ ചൂണ്ടുവിരൽ ഉയരുന്നത്. ആനിലക്ക് കാര്യമായ അന്വേഷണം കേസിെൻറ ഒരുഘട്ടത്തിലുമുണ്ടായില്ല. സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം വിസമ്മതിച്ചതിന് പറഞ്ഞ കാരണവും അതാണ്. സൗമ്യ തെറ്റ് ചെയ്തുവെന്ന് ഉറപ്പിക്കുേമ്പാഴും അതിലേക്ക് സൗമ്യയെ നയിച്ചവർ രക്ഷെപ്പടുകയാണുണ്ടായതെന്ന് ഇവർ കരുതുന്നു.
പിണറായി കൂട്ടക്കൊല കേസിെൻറ കുറ്റപത്രം സമർപ്പിക്കുകയും വിചാരണ തുടങ്ങാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സൗമ്യ ജീവനൊടുക്കിയത്. സൗമ്യ സ്വന്തം മകളെയും മാതാപിതാക്കളെയും വകവരുത്തിയതിന് പിന്നിൽ പെൺവാണിഭ സംഘത്തിലെ ചിലരുടെ പ്രേരണയോ സഹായമോ ഉണ്ടെന്ന് പൊലീസ് തുടക്കം മുതൽ സംശയിച്ചിരുന്നു. നാലു കൊലപാതകങ്ങളും താൻ തനിച്ച് നടത്തിയെന്ന മൊഴിയാണ് പൊലീസ് പലകുറി ചോദ്യംചെയ്തപ്പോഴും സൗമ്യ നൽകിയത്.
പൊലീസ് മുമ്പാകെ മൂടിവെച്ച കാര്യങ്ങൾ കോടതിയിൽ വെളിപ്പെടുത്തുമെന്ന് സൗമ്യ പറഞ്ഞതായി ജയിലിൽ അവരെ സന്ദർശിച്ചവരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. അത് ജയിൽവളപ്പിൽ സൗമ്യ തൂങ്ങിമരിച്ചതിന് ദുരൂഹത ഏറ്റുന്ന ഘടകമാണ്. ജയിലിലെ പശുവിന് പുല്ലരിയാൻ പോയ സൗമ്യയെ സഹതടവുകാരിയുടെ സാരിയിൽ കശുമാവിൻകൊമ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയാണുണ്ടായത്.
തെൻറ കാമുകന്മാരെക്കുറിച്ചും സൗമ്യ മൊഴിനൽകിയിരുന്നു. ഇവരെയൊക്കെയും അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. സൗമ്യയുമായി വഴിവിട്ട ബന്ധം പുലർത്തിയിരുന്നെങ്കിലും കൊലപാതകത്തിൽ ഇവർക്ക് പങ്കില്ലെന്നാണ് പൊലീസ് വിലയിരുത്തിയത്. മറ്റാർക്കും പങ്കില്ലെന്ന സൗമ്യയുടെ മൊഴിയാണ് അതിന് പൊലീസ് പ്രധാനമായും അവലംബിച്ചത്. കാര്യമായി അന്വേഷിച്ചിരുന്നുവെങ്കിൽ കൊടുംക്രൂരതക്ക് സൗമ്യയെ പ്രേരിപ്പിച്ചവരെ കണ്ടെത്താൻ കഴിയുമായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.സൗമ്യയുമായി അടുപ്പമുണ്ടായിരുന്ന ഇരിട്ടിയിലെ പെൺവാണിഭസംഘം മേഖലയിലെ പ്രമുഖർക്ക് വേണ്ടപ്പെട്ടവരാണ്. അന്വേഷണം പെൺവാണിഭസംഘത്തിലേക്ക് കാര്യമായി പോകാതിരുന്നതിന് ഉന്നതസ്വാധീനവും കാരണമായിരിക്കാമെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
