സൗഖ്യം സദാ: 343 പഞ്ചായത്തുകളില്‍ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം
text_fieldsതിരുവനന്തപുരം: 'സൗഖ്യം സദാ' ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 22 ഞായറാഴ്ച ഉച്ചക്ക് 2.30ന് പത്തനംതിട്ട മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തില്‍ വച്ച് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആധുനിക ലോകത്തെ അശാസ്ത്രീയമായ മരുന്നുപയോഗ ശീലങ്ങള്‍ തിരിച്ചറിയുന്നതിലൂടെ സ്വയം പാകപ്പെടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കി അവരിലൂടെ സമൂഹത്തില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 21 മുതല്‍ ആരംഭിക്കുന്ന എന്‍.എസ്.എസ്. ക്യാമ്പുകളില്‍ പതിനേഴായിരത്തോളം വരുന്ന വി.എച്ച്.എസ്.ഇ. എന്‍.എസ്.എസ്. വിദ്യാർഥികള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ സ്പാര്‍ക്ക് പദ്ധതി പ്രമേയങ്ങള്‍ ഉള്‍ക്കൊണ്ട് 343 പഞ്ചായത്തുകളിലെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നു.
അശാസ്ത്രീയമായ മരുന്നുപയോഗത്തിന്റെയും ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചും ആന്റിബയോട്ടിക് പ്രതിരോധം തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളെക്കുറിച്ചും ഇവര്‍ അവബോധ പ്രവര്‍ത്തനം നടത്തും.
പൊതുജനാരോഗ്യത്തിന് ഭീഷണിയായി ഉയര്‍ന്നുവരുന്ന ആന്റിമൈക്രോബിയല്‍ പ്രതിരോധത്തെ ഫലപ്രദമായി ചെറുക്കുന്നതിന് സംസ്ഥാന സര്‍ക്കാരും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പും ഒട്ടേറെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കുകയും സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ 'അമൃത്', 'വെറ്റ്ബയോട്ടിക്', 'ഓപ്പറേഷന്‍ ഡബിള്‍ ചെക്ക്' തുടങ്ങിയ പേരുകളില്‍ റെയ്ഡുകള്‍ നടത്തുകയും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടമായാണ് 'സൗഖ്യം സദാ' ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

