തിരുവനന്തപുരം: സ്വർണക്കടത്ത് സംഭവം സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചിരിക്കെ സർക്കാറിനെ രാഷ്ട്രീയ സമ്മർദത്തിലാക്കാനുറച്ച് കോൺഗ്രസും യു.ഡി.എഫും.
സ്വർണക്കടത്തിൽ പങ്കാളിയായ സ്ത്രീക്ക് സംസ്ഥാന സർക്കാറുമായും മുഖ്യമന്ത്രിയുടെ ഒാഫിസുമായുമുള്ള ബന്ധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെത്തന്നെ ഉന്നമിട്ട് നീങ്ങാനാണ് തീരുമാനം. മുഖ്യമന്ത്രി രാജിവെച്ച് സി.ബി.െഎ അന്വേഷണത്തിന് തയാറാകണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സർക്കാറിനെതിരായ പ്രചാരണപരിപാടികളും സമരങ്ങളും ശക്തമാക്കും.
കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തെഴുതിയെങ്കിലും സി.ബി.ഐഅന്വേഷണത്തിന് മന്ത്രിസഭ തീരുമാനിക്കണമെന്ന ആവശ്യം ഉയര്‍ത്തി സമരം തുടങ്ങാനാണ് നീക്കം. കോവിഡ് സാഹചര്യം പ്രക്ഷോഭങ്ങളുടെ ശക്തി ചോരാൻ കാരണമാകുന്നുണ്ടെങ്കിലും പോഷകസംഘടനകളെക്കൂടി സജീവമായി രംഗത്തിറക്കി പോരാട്ടം പരമാവധി ശക്തമാക്കാനാണ് ഒരുങ്ങുന്നത്. ഇക്കാര്യം ആലോചിക്കാൻ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയുടെ അടിയന്തര യോഗം വെള്ളിയാഴ്ച ഓണ്‍ലൈന്‍വഴി ചേരും.
തിങ്കളാഴ്ച യു.ഡി.എഫ് അടിയന്തര യോഗം ചേരും. സമരങ്ങൾക്ക് പുറമെ നിയമവഴികളെക്കുറിച്ചും യോഗങ്ങളിൽ ആലോചനകളുണ്ടാകും. ആരോപണവിധേയ സ്ത്രീയുടെ പുറത്തുവന്ന ശബ്ദരേഖയും കോണ്‍ഗ്രസ് ആയുധമാക്കിക്കഴിഞ്ഞു. ശബ്ദരേഖ പുറത്തുവിടാന്‍ സര്‍ക്കാര്‍ സഹായം ഉണ്ടെന്നാണ് ആരോപണം.